ബിഹാറുകാരൻ വെെഭവ് സൂര്യവൻഷി; ഐപിഎൽ ലേലത്തിന് പതിമൂന്നുകാരനും
മുംബൈ ഐപിഎൽ താരലേലത്തിൽ ഒരു പതിമൂന്നുകാരൻ. ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻവിസ്‌മയമായ വൈഭവ് സൂര്യവൻഷിയാണ് അടുത്ത സീസണിലേക്കുള്ള ലേലപട്ടികയിൽ ഉൾപ്പെട്ടത്. ഇന്ത്യൻ അണ്ടർ 19 താരമായ ബിഹാറുകാരൻ ഇടംകൈയൻ ബാറ്ററാണ്. ഐപിഎൽ ചരിത്രത്തിൽ ലേലപട്ടികയിൽ ഇടംപിടിക്കുന്ന പ്രായംകുറഞ്ഞ താരമാണ്. നവംബർ 24നും 25നും സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുന്ന താരലേലത്തിന്റെ പ്രധാന ആകർഷകമായി മാറിക്കഴിഞ്ഞു കുഞ്ഞ് വൈഭവ്. ഏതെങ്കിലും ടീം തെരഞ്ഞെടുക്കുകയും ഐപിഎല്ലിൽ കളിപ്പിക്കുകയും ചെയ്‌താൽ അത് മറ്റൊരു നാഴികക്കല്ലാകും. ലീഗ് കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനാകും. നിലവിൽ ബംഗാൾതാരം പ്രയാസ് റായ് ബർമന്റെ പേരിലാണ് ഈ റെക്കോഡ്. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി കളിക്കുമ്പോൾ 16 വർഷവും 157 ദിവസവുമായിരുന്നു പ്രയാസിന്റെ പ്രായം. നാലാംവയസ്സിൽ കളി തുടങ്ങിയതാണ് വൈഭവ്. 2011ൽ ബിഹാറിലെ തജ്‌പുരിലാണ് ജനനം. ഐപിഎൽ ആരംഭിച്ചത് 2008ലാണെന്ന് ഓർക്കണം. മകന്റെ ക്രിക്കറ്റ് പ്രേമം തിരിച്ചറിഞ്ഞ അച്ഛൻ സഞ്‌ജീവാണ് പ്രോത്സാഹനം നൽകിയത്. വീട്ടുമുറ്റത്ത് കളമൊരുക്കി പരിശീലനം ആരംഭിച്ചു. ഒമ്പതാം വയസ്സിൽ അക്കാദമിയിൽ. രണ്ടരവർഷംകൊണ്ട് സംസ്ഥാന അണ്ടർ 16 ടീമിൽ ഇടംപിടിച്ചു. പിന്നീട് തിരിഞ്ഞുനോട്ടമുണ്ടായില്ല. ഈ സീസണിൽ സീനിയർ ടീമിനായി അരങ്ങേറി. രഞ്‌ജി കളിച്ചു. ടൂർണമെന്റ് കളിക്കുന്ന പ്രായംകുറഞ്ഞ രണ്ടാമത്തെ താരമാണ്. ഓസ്‌ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ ചതുർദിന ടെസ്റ്റിൽ 58 പന്തിൽ സെഞ്ചുറി അടിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു. ഇംഗ്ലണ്ടിന്റെ നാൽപ്പത്തിരണ്ടുകാരൻ പേസർ ജയിംസ് ആൻഡേഴ്‌സണാണ് ഐപിഎൽ ലേലത്തിലെ മുതിർന്ന കളിക്കാരൻ. Read on deshabhimani.com