ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ്‌: തിരിച്ചുപിടിക്കാൻ കേരളം



മലപ്പുറം > ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ്‌ ഏഴുമുതൽ 11 വരെ ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കും. ഒക്‌ടോബർ 25 മുതൽ 29 വരെ നടത്താൻ തീരുമാനിച്ചിരുന്ന മീറ്റ്‌ ദാന ചുഴലിക്കാറ്റിനെ തുടർന്ന്‌ മാറ്റുകയായിരുന്നു. 98 ഇനങ്ങളിൽ പകലും രാത്രിയുമായാണ് മത്സരം. കേരളത്തിന്‌ 108 അംഗ ടീമാണുള്ളത്‌. നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ ഇറങ്ങുന്ന കേരളത്തിന്‌ ഇത്തവണയും കടുത്ത വെല്ലുവിളി നേരിടേണ്ടിവരും. കഴിഞ്ഞ ആറുതവണയായി ഹരിയാനയാണ് ജേതാക്കൾ. ഉത്തർപ്രദേശും തമിഴ്നാടും ശക്തമായ ടീമാണ്‌. 2016ൽ കോയമ്പത്തൂരിലാണ്‌ കേരളം അവസാനമായി ജേതാക്കളായത്. തുടർന്നുള്ള മൂന്നുവർഷം രണ്ടാംസ്ഥാനത്തായിരുന്നു. 2019ൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യൻമാരായതാണ് അവസാനത്തെ മികച്ച നേട്ടം. 2022ലും 2023ലും അഞ്ചാംസ്ഥാനത്തായി.കേരള ടീമിൽ 54 വീതം പെൺകുട്ടികളും ആൺകുട്ടികളുമാണുള്ളത്‌. ആദ്യം 125 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് 108 ആയി ചുരുങ്ങി. സ്‌കൂൾ കായികമേളകളിൽ പങ്കെടുക്കുന്നതിനായി ചില താരങ്ങൾ പിൻമാറിയതോടെയാണ്‌ എണ്ണം കുറഞ്ഞത്‌. കേരളതാരങ്ങൾ ട്രെയിനിലും വിമാനത്തിലുമായാണ്‌ ഭുവനേശ്വറിൽ എത്തുക. ട്രെയിനിൽ പോകുന്ന താരങ്ങൾ നാലിന്‌ വിവേക്‌ എക്‌സ്‌പ്രസിൽ പുറപ്പെടും. മികച്ച ടീമിനെയാണ്‌ മത്സരത്തിന്‌ അയക്കുന്നതെന്ന്‌ സംസ്ഥാന അത്‌ലറ്റിക്‌ അസോസിയേഷൻ സെക്രട്ടറി കെ ചന്ദ്രശേഖരൻപിള്ള പറഞ്ഞു. വ്യക്തിഗത ഇനങ്ങൾക്കുപുറമെ റിലേ ഇനങ്ങളിലും മെഡൽപ്രതീക്ഷയുണ്ട്‌. കേരള ടീമിന്റെ ചീഫ് കോച്ച് ആർ ജയകുമാറാണ്. കെ പി സഫ്‌നീത്‌, ഷംനാർ എന്നിവരാണ് മറ്റു പരിശീലകർ. കെ ചന്ദ്രശേഖരൻപിള്ള, സി കവിത, എം എഡ്വേഡ് എന്നിവരാണ് മാനേജർമാർ.   Read on deshabhimani.com

Related News