ഒരുങ്ങി, ഇനി പുതിയ ലക്ഷ്യം ; ഐഎസ്എൽ സീസൺ 13ന് കൊൽക്കത്തയിൽ തുടക്കം
കൊച്ചി ഐഎസ്‌എൽ ഫുട്‌ബോളിന്റെ 11–-ാംസീസണിനായി ടീമുകൾ ഒരുങ്ങി. ഇക്കുറി 12 ടീമുകളാണ് രംഗത്ത്. കൊച്ചിയിലും കൊൽക്കത്തയിലുമായി ടീമുകൾ പുതിയ സീസണിലേക്കുള്ള പ്രതീക്ഷകൾ പങ്കുവച്ചു. കൊച്ചിയിൽ നടന്ന മീഡിയ ഡേയിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്, ബംഗളൂരു എഫ്‌സി, ഐഎസ്‌എൽ ജേതാക്കളായ മുംബൈ സിറ്റി, എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി ടീമുകളാണ് പങ്കെടുത്തത്. കഴിഞ്ഞദിവസം കൊൽക്കത്തയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ്, ജംഷഡ്‌പുർ എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ്‌സി, പഞ്ചാബ് എഫ്‌സി ടീമുകളും കിരീടപ്രതീക്ഷകൾ പങ്കുവച്ചു. പതിമൂന്നിന് ഷീൽഡ് ജേതാക്കളായ മോഹൻ ബഗാൻ മുംബൈയെ നേരിടുന്നതോടെയാണ് സീസണിന് തുടക്കം. കൊൽക്കത്തയാണ് വേദി. ഐ ലീഗ് ചാമ്പ്യൻമാരായ കൊൽക്കത്തൻ ക്ലബ് മുഹമ്മദൻസാണ് നവാഗതർ. സ്ഥിരതയോടെ കളിക്കുന്ന മുംബൈ സിറ്റി ഇക്കുറിയും ഒരുങ്ങിത്തന്നെയാണ്. പീറ്റർ ക്രാറ്റ്‌കിയാണ് പരിശീലകൻ. ഇന്ത്യൻ ടീം വിങ്ങർ ലല്ലിയൻസുവാല ചാങ്‌തെയാണ് ടീം ക്യാപ്‌റ്റൻ. സ്‌പാനിഷ് മധ്യനിരക്കാരൻ ജോൺ ടൊറാലാണ് ഇക്കുറി ടീമിലെത്തിയ പ്രധാന താരം. കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേയിൽ കിരീടം സ്വപ്‌നം കാണുന്നു. മൊറോക്കൻ മുന്നേറ്റക്കാരൻ നോഹ സദൂയ് ആണ് പ്രധാന താരം. ദിമിത്രിയോസ് ഡയമന്റാകോസ്, മാർകോ ലെസ്‌കോവിച്ച്, ജീക്‌സൺ സിങ് തുടങ്ങിയ പ്രധാന താരങ്ങൾ ടീം വിട്ടുപോയത് ക്ഷീണമാണ്. സ്‌പാനിഷുകാരൻ ജീസസ് ജിമെനെസാണ് സീസണിലെത്തിയ പ്രധാന താരം. ഹൊസെ ഫ്രാൻസിസ്‌കോ മൊളീന സ്‌പാനിഷുകാരൻ പരിശീലകനുകീഴിലാണ് ബഗാൻ ഇറങ്ങുന്നത്. ഓസ്‌ട്രേലിയൻ ഗോളടിക്കാരൻ ജാമി മക്‌ലാരനാണ് ഇക്കുറി ബഗാന്റെ വജ്രായുധം. മെൽബൺ സിറ്റിക്കായി 142 കളിയിൽ 103 ഗോളാണ് മുപ്പത്തൊന്നുകാരൻ അടിച്ചുകൂട്ടിയത്. ജാസൺ കമ്മിങ്‌സ്, ദിമിത്രിയോസ് പെട്രറ്റോസ്, ഗ്രെഗ് സ്റ്റുവർട്ട് എന്നീ വിദേശതാരങ്ങളും ചേരുന്നതോടെ ടീമിന്റെ കരുത്ത് ഇരട്ടിക്കും. ലിസ്റ്റൺ കൊളാസോ, മലയാളിതാരം സഹൽ അബ്‌ദുൾ സമദ് എന്നിവരും ടീമിലെ നിർണായക താരങ്ങളാണ്. കൊൽക്കത്തയിലെ മറ്റൊരു വമ്പൻ ക്ലബ്ബായ ഈസ്റ്റ് ബംഗാൾ അടിമുടി മാറ്റത്തോടെ ഇറങ്ങുന്നു. കാർലെസ് കുദ്രത്താണ് പരിശീലകൻ. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളടിക്കാരൻ ദിമിത്രിയോസ് ഡയമന്റാകോസിനെ കൂടാരത്തിലെത്തിച്ചാണ് അവർ തുടങ്ങിയത്. മുന്നേറ്റനിരയ്‌ക്ക് കരുത്തായി നന്ദകുമാർ ശേഖറുണ്ട്. മലയാളിതാരങ്ങളായ പി വി വിഷ്‌ണു, വി പി സുഹൈർ, ടി കെ ജെസിൻ എന്നിവരും ടീമിലുണ്ട്. ഡ്യൂറൻഡ് കപ്പ് ജേതാക്കളായതിന്റെ ആവേശത്തിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആ മികവ് നിലനിർത്താനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ സീസണിൽ തകർന്നുപോയ ഹൈദരാബാദ് എഫ്‌സി ഇന്ത്യൻ താരങ്ങളിൽ വിശ്വാസമർപ്പിക്കുന്നു. പ്രതിരോധക്കാരൻ അലെക്‌സ് സജി ഉൾപ്പെടെ ആറു മലയാളിതാരങ്ങളാണ് ടീമിൽ. പരിക്കേറ്റാൽ പകരക്കാരൻ ഐഎസ്‌എൽ മത്സരത്തിനിടെ തലയ്‌ക്ക് പരിക്കേറ്റാൽ പകരക്കാരനെ ഇറക്കാൻ അനുമതി. പുതിയ സീസൺതൊട്ടാണ് ഈ നിയമം. ഒരു മത്സരത്തിൽ ഈ രീതിയിൽ പകരക്കാരനെയാണ് അനുവദിക്കുക. മത്സരത്തിലെ മറ്റു പകരക്കാരെ ഇത് ബാധിക്കില്ല. കോച്ചുമാരുടെ കാര്യത്തിലും മാറ്റമുണ്ട്. സഹപരിശീലകൻ ഇന്ത്യക്കാരനാകണമെന്ന് നിർബന്ധമാണ്. എഎഫ്‌സി പ്രൊ ലൈസൻസോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. റഫറിയുടെ പിഴവുകാരണം ഒരു കളിക്കാരന് ചുവപ്പുകാർഡ് കിട്ടുകയാണെങ്കിൽ ആ കളിക്കാരനോ ക്ലബ്ബിനോ പരാതി നൽകാനും നിയമമുണ്ട്. 23 വയസ്സോ അതിനുതാഴെയോ ഉള്ള ആഭ്യന്തരകളിക്കാരെ നിർബന്ധമായും ചുരുങ്ങിയത് മൂന്നുവർഷത്തേക്ക് ക്ലബ്ബുകൾ രജിസ്റ്റർ ചെയ്യണം. ഐഎസ്‌എൽ സീസൺ തുടങ്ങുന്നതിനുമുമ്പ് ഇത് ഉറപ്പുവരുത്തണം. Read on deshabhimani.com