ഐഎസ്‌എല്ലിന്‌ നാളെ കിക്കോഫ്‌ ; ആദ്യകളി ബഗാൻ x മുംബെെ



കൊൽക്കത്ത ഇന്ത്യൻ സൂപ്പർ ലീഗ്‌ ഫുട്‌ബോളിന്റെ 11–-ാം പതിപ്പിന്‌ നാളെ കൊൽക്കത്തയിൽ കിക്കോഫ്‌. ഷീൽഡ്‌ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്‌സിയെ നേരിടും. കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ 15ന്‌ കൊച്ചിയിൽ പഞ്ചാബ്‌ എഫ്‌സിയുമായാണ്‌ ആദ്യകളി. ഐ ലീഗ്‌ ചാമ്പ്യൻമാരായ മുഹമ്മദൻസ്‌ ഉൾപ്പെടെ 13 ടീമുകളാണ്‌ ഇക്കുറി രംഗത്ത്‌. കൊൽക്കത്തയിൽനിന്നുള്ള മൂന്നാമത്തെ ടീമാണ്‌ മുഹമ്മദൻസ്‌. ബഗാനും ഈസ്‌റ്റ്‌ ബംഗാളും കരുത്തോടെയുണ്ട്‌. ബ്ലാസ്‌റ്റേഴ്‌സ്‌, ഡ്യൂറൻഡ്‌ കപ്പ്‌ ചാമ്പ്യൻമാരായ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌ എഫ്‌സി, ബംഗളൂരു എഫ്‌സി, എഫ്‌സി ഗോവ, ഒഡിഷ എഫ്‌സി ടീമുകളും കരുത്തൻമാരുടെ പട്ടികയിലുണ്ട്‌. ചെന്നൈയിൻ എഫ്‌സി, പഞ്ചാബ്‌ എഫ്‌സി, ജംഷഡ്‌പുർ എഫ്‌സി, ഹൈദരാബാദ്‌ എഫ്‌സി ടീമുകളും പ്രതീക്ഷയോടെ ഇറങ്ങുന്നു. ബഗാനും മുംബൈയുമാണ്‌ സാധ്യതകളിൽ മുന്നിൽ. മികച്ച വിദേശനിരയുണ്ട്‌ ഇരുടീമുകൾക്കും. ആഭ്യന്തര യുവതാരങ്ങളും തിളങ്ങും.  മലയാളിതാരങ്ങളും ഇക്കുറി പ്രതീക്ഷയിലാണ്‌. ബഗാന്റെ ജാമി മക്‌ലാരൻ, ജാസൺ കമ്മിങ്‌സ്‌,  ഈസ്‌റ്റ്‌ ബംഗാൾ മുന്നേറ്റക്കാരൻ ദിമിത്രിയോസ്‌ ഡയമന്റാകോസ്‌, എഫ്‌സി ഗോവ താരം അർമാൻഡോ സാദിക്കു, കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജീസസ്‌ ജിമെനെസ്‌, മുംബൈയുടെ നിക്കോളാസ്‌ കരെലസ്‌ എന്നിവരാണ്‌ ഈ സീസണിലെ ശ്രദ്ധേയ താരങ്ങൾ. യുവതാരങ്ങളിൽ വിബിൻ മോഹനൻ, പി വി വിഷ്‌ണു, ഹുയ്‌ദ്രോം തോയ്‌സിങ്‌, അഭിഷേക്‌ സിങ്‌ എന്നിവരും ഈ സീസണിൽ അത്ഭുതങ്ങൾ കാട്ടിയേക്കും. Read on deshabhimani.com

Related News