വിജയവഴി തേടി ബ്ലാസ്‌റ്റേഴ്‌സ് ; ഇന്ന് ചെന്നെെയിൻ എഫ്സിയോട്
കൊച്ചി തുടർത്തോൽവികളിൽ പതറിനിൽക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ചെന്നൈയിൻ എഫ്‌സിയുടെ വെല്ലുവിളി.കൊച്ചി നെഹ്റു സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്-ക്കാണ് മത്സരം. എട്ടു കളിയിൽ രണ്ടു ജയംമാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്‌എൽ ഫുട്‌ബോൾ പോയിന്റ് പട്ടികയിൽ പത്താമതാണ്. മൂന്നു ജയമുള്ള ചെന്നൈയിൻ നാലാമത് നിൽക്കുന്നു. അവസാനകളിയിൽ ഹൈദരാബാദ് എഫ്‌സിയോടും തോറ്റതോടെ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ മിക്കേൽ സ്‌റ്റാറേയുടെ നില പരുങ്ങലിലാണ്. തുടർച്ചയായ മൂന്ന് തോൽവിയാണ് വഴങ്ങിയത്. പ്രതിരോധത്തിലാണ് ആശങ്ക. 12 ഗോളടിച്ചപ്പോൾ വഴങ്ങിയത് 16 എണ്ണം. ഏറ്റവും കൂടുതൽ പെനൽറ്റി വഴങ്ങിയതും ബ്ലാസ്‌റ്റേഴ്‌സാണ്. അഞ്ചെണ്ണം. ടീമിൽ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. പരിക്ക് കാരണം പുറത്തായിരുന്ന ഗോൾ കീപ്പർ സച്ചിൻ സുരേഷ് തിരിച്ചെത്തിയേക്കും. പ്രതിരോധക്കാരൻ ഐബൻബ ഡോഹ്‌ലിങ്ങും പരിക്ക് മാറി എത്തിയിട്ടുണ്ട്. മുന്നേറ്റത്തിൽ ഹെസ്യൂസ് ഹിമിനെസും നോഹ സദൂയിയും ക്വാമി പെപ്രയും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. എന്നാൽ, പ്രീതം കോട്ടലിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം ശരാശരിയിലും താഴെയാണ്. അവസാനകളിയിൽ പഞ്ചാബിനോട് തോറ്റെങ്കിലും ചെന്നൈയിൻ ഈ സീസണിൽ മികച്ച കളിയായിരുന്നു. Read on deshabhimani.com