ബലപരീക്ഷണം ; ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ കൊച്ചിയിൽ ബംഗളൂരുവിനോട്‌

image credit kerala blasters fc facebook


കൊച്ചി ഐഎസ്‌എല്ലിൽ മുമ്പേ പറക്കുന്ന ബംഗളൂരു എഫ്‌സിയെ പിടിച്ചുകെട്ടാൻ കേരള ബ്ലാസ്‌റ്റേഴ്‌സിനാകുമോ. ഇന്ന്‌ കൊച്ചിയിൽ മുഖാമുഖം കാണുമ്പോൾ ബംഗളൂരു വലയിൽ പന്തെത്തിക്കാൻ കഴിയുമെന്നാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ പരിശീലകൻ മിക്കേൽ സ്‌റ്റാറേയുടെ വിശ്വാസം. കഴിഞ്ഞ രണ്ട്‌ സീസണുകളിലായി പരസ്‌പരമുള്ള പോരിൽ ഇരുടീമുകൾക്കും വീറ്‌ ഏറെയാണ്‌. അതിന്റെ തുടർച്ചയാകും ഇന്നത്തെ കളിയും. ഈ സീസണിൽ തോൽവിയറിയാത്ത സംഘമാണ്‌ ബംഗളൂരു. ഒറ്റ ഗോൾപോലും വഴങ്ങിയില്ല. അഞ്ച്‌ കളിയിൽ നാല്‌ ജയവും ഒരു സമനിലയുമായി ഒന്നാമത്‌ നിൽക്കുന്നു. എട്ട്‌ ഗോളടിച്ചു. ജെറാർഡ്‌ സരഗോസയ്‌ക്ക്‌ കീഴിൽ ഒന്നാന്തരം പ്രകടനമാണ്‌. മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ മൂന്ന്‌ ഗോളിന്‌ തകർത്തതാണ്‌ ഇതിലെ ശ്രദ്ധേയ പ്രകടനം. സുനിൽ ഛേത്രി ഗോളടി മികവ്‌ തുടരുന്നു. അഞ്ച്‌ കളിയിൽ മൂന്ന്‌ ഗോൾ നേടി. രാഹുൽ ബെക്കെ നയിക്കുന്ന പ്രതിരോധമാണ്‌ ടീമിന്റെ ശക്തി. മധ്യനിരയിൽ ആൽബെർട്ടോ നൊഗുവേര, പെഡ്രോ കാപോ എന്നീ സ്‌പാനിഷ്‌ താരങ്ങളുടെ പ്രകടനവും നിർണായകമാണ്‌. മറുവശത്ത്‌, ആദ്യകളിയിൽ പഞ്ചാബ്‌ എഫ്‌സിയോട്‌ തോറ്റ ബ്ലാസ്‌റ്റേഴ്‌സ്‌ പിന്നെ കുതിക്കുകയായിരുന്നു. രണ്ടുവീതം ജയവും സമനിലയും. അവസാനകളിയിൽ കൊൽക്കത്തയിൽ മുഹമ്മദൻസിനെതിരെ നേടിയ മികച്ച ജയം ടീമിന്റെ ആത്മവിശ്വാസമുയർത്തി. ഒരു ഗോളിന്‌ പിന്നിട്ടുനിന്നശേഷമാണ്‌ ജയം സ്വന്തമാക്കിയത്‌. എതിർത്തട്ടകത്തിൽ കഴിഞ്ഞ മൂന്ന്‌ മത്സരവും തോറ്റില്ല എന്നതും സ്‌റ്റാറേയുടെ സംഘത്തിന്‌ ഉണർവ്‌ നൽകും. നോഹ സദൂയ്‌, ഹെസ്യൂസ്‌ ഹിമിനെസ്‌, അഡ്രിയാൻ ലൂണ ത്രയത്തിലാണ്‌ പ്രതീക്ഷ. ഹിമിനെസും സദൂയിയും സീസണിൽ മൂന്നുവീതം ഗോൾ നേടി. പകരക്കാരനായെത്തുന്ന ക്വാമി പെപ്രയുടെ ഗോളടി മികവും പ്രതീക്ഷ നൽകുന്നു. ലൂണയ്‌ക്കൊപ്പം മലയാളിതാരം വിബിൻ മോഹനനാണ്‌ മധ്യനിരയെ ചലിപ്പിക്കുന്നത്‌. നിലവിൽ എട്ട്‌ പോയിന്റുമായി ആറാം സ്ഥാനത്താണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. Read on deshabhimani.com

Related News