നോർത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്സിന് സമനില



ഗുവാഹത്തി> അവസരങ്ങൾ പാഴാക്കിക്കളഞ്ഞ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ നോഹ സദൂയിയുടെ മനോഹര ഗോളിൽ ജീവൻ കിട്ടി. ഐഎസ്‌എല്ലിൽ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിനെതിരെ 1–-1ന്‌ ബ്ലാസ്‌റ്റേഴ്‌സ്‌ അവസാനിപ്പിച്ചു. അവസാനഘട്ടത്തിൽ 10 പേരായി ചുരുങ്ങിയ നോർത്ത്‌ ഈസ്‌റ്റിനെതിരെ  നിരവധി ഗോളവസരങ്ങളാണ്‌ മിക്കേൽ സ്‌റ്റാറെയുടെ സംഘത്തിന്‌ കിട്ടിയത്‌. ഫിനിഷിങ്ങിലെ പോരായ്‌മ തിരിച്ചടിയായി. നോർത്ത്‌ ഈസ്‌റ്റിനായി അലാദീനെ അജാറിയാണ്‌ ഗോൾ നേടിയത്‌. മൂന്ന്‌ കളിയിൽ നാല്‌ പോയിന്റുമായി അഞ്ചാമതാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. കൊച്ചിയിൽ ഈസ്‌റ്റ്‌ ബംഗാളിനെ കീഴടക്കി ഗുവാഹത്തിയിലേക്ക്‌ പറന്ന ബ്ലാസ്‌റ്റേഴ്‌സിന്‌ കടുത്ത പരീക്ഷണമായിരുന്നു നോർത്ത്‌ ഈസ്‌റ്റ്‌ നൽകിയത്‌. അജാറിയും മലയാളിതാരം എം എസ്‌ ജിതിനും ചേർന്നാണ്‌ നോർത്ത്‌ ഈസ്‌റ്റ്‌ മുന്നേറ്റ നിരയെ ചലിപ്പിച്ചത്‌. ആദ്യ അരമണിക്കൂറിൽ ജിതിൻ ഒന്നാന്തരം നീക്കം നടത്തി. ബോക്‌സിലേക്ക്‌ ഗില്ലെർമോ ഫെർണാണ്ടസിനെ ലക്ഷ്യംവച്ച്‌ പാസ്‌. പക്ഷേ, ഗില്ലർമോ ഗോളി മാത്രം മുന്നിൽനിൽക്കെ പന്ത്‌ പുറത്തേക്കടിച്ചുകളഞ്ഞു. സദൂയിയുടെ ഒറ്റയാൾ പോരാട്ടമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്‌ മുന്നേറ്റ നിരയിൽ. പലപ്പോഴും പന്ത്‌ വാങ്ങാൻ കൂട്ടുണ്ടായില്ല. ക്രോസുകൾ പലത്‌ ബോക്‌സിലേക്ക്‌ തൊടുത്തെങ്കിലും ഹെസ്യൂസ്‌ ഹിമിനെസിനോ കെ പി രാഹുലിനോ അത്‌ മുതലാക്കാനായില്ല. ഇടവേളയ്‌ക്കുശേഷം മികച്ച അവസരമാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ കിട്ടിയത്‌. സദൂയിയുടെ ഫ്രീകിക്കിൽനിന്നായിരുന്നു തുടക്കം. അത്‌ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. പന്ത്‌ രാഹുലിന്‌. പക്ഷേ, കരുത്തുറ്റ ഷോട്ട്‌ ഗോൾ കീപ്പർ ഗുർമീത്‌ സിങ്‌ തട്ടിയകറ്റി. ഹിമിനെസിന്റെ മുന്നിലാണ്‌ പന്ത്‌ വീണത്‌. സ്‌പാനിഷുകാരനും മുതലാക്കാനായില്ല. ഇതിനിടെ ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെ വലിയ പിഴവ്‌ നോർത്ത്‌ ഈസ്‌റ്റിന്‌ ലീഡ്‌ നൽകി. അജാറി തൊടുത്ത ഫ്രീകിക്ക്‌ നേരിട്ട്‌ സച്ചിന്റെ കൈയിലേക്കായിരുന്നു. എന്നാൽ, ഗോൾ കീപ്പറുടെ കൈയിൽ പന്ത്‌ ഊർന്നു, വരയും കടന്നു. സദൂയിയുടെ ഒറ്റയാൾ പോരാട്ടം തുടർന്നു. പകരക്കാരനായി ഇറങ്ങിയ മുഹമ്മദ്‌ ഐമൻ തൊടുത്ത ക്രോസ്‌ പിടിച്ചെടുത്ത്‌ മൊറോക്കോക്കാരൻ ബ്ലാസ്‌റ്റേഴ്‌സിനെ ആശ്വാസതീരത്ത്‌ എത്തിച്ചു. ബോക്‌സിന്‌ മുന്നിൽനിന്ന്‌ പ്രതിരോധനിരയെ ഒന്നാകെ കീഴടക്കി, ഇടംകാൽകൊണ്ട്‌ അടിപായിച്ചു. ഗുർമീത്‌ സിങ്ങിനും എത്തിപ്പിടിക്കാനായില്ല. ഇതിനിടെ അഡ്രിയാൻ ലൂണ കളത്തിലെത്തി. സീസണിൽ ആദ്യമായാണ്‌ ക്യാപ്‌റ്റൻ കളിക്കാനിറങ്ങിയത്‌. കളി തീരാൻ എട്ട്‌ മിനിറ്റ്‌ ശേഷിക്കെ നോർത്ത്‌ ഈസ്‌റ്റ്‌ പ്രതിരോധക്കാരൻ അഷീർ അക്തർ നേരിട്ട്‌ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായി. സദൂയിയെ അപകടകരമായി ഫൗൾ ചെയ്‌തതിനായിരുന്നു കാർഡ്‌. ആളെണ്ണം കുറഞ്ഞതിന്റെ ആനുകൂല്യം മുതലാക്കാൻ ലൂണയ്‌ക്കും കൂട്ടർക്കും കഴിഞ്ഞില്ല. ഐമന്‌ രണ്ട്‌ തുറന്ന അവസരങ്ങളാണ്‌ കിട്ടിയത്‌. ഒരുതവണ ഗോൾ കീപ്പറെ വെട്ടിച്ച്‌ വലയ്‌ക്ക്‌ മുന്നിലെത്തിയെങ്കിലും ലക്ഷ്യത്തിലേക്ക്‌ പായിക്കുംമുമ്പ്‌ പ്രതിരോധക്കാരൻ മിച്ചേൽ സബാക്കോ അടിച്ചകറ്റി. തുടർന്ന്‌ കിട്ടിയ അവസരം ഗോൾ കീപ്പറുടെ കൈയിലേക്കായി. ഒക്‌ടോബർ മൂന്നിന്‌ ഒഡിഷ എഫ്‌സിയുമായാണ്‌ അടുത്ത കളി. Read on deshabhimani.com

Related News