സെഞ്ചുറിയുമായി സച്ചിൻ ബേബി തിളങ്ങി; പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്
തിരുവനന്തപുരം > ക്യാപ്‌റ്റൻ സച്ചിൻ ബേബിയുടെ സെഞ്ചുറിക്കരുത്തിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ(കെസിഎൽ) ജേതാക്കളായി. ഫൈനലിൽ കലിക്കറ്റ് ഗ്ലോബ്‌സ്‌റ്റാഴ്‌സിനെ ആറ് വിക്കറ്റിന് തകർത്തു. സച്ചിൻ 54 പന്തിൽ 105 റണ്ണുമായി പുറത്താകാതെനിന്നു. എട്ട് ഫോറും ഏഴ് സിക്‌സറും പറത്തിയ ക്യാപ്‌റ്റന്റെ രണ്ടാംസെഞ്ചുറിയാണ്. 12 കളിയിൽ 528 റണ്ണുമായി ടൂർണമെന്റിലെ മികച്ച ബാറ്ററായി. സ്‌കോർ: കലിക്കറ്റ് 213/6, കൊല്ലം 214/4 (19.1). സച്ചിനും വത്സൽ ഗോവിന്ദും (45)ചേർന്ന് മൂന്നാംവിക്കറ്റിൽ അടിച്ചെടുത്ത 114 റണ്ണാണ് വിജയത്തിന് അടിത്തറ. ജയിക്കാൻ 214 റൺ വേണ്ടിയിരുന്ന കൊല്ലം, ക്യാപ്‌റ്റന്റെ കരുത്തിൽ അനായാസമാണ് മുന്നേറിയത്. അഞ്ച് ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 52 റണ്ണെന്നനിലയിലാണ് സച്ചിനും വത്സലും ഒന്നിച്ചത്. അഭിഷേക് നായർ (25), അരുൺ പൗലോസ് (13), എൻ എം ഷറഫുദീൻ (2) എന്നിവരുടെ വിക്കറ്റുകൾ നഷ്‌ടമായി. രാഹുൽ ശർമ 15 റണ്ണുമായി സച്ചിനൊപ്പം വിജയത്തിൽ പങ്കാളിയായി. അവസാന ഓവറിൽ ജയിക്കാൻ അഞ്ച് റൺ. ആദ്യ പന്ത് വൈഡായപ്പോൾ രണ്ടാമത്തേത് ഫോറടിച്ച് സച്ചിൻ ദൗത്യം പൂർത്തിയാക്കി. ടോസ് നേടിയ കൊല്ലം സെയ്‍ലേഴ്സ് പന്തെറിഞ്ഞു. ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും (51), അഖിൽ സ്‌കറിയയും (50), എം അജിനാസും (56) നേടിയ അർധസെഞ്ചുറികളാണ് കലിക്കറ്റിനെ 200 കടത്തിയത്. രോഹൻ 26 പന്തിൽ ഏഴു ഫോറും രണ്ട് സിക്‌സറുമടിച്ചു. അജിനാസും അഖിലും ചേർന്ന് സ്‌കോർ 100 കടത്തി. അഖിൽ 30 പന്തിൽ നാലു ഫോറും മൂന്ന് സിക്സറുമടിച്ചു. കൊല്ലത്തിന്റെ പ്രകടനം ലീഗിൽ ഉടനീളം ആധികാരികമായിരുന്നു. പത്ത് കളിയിൽ എട്ടും ജയിച്ച് ഒന്നാമതായാണ് സെമിയിലെത്തിയത്. ഓൾറൗണ്ടർ എൻ എം ഷറഫുദ്ദീനാണ് ടൂർണമെന്റിലെ താരം. 19 വിക്കറ്റിനൊപ്പം 120 റണ്ണുമടിച്ചു. സച്ചിൻ രണ്ട് സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും നേടി. 41 ഫോറും 29 സിക്‌സറും പറത്തി. കലിക്കറ്റിന്റെ അഖിൽ സ്‌കറിയ 12 കളിയിൽ 25 വിക്കറ്റുമായി ഒന്നാമതെത്തി. ബ്രാൻഡ് അംബാസിഡറായ നടൻ മോഹൻലാലും മന്ത്രി വി അബ്‌ദുറഹിമാനും ചേർന്ന് ട്രോഫികൾ വിതരണം ചെയ്‌തു. കെസിഎൽ ജേതാക്കൾക്ക് 30 ലക്ഷവും റണ്ണറപ്പിന് 20 ലക്ഷവുമാണ് സമ്മാനത്തുക. Read on deshabhimani.com