ചെൽസിയിൽ താരങ്ങൾ നിറയുന്നു
ലണ്ടൻ താരകൈമാറ്റ വിപണിയിൽ ചെൽസിക്ക് വിശ്രമമില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ പന്തുരുണ്ടിട്ടും ക്ലബ്ബിൽ കളിക്കാരെ നിറയ്‌ക്കുന്നത് തുടരുകയാണ് മുൻചാമ്പ്യൻമാർ. ഒടുവിലായി അത്‌ലറ്റികോ മാഡ്രിഡിൽനിന്ന് പോർച്ചുഗൽ മുന്നേറ്റക്കാരൻ ജോയോ ഫെലിക്‌സിനെ സ്വന്തമാക്കി. ആറുവർഷത്തേക്കാണ് ഇരുപത്തിനാലുകാരനുമായുള്ള കരാർ. ടീമിന്റെ ആകെ അംഗസംഖ്യ 55 ആണ്. ഇതിൽ എട്ടുതാരങ്ങൾ വായ്‌പയടിസ്ഥാനത്തിൽ മറ്റു ക്ലബ്ബുകളിൽ കളിക്കുന്നു. ചെൽസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ 33 കളിക്കാരുടെ പട്ടികയാണുള്ളത്. 14 പേരെ കാണാനില്ല! താരകൈമാറ്റ ജാലകം അവസാനിക്കുന്ന 30ന് 25 അംഗ അന്തിമ ടീമിനെ സമർപ്പിക്കണം. ഇതിനുള്ളിൽ മിക്ക കളിക്കാരെയും വിറ്റഴിക്കുന്ന തിരക്കിലാണ് മാനേജ്‌മെന്റ്. കൊണോർ ഗല്ലാഗെർ, ബെൻ ചിൽവെൽ, റൊമേലു ലുക്കാക്കു, റഹീം സ്‌റ്റെർലിങ്, കെപ അരിസബലാഗ, ട്രെവോഹ് ചലോബ തുടങ്ങിയവരെയെല്ലാം ഒഴിവാക്കാനാണ് പദ്ധതി. ഇതിൽ ഗല്ലാഗെറിനെ ഫെലിക്‌സിനുപകരം അത്‌ലറ്റികോയ്‌ക്ക് കൈമാറും. ഒമ്പത് ഗോൾകീപ്പർമാരാണ് ടീമിൽ. പ്രതിരോധക്കാർ 15, മധ്യനിരക്കാരും അത്രതന്നെ. മുന്നേറ്റത്തിൽ 16 കളിക്കാർ. Read on deshabhimani.com