വടക്കുകിഴക്കൻ വെല്ലുവിളി ; ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നോർത്ത് ഈസ്റ്റ് യുണെെറ്റഡ്
ഗുവാഹത്തി സ്വന്തം തട്ടകത്തിലെ ആരവങ്ങൾക്കും ആഘോഷങ്ങൾക്കുംശേഷം കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് എതിർത്തട്ടക പരീക്ഷ. ഗുവാഹത്തിയിൽ ഇന്നു രാത്രി ഏഴരയ്‌ക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായാണ് കളി. കൊച്ചിയിൽ നടന്ന ആദ്യ രണ്ടു കളികളിൽ ഒന്നുവീതം തോൽവിയും ജയവുമായിരുന്നു മിക്കേൽ സ്‌റ്റാറേയുടെ സംഘത്തിന്. നോർത്ത് ഈസ്റ്റിനും ഒരു ജയവും തോൽവിയുമാണ്. അവസാനകളിയിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ ആദ്യജയം സ്വന്തമാക്കിയത്. ആദ്യകളിയിൽ പഞ്ചാബ് എഫ്‌സിയോട് തോറ്റിരുന്നു. ഈസ്റ്റ് ബംഗാളിനെതിരെ കളിയുടെ അവസാനഘട്ടത്തിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് ജയമൊരുക്കിയത്. നോർത്ത് ഈസ്റ്റ് സീസണിൽ ഒന്നാന്തരം തുടക്കമാണ് കുറിച്ചത്. മുഹമ്മദൻസിനെ അവരുടെ തട്ടകത്തിൽ കീഴടക്കി. രണ്ടാംമത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ രണ്ടുതവണ ലീഡ് നേടിയശേഷം ജയം വിട്ടുകളയുകയായിരുന്നു. അവസാനനിമിഷം ബഗാൻ 3–-2ന്റെ ജയം സ്വന്തമാക്കി. ഡ്യൂറൻഡ് കപ്പ് ജേതാക്കളായ നോർത്ത് ഈസ്റ്റ് സ്വന്തം തട്ടകത്തിൽ സീസണിലെ ആദ്യമത്സരത്തിനാണ് ഇറങ്ങുന്നത്. ക്യാപ്‌റ്റൻ അഡ്രിയാൻ ലൂണ കളിക്കുമെന്ന സൂചനയാണ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ സ്‌റ്റാറേ നൽകിയത്. ഡെങ്കിപ്പനിയുടെ ക്ഷീണം മാറാത്തതിനാൽ ആദ്യ രണ്ടു കളികളിൽ ഉറുഗ്വേക്കാരൻ ഇറങ്ങിയില്ല. ലൂണ ശാരീരികക്ഷമത വീണ്ടെടുത്തു. അവസാനകളിയിൽ പരിക്കേറ്റ മലയാളി മധ്യനിരക്കാരൻ വിബിൻ മോഹനൻ കളിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. നോഹ സദൂയ് ആണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ. മുന്നേറ്റത്തിൽ മികച്ച പ്രകടനമാണ് മൊറോക്കോക്കാരന്റേത്. ഹെസ്യൂസ് ഹിമിനെസ്, അലെക്‌സാൻഡ്രേ കൊയെഫ് എന്നീ വിദേശതാരങ്ങളും ഫോം കണ്ടെത്തി. ഈസ്റ്റ് ബംഗാളിനെതിരെ പകരക്കാരനായി ഇറങ്ങിയ ക്വാമി പെപ്രമായിരുന്നു ഗോളടിച്ചത്. പ്രതിരോധത്തിൽ മിലോസ് ഡ്രിൻസിച്ച്–-പ്രീതം കോട്ടൽ സഖ്യം ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നത്. നോർത്ത് ഈസ്റ്റിനെതിരെ ഇതുവരെ കളിച്ചതിൽ എട്ടുതവണ ജയിച്ചിട്ടുണ്ട്. തോൽവി അഞ്ചിൽ. ഏഴു മത്സരം സമനിലയായി. ഇക്കുറി മികച്ച സംഘമാണ് നോർത്ത് ഈസ്റ്റിന്. സ്‌പാനിഷുകാരൻ യുവാൻ ബെനാലിയാണ് പരിശീലകൻ. മൊറോക്കൻ താരങ്ങളായ അലാദ്ദീനെ അയാറിയെ, മുഹമ്മദ് അലി ബെമാമ്മെർ എന്നിവർ മികച്ച കളിയാണ് പുറത്തെടുക്കുന്നത്. മലയാളി താരം എം എസ് ജിതിൻ ഡ്യുറൻഡ് കപ്പിലെ മിന്നുംകളി തുടരുന്നു. ബഗാനെതിരെ ഗോൾ അവസരമൊരുക്കിയത് ജിതിനായിരുന്നു. Read on deshabhimani.com