ഇനിയേസ്റ്റ വിരമിക്കുന്നു; ജെഴ്‌സി നമ്പറിനോടുള്ള ആദര സൂചകമായി പ്രഖ്യാപനം എട്ടിന്‌

image credit Andres Iniesta facebook


ബാഴ്‌സലോണ > സ്‌പെയ്‌നിന്റെയും എഫ്‌ സി ബാഴ്‌സലോണയുടേയും ഇതിഹാസ താരമായ ആന്ദ്രേസ്‌ ഇനിയേസ്റ്റ കളി മതിയാക്കുന്നു. 40-ാം വയസിലാണ്‌ താരം വിരമിക്കാനൊരുങ്ങുന്നത്‌. ഇനിയേസ്റ്റയുടെ ജെഴ്‌സി നമ്പറിനോടുള്ള ആദര സൂചകമായി ഒക്‌ടോബർ എട്ടിന്‌ താരം ഔദ്യോഗികമായി വിരമിക്കൽ തീരുമാനം അറിയിക്കുമെന്നാണ്‌ റിപ്പോർട്ട്‌. ഇനിയേസ്റ്റ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയെ അടിസ്ഥാനപ്പെടുത്തിയാണ്‌ അന്താരാഷ്‌ട്ര മാധ്യമങ്ങൾ ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്‌. 2018ലെ ഫുട്‌ബോൾ ലോകകപ്പോടെ താരം അന്താരഷ്‌ട്ര ഫുട്‌ബോളിൽ നിന്ന്‌ വിരമിച്ചിരുന്നു. അതേ വർഷം തന്നെയാണ്‌ തന്റെ കുട്ടിക്കാലം മുതലുള്ള ക്ലബ്ബായ ബാഴ്‌സലോണയോട്‌ ഇനിയേസ്റ്റ വിട പറഞ്ഞതും. ശേഷം ജപ്പാനിലെ വിസൽ കോബേ ടീമിന്റെ ഭാഗമായ മധ്യനിരക്കാരൻ 2023 വരെ അവിടെ തുടർന്നു. പിന്നീടുള്ള ഒരു വർഷം താരം യുഎഇയിലെ എമിറേറ്റ്‌സിന്‌ വേണ്ടിയും പന്ത്‌ തട്ടി. ബാഴ്‌സലോണയുടെ അക്കാദമിയായ ലാ മാസിയയിലൂടെ വളർന്ന്‌ വന്ന താരം ടീമിന്റെ സീനിയർ ടീമിലെ സുവർണ കാലഘട്ടത്തിലെ പ്രധാനിയായിരുന്നു. 674 തവണ ബ്ലാഗുരാന ജെഴ്‌സിയണിഞ്ഞ ഇനിയേസ്റ്റ ക്ലബ്ബിനായി 57 ഗോളുകളും 135 അസിസ്റ്റുകളും സ്വന്തമാക്കി. ഒൻപത്‌ ലാലിഗയും, നാല്‌ ചാമ്പ്യൻസ്‌ ലീഗുകളും, മൂന്ന്‌ ക്ലബ്ബ്‌ ലോകകപ്പുകളും, ആറ്‌ കോപാ ഡെൽ റേ ടൈറ്റിലുകളുമുൾപ്പെടെ 32 കിരീടങ്ങളാണ്‌ താരം ക്ലബിനോടൊപ്പം നേടിയത്‌. സ്‌പെയ്‌നിന്‌ വേണ്ടിയും ഇനിയേസ്റ്റ മികച്ച പ്രകടനം പുറത്തെടുത്തു. സ്‌പെയ്‌ൻ ലോകഫുട്‌ബോളിൽ അപരാജിതരായി വാഴുന്ന സമയത്തെ ടീമിന്റെ നെടുംതൂണുകളിലൊന്ന്‌ ഇനിയേസ്റ്റയായിരുന്നു. രണ്ട്‌ യൂറോ കപ്പുകളും ഒരു ലോകകപ്പും ടീമിനോടൊപ്പം നേടിയ താരം 131 മത്സരങ്ങളിൽ സ്‌പാനിഷ്‌ ജെഴ്‌സിയണിഞ്ഞിട്ടുണ്ട്‌. 2010 ലെ ലോകകപ്പ്‌ ഫൈനലിൽ ഇനിയേസ്റ്റ നേടിയ ഗോളിലാണ്‌ ടീം ചാമ്പ്യൻമാരാവുന്നത്‌. സ്‌പെയ്‌നിന്റെയും ബാഴ്‌സലോണയുടേയും ഒരു കാലത്തെ മധ്യനിര ഇനിയേസ്റ്റയുടേയും ചാബിയുടേയും ബുസ്‌കറ്റ്‌സിന്റേയും കാലുകളിലായിരുന്നു. ഈ ത്രയത്തിന്റെ ഭാഗമാവാൻ സാധിച്ചതും താരത്തിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്‌. ലയണൽ മെസിയോടൊപ്പമുള്ള ഇനിയേസ്റ്റയുടെ കൂട്ടുകെട്ടും ശ്രദ്ധേയമാണ്‌. പെപ്‌ ഗ്വാർഡിയോള ടികി ടാക എന്ന ശൈലിയെ ബാഴ്‌സലോണയിലൂടെ ലോകത്തിനവതരിപ്പിക്കുമ്പോൾ ഇനിയേസ്റ്റ അതിൽ പ്രധാന പങ്ക്‌ വഹിക്കുകയും ചെയ്തു. ഡോൺ ആന്ദ്രേസ് എന്ന വിളിപ്പേരിലറിയപ്പെട്ട ഇനിയേസ്റ്റ ചാമ്പ്യൻസ് ലീഗ്, ലോകകപ്പ്, യൂറോ കപ്പ് തുടങ്ങിയ എല്ലാ പ്രധാന ഫെെനലുകളിലും മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയിട്ടുമുണ്ട്.         View this post on Instagram                       A post shared by Andres Iniesta (@andresiniesta8) Read on deshabhimani.com

Related News