വിരസം ബ്ലാസ്‌റ്റേഴ്‌സ് ; ഹൈദരാബാദിനോട് തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ് (1-0)
കൊച്ചി കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും നിരാശപ്പെടുത്തി. സ്വന്തം തട്ടകമായ കൊച്ചിയിൽ ഐഎസ്‌എൽ ലീഗ് ഘട്ടത്തിലെ അവസാന കളിയിൽ ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദിനോട് തോറ്റു (0–-1). ബംഗളൂരു എഫ്‌സിയുമായി മാർച്ച് മൂന്നിന് പ്ലേ ഓഫ് കളിക്കാനിറങ്ങുന്ന ഇവാൻ വുകോമനോവിച്ചിന്റെ സംഘത്തിന് ഈ പ്രകടനം ആത്മവിശ്വാസം നൽകില്ല.ബോർഹ ഹെരേരയാണ് ഹൈദരാബാദിനായി ഗോൾ നേടിയത്. ബ്ലാസ്‌റ്റേഴ്‌സിന് അവസാനം കളിച്ച അഞ്ച് കളിയിൽ നാലിലും തോൽവിയാണ് ഫലം. കൊച്ചിയിൽ തുടർച്ചയായ ആറ് ജയങ്ങൾക്കുശേഷം തോറ്റു. പ്ലേ ഓഫിനുമുമ്പ് കരുത്ത് വീണ്ടെടുക്കാൻ സ്വന്തം തട്ടകത്തിലിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് സുഖകരമായിരുന്നില്ല കാര്യങ്ങൾ. തുടർത്തോൽവികളുടെ ക്ഷീണം കളിയിൽ കണ്ടു. പലപ്പോഴും നീക്കങ്ങൾക്ക് മൂർച്ചയോ കൃത്യതയോ ഉണ്ടായില്ല. മൂന്ന് പ്രതിരോധക്കാരെവച്ചുള്ള ഇവാൻ വുകോമനോവിച്ചിന്റെ തന്ത്രം കളിയെ സഹായിച്ചില്ല. ഹൈദരാബാദ് വിടവുകളിലൂടെ അനായാസം മുന്നേറി. രണ്ടാംപകുതിയിൽ കോച്ചിന് ആ തന്ത്രം മാറ്റേണ്ടിവന്നു. സെമി ഉറപ്പിച്ച ഹൈദരാബാദിനും പ്ലേ ഓഫിൽ അഞ്ചാംസ്ഥാനം ഉറപ്പാക്കിയ ബ്ലാസ്‌റ്റേഴ്‌സിനും ഈ കളി അപ്രസക്തമായിരുന്നു. തുടക്കത്തിൽ കളിയിൽ അത് നിഴലിച്ചു. എന്നാൽ, കളി പുരോഗമിക്കുംതോറും ഹൈദരാബാദ് കളംപിടിക്കാൻ തുടങ്ങി. അരമണിക്കൂറിനുള്ളിൽ അവർ ഗോൾ നേടുകയും ചെയ്‌തു. മധ്യഭാഗത്തുനിന്ന് മുഹമ്മദ് യാസിർ ഒറ്റയ്‌ക്ക് മുന്നേറുമ്പോൾ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധക്കാരൻ മാർകോ ലെസ്‌കോവിച്ച് പിൻവലിഞ്ഞ് നിൽക്കുകയായിരുന്നു. അപകടം മനസ്സിലായില്ല ലെസ്കോവിച്ചിന്. ആ നീക്കം ഹാളിചരൺ നർസാറിയിലാണ് അവസാനിച്ചത്. നർസാറിയുടെ പാസ് ബോക്‌സിനുള്ളിൽവച്ച് ഹെരേര വലയിലേക്ക് തട്ടി. വീണ്ടും ഹൈദരാബാദ് ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. യുവതാരം വിബിൻ മോഹനന്റെ ഒരു ലോങ് റേഞ്ച് ഷോട്ട് മാത്രമാണ് കളിയിൽ ബ്ലാസ്‌റ്റേഴ്‌സിന് ഒരുഘട്ടത്തിൽ ആകെ ഓർക്കാനുണ്ടായത്. അവസാന നിമിഷങ്ങളിൽ ചില നീക്കങ്ങൾ നടത്തിയെങ്കിലും ഹൈദരാബാദിന്റെ സംഘടിത പ്രതിരോധത്തെ മറികടക്കാനുള്ള കെൽപ്പാെന്നും അതിനുണ്ടായില്ല. സഹൽ അബ്‌ദുൾ സമദ്, ഇവാൻ കലിയുഷ്‌നി, അഡ്രിയാൻ ലൂണ എന്നിവർക്കൊന്നും സ്വാധീനമുണ്ടാക്കാനായില്ല. മാർച്ച് നാലിന് ഒഡിഷ എഫ്‌സിയും എടികെ മോഹൻ ബഗാനും തമ്മിലാണ് രണ്ടാം പ്ലേ ഓഫ്. സെമി ആദ്യപാദം മാർച്ച് ഏഴിനും ഒമ്പതിനുമാണ്. രണ്ടാംപാദം 12നും 13നും. പതിനെട്ടിനാണ് ഫൈനൽ. Read on deshabhimani.com