കഥ മാറ്റാൻ ബ്ലാസ്‌റ്റേഴ്‌സ് ; നാളെ കൊച്ചിയിൽ പഞ്ചാബ് എഫ്സിയോട്
കൊച്ചി പുതിയൊരു തുടക്കമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വപ്‌നം. ഐഎസ്‌എൽ ഫുട്‌ബോളിൽ ഇത്രയേറെ ആരാധകപിന്തുണ കിട്ടിയിട്ടും കിരീടത്തിലേക്കുള്ള ഊർജം ബ്ലാസ്‌റ്റേഴ്‌സിന് ഇതുവരെ കിട്ടിയിട്ടില്ല. ഇക്കുറി അടിമുടി മാറ്റമാണ്. പരിശീലകൻ മാറി, ഗോളടിക്കാനും തടയാനും പുതിയ താരങ്ങളെത്തി. നാളെ സ്വന്തം തട്ടകമായ കൊച്ചിയിൽ പഞ്ചാബ് എഫ്‌സിയുമായാണ് സീസണിലെ ആദ്യകളി. സ്വീഡിഷുകാരൻ മിക്കേൽ സ്‌റ്റാറേയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അമരത്ത്. 20 വർഷത്തെ പരിശീലകജീവിതത്തിൽ സ്‌റ്റാറേ പല രാജ്യങ്ങളിൽ, ലീഗുകളിൽ കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. ആക്രമണ ഫുട്‌ബോളാണ് ഇഷ്ടം. മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീമിന് മികച്ച അടിത്തറയിട്ടിരുന്നു. മൂന്ന് സീസണുകളിൽ തുടർച്ചയായി പ്ലേ ഓഫ് കളിച്ചു. അതിന്റെ തുടർച്ചയാണ് സ്റ്റാറേ തേടുന്നത്. തായ്‌ലൻഡിലും കൊൽക്കത്തയിലുമായിരുന്നു പരിശീലനം. ഡ്യൂറൻഡ് കപ്പായിരുന്നു സ്‌റ്റാറേയുടെ ആദ്യപരീക്ഷണം. ഗ്രൂപ്പ് ഘട്ടത്തിൽ ഗോളടിച്ചുകൂട്ടിയെങ്കിലും ക്വാർട്ടർ ബംഗളൂരുവിനോട് തോറ്റു. 2014ലെ കന്നി സീസണിൽ ഫൈനലിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടുതവണകൂടി കലാശപ്പോരിൽ കളിച്ചു. പക്ഷേ, മൂന്നുതവണയും തോറ്റു. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ മടങ്ങി. സ്‌റ്റാറേയ്‌ക്കുകീഴിൽ മികച്ച ആക്രമണനിരയാണ് ഇക്കുറി. മുന്നേറ്റത്തിൽ ഗോളടിക്കാരൻ നോഹ സദൂയിയെയും സ്‌പാനിഷ് താരം ജീസസ് ജിമെനെസിനെയും കൊണ്ടുവന്നു. ഘാനക്കാരൻ ക്വാമി പെപ്രയും ക്യാപ്‌റ്റൻ അഡ്രിയാൻ ലൂണയും ചേരുന്നതോടെ മുന്നേറ്റം ശക്തമാകും. പ്രതിരോധത്തിൽ പരിചയസമ്പന്നനായ പ്രതിരോധക്കാരൻ ഫ്രാൻസിന്റെ അലെക്‌സാണ്ടർ കോയെഫിനെയാണ് എത്തിച്ചിട്ടുള്ളത്. മിലോസ് ഡ്രിൻസിച്ചാണ് പ്രതിരോധത്തിലെ പങ്കാളി. അതേസമയം, ഗോളടിയിൽ മിന്നിയ ദിമിത്രിയോസ് ഡയമന്റാകോസ്, മുൻ ക്യാപ്‌റ്റൻ പ്രതിരോധക്കാരനുമായ മാർകോ ലെസ്‌കോവിച്ച്, ജീക്‌സൺ സിങ് എന്നിവർ കൂടുമാറിയത് തിരിച്ചടിയാണ്. നിഷു കുമാർ, ഗോൾ കീപ്പർ ലാറ ശർമ, വിദേശതാരങ്ങളായ ഫെഡർ സെർണിച്ച്, ദയ്‌സുകെ സകായ് എന്നിവരും ടീം വിട്ടു. മലയാളി താരങ്ങളാണ് മധ്യനിരയിൽ കരുത്ത്. വിബിൻ മോഹനൻ, മുഹമ്മദ് ഐമൻ, മുഹമ്മദ് അസ്‌ഹർ എന്നിവർക്കൊപ്പം മുന്നേറ്റത്തിൽ കെ പി രാഹുലും എം എസ് ശ്രീക്കുട്ടനുമുണ്ട്. സച്ചിൻ സുരേഷ് ഗോൾ കീപ്പർമാരുടെ നിരയിലുണ്ട്. പ്രതിരോധത്തിൽ മുഹമ്മദ് സഹീഫാണ് മലയാളിതാരം. ക്യാപ്‌റ്റൻ ലൂണയാണ് ടീമിന്റെ നെടുന്തൂൺ. 53 മത്സരങ്ങളിൽ 13 ഗോളും 17 എണ്ണത്തിന് അവസരവുമൊരുക്കി. ബ്ലാസ്‌റ്റേഴ്‌സ് കളിയുടെ താളം ഉറുഗ്വേക്കാരന്റെ കാലുകളിലാണ്. സദൂയിയാണ് സീസണിൽ ഏറെ പ്രതീക്ഷിക്കുന്ന താരം. ഡ്യൂറൻഡ് കപ്പിൽ മികച്ച ഗോളടിക്കാരനുള്ള സുവർണപാദുകം മൊറോക്കോക്കാരനായിരുന്നു. കഴിഞ്ഞ സീസണിൽ ഗോവയുടെ ടോപ് സ്‌കോററായി. ആകെ 43 മത്സരങ്ങളിൽ 20 ഗോളടിച്ചു. 14 എണ്ണത്തിന് അവസരമൊരുക്കി. ഗോൾ കീപ്പർമാർ: നോറ ഫെർണാണ്ടസ്, സച്ചിൻ സുരേഷ്, സോം കുമാർ പ്രതിരോധം: ഐബൻബ ഡോഹ്‌ലിങ്, അലെക്‌സാൻഡ്രെ കൊയെഫ്, റുയ്‌വാ ഹോർമിപാം, മിലോസ് ഡ്രിൻസിച്ച്, ഹുയ്‌ദ്രോം നവോച്ച സിങ്, പ്രബീർ ദാസ്, പ്രീതം കോട്ടൽ, സന്ദീപ് സിങ്, മുഹമ്മദ് സഹീഫ്. മധ്യനിര: അഡ്രിയാൻ ലൂണ, ബ്രൈസ് മിറാൻഡ, ഡാനിഷ് ഫാറൂഖ്, ഫ്രെഡി ലല്ലംമാവ്‌മ, മുഹമ്മദ് അയ്‌മെൻ, മുഹമ്മദ് അസ്‌ഹർ, റെന്ത്‌ലെയ് ലാൽതൻമാവിയ, സൗരവ് മണ്ഡൽ, സുഖം യൊയ്‌ഹെൻബ മെയ്‌തി, വിബിൻ മോഹനൻ. മുന്നേറ്റം: ഇഷാൻ പണ്ഡിത, ക്വാമി പെപ്ര, നോഹ സദൂയ്, കെ പി രാഹുൽ, എം എസ് ശ്രീക്കുട്ടൻ. Read on deshabhimani.com