അടി, തിരിച്ചടി ; ഐഎസ്‌എല്ലിൽ ബഗാൻ–മുംബൈ സമനില

ഐഎസ്എല്ലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ ഗോൾ ആഘോഷിക്കുന്ന മുംബെെ സിറ്റി താരങ്ങൾ credit isl facebook


കൊൽക്കത്ത രണ്ട്‌ ഗോൾ വഴങ്ങിയതിനുശേഷം മുംബൈ സിറ്റി അവിശ്വസനീയമായി തിരിച്ചുവന്നപ്പോൾ ഐഎസ്‌എൽ ഫുട്‌ബോളിലെ ആദ്യപോര്‌ ആവേശ സമനിലയിൽ അവസാനിച്ചു (2–2). സ്വന്തം തട്ടകത്തിൽ രണ്ട്‌ ഗോളടിച്ച്‌ ജയത്തോടെ തുടങ്ങാനായിരുന്നു മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ മോഹം. എന്നാൽ, കളിയുടെ അന്ത്യഘട്ടത്തിൽ തായെർ ക്രൗമ നേടിയ ഗോളിൽ മുംബൈ സമനില പിടിച്ചു. 70–-ാംമിനിറ്റിൽ ടിരിയാണ്‌ മുംബെെയുടെ ആദ്യഗോളടിച്ചത്‌. ടിരിയുടെ പിഴവുഗോളിലായിരുന്നു ആദ്യഘട്ടത്തിൽ ബഗാൻ മുന്നിലെത്തിയത്. പിന്നാലെ ആൽബെർട്ടോ റോഡ്രിഗസ്‌ ബഗാന്റെ ലീഡ്‌ കൂട്ടി. ഐഎസ്‌എൽ ചാമ്പ്യൻമാരായ മുംബൈയും ഷീൽഡ്‌ ജേതാക്കളായ ബഗാനും തമ്മിലുള്ള കളി പ്രതീക്ഷകൾ തെറ്റിച്ചില്ല. തുടക്കത്തിൽത്തന്നെ ബിപിൻ സിങ്‌ മുംബൈക്കായി ലക്ഷ്യംകണ്ടെങ്കിലും ഓഫ്‌ സൈഡായി. പത്തു മിനിറ്റിൽ ബഗാൻ ലീഡ്‌ നേടി. ഇടതുവശത്ത്‌ ലിസ്റ്റൺ കൊളാസോ തൊടുത്ത ക്രോസ്‌ മുംബൈ പ്രതിരോധക്കാരൻ ടിരിയുടെ കാലിൽ തട്ടി സ്വന്തം വലയിൽത്തന്നെ കയറി. അരമണിക്കൂർ തികയുംമുമ്പ്‌ ഒന്നാന്തരം ടീം ഗോളിലൂടെ ബഗാൻ ലീഡുയർത്തുകയായിരുന്നു. ദിമിത്രി പെട്രേറ്റോസിന്റെ കോർണർ കിക്ക്‌ മുംബൈ ഗോൾ കീപ്പർ പുർബ ലച്ചെൻപ തട്ടിയകറ്റി. എന്നാൽ, പന്ത് കിട്ടിയത്‌ ജാസൺ കമ്മിങ്‌സിനായിരുന്നു. ആശിഷ്‌ റായിക്ക്‌ പന്ത്‌ തൊടുത്തു. ആശിഷ്‌ ഗോൾമുഖത്തേക്ക്‌ ക്രോസ് നൽകി. ഗ്രെഗ്‌ സ്റ്റുവർട്ട്‌ അതിൽ തലവച്ചു. പന്ത്‌ കിട്ടിയത്‌ ആൽബെർട്ടോയുടെ കാലിൽ. തകർപ്പൻ ഷോട്ടിലൂടെ ഈ പ്രതിരോധക്കാരൻ ലക്ഷ്യംകണ്ടു. ഇടവേളയ്‌ക്കുശേഷം മുംബൈ കളംപിടിച്ചു. പിഴവിന്‌ ടിരി പ്രായശ്ചിത്തം ചെയ്‌തു. നിക്കോസ്‌ കരെലിസ്‌ അവസരമൊരുക്കി. മലയാളിതാരം പി എൻ നൗഫലാണ്‌ ക്രൗമയുടെ ഗോളിന്‌ അവസരമൊരുക്കിയത്‌.ഇന്ന് ഒഡിഷ എഫ്സി ചെന്നെെയിൻ എഫ-്സിയെയും ബംഗളൂരു ഈസ്റ്റ് ബംഗാളിനെയും നേരിടും. Read on deshabhimani.com

Related News