അടിതെറ്റി ബ്ലാസ്‌റ്റേഴ്‌സ്‌ ; കേരള ബ്ലാസ്റ്റേഴ്സ് 1 പഞ്ചാബ് എഫ്സി 2

ബ്ലാസ്റ്റേഴ്സിനെതിരായ ജയമാഘോഷിക്കുന്ന പഞ്ചാബ് താരങ്ങൾ


കൊച്ചി കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ കയ്‌പേറിയ തുടക്കം. ഐഎസ്‌എൽ ഫുട്‌ബോളിലെ ആദ്യകളിയിൽ കൊച്ചിയിൽ പഞ്ചാബ്‌ എഫ്‌സിയോട്‌ 2–-1ന്‌ തോറ്റു. പന്തിൽ കൂടുതൽ ആധിപത്യം പുലർത്തിയിട്ടും പാസുകൾ കൈമാറിയിട്ടും കാര്യമുണ്ടായില്ല. മുന്നേറ്റനിര മങ്ങിയത്‌ തിരിച്ചടിയായി. കുന്തമുനയും ക്യാപ്‌റ്റനുമായ അഡ്രിയാൻ ലൂണയുടെ അഭാവവും വിനയായി. പരിക്കുസമയം ഫിലിപ്‌ മിർസ്ലക്കിലൂടെയാണ്‌ പഞ്ചാബ്‌ ജയവുമായി മടങ്ങിയത്‌. പുതിയ പരിശീലകനായ സ്വീഡിഷുകാരൻ മിക്കേൽ സ്റ്റാറേയ്‌ക്കുകീഴിൽ ആശിച്ച തുടക്കമല്ല ബ്ലാസ്‌റ്റേഴ്‌സിന്‌. കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ തിരുവോണനാളിൽ ഇരമ്പിയെത്തിയ ആരാധകരെ സന്തോഷിപ്പിക്കാൻ ടീമിനായില്ല. പനി ബാധിച്ചതിനാൽ ലൂണ കളത്തിലില്ലാത്തത്‌ ശരിക്കും ബാധിച്ചു. പുതിയതാരം നോഹ സദൂയി മാത്രമാണ്‌ അധ്വാനിച്ച്‌ കളിച്ചത്‌. ലീഗിൽ മറ്റ്‌ എതിരാളികളേക്കാൾ താരതമ്യേന ദുർബലരായ പഞ്ചാബിനുമുന്നിൽ ബ്ലാസ്‌റ്റേഴ്‌സ്‌ വിയർത്തു. മുന്നേറ്റത്തിൽ ക്വാമി പെപ്ര നിരാശപ്പെടുത്തി. മധ്യനിരയിൽനിന്ന്‌ കാര്യമായ നീക്കങ്ങളുമുണ്ടായില്ല. ആകെ 10 ഷോട്ടുകളാണ്‌ പായിച്ചത്‌. രണ്ടാംപകുതിയിൽ സൂപ്പർതാരം ലൂക്കാ മാസെന്റെ പെനൽറ്റി ഗോളിൽ പഞ്ചാബാണ്‌ ലീഡെടുത്തത്‌. ബോക്‌സിൽ മലയാളിതാരം ലിയോൺ അഗസ്റ്റിനെ മുഹമ്മദ്‌ സഹീഫ്‌ വീഴ്‌ത്തിയതിനായിരുന്നു പെനൽറ്റി. മാസെന്‌ പിഴച്ചില്ല. എന്നാൽ, പരിക്കുസമയം പകരക്കാരനായെത്തിയ സ്‌പാനിഷുകാരൻ ജീസസ്‌ ജിമെനെസ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ ആശ്വാസം നൽകി. അരങ്ങേറ്റ മത്സരത്തിൽ ഗോളടിച്ച്‌ ഈ മുന്നേറ്റക്കാരൻ സമനില നൽകിയെങ്കിലും ആയുസ്‌ അധികമുണ്ടായില്ല. കളിയവസാനം മാസെന്റെ പാസിൽ മിർസ്ലക്‌ വിജയഗോൾ നേടി.ഞായറാഴ്‌ച കൊച്ചിയിൽ ഈസ്റ്റ്‌ ബംഗാളുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. Read on deshabhimani.com

Related News