ആലപ്പി വെടിക്കെട്ട്‌ ; തൃശൂർ ടെെറ്റൻസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു

ആലപ്പി റിപ്പിൾസ് ക്യാപ്റ്റൻ മുഹമ്മദ് അസ്‌ഹറുദീൻ സിക്സർ പായിക്കുന്നു /ഫോട്ടോ: ജി പ്രമോദ്


തിരുവനന്തപുരം കേരള ക്രിക്കറ്റ്‌ അസോസിയേഷന്റെ പ്രഥമ ട്വന്റി20 ക്രിക്കറ്റ്‌ ലീഗിലെ ആദ്യവിജയം ആലപ്പി റിപ്പിൾസിന്‌. വെടിക്കെട്ട്‌ പ്രകടനംകൊണ്ട്‌ തൃശൂർ ടൈറ്റൻസിനെ അഞ്ച്‌ വിക്കറ്റിന്‌ കീഴടക്കി. 161 റൺ ലക്ഷ്യവുമായി ഇറങ്ങിയ ആലപ്പി ഒമ്പത്‌ പന്ത്‌ ബാക്കിനിൽക്കെ ജയം കണ്ടു. ക്യാപ്‌റ്റൻ മുഹമ്മദ്‌ അസ്‌ഹറുദീൻ ആയിരുന്നു വിജയശിൽപ്പി. 47 പന്തിൽ 92 റണ്ണടിച്ച ക്യാപ്‌റ്റന്റെ ഇന്നിങ്‌സിൽ ഒമ്പത്‌ സിക്‌സറും മൂന്ന്‌ ഫോറും ഉൾപ്പെട്ടു. സ്‌കോർ: തൃശൂർ ടൈറ്റൻസ്‌ 161/8;  ആലപ്പി റിപ്പിൾസ്‌ 163/5 (18.3). ടോസ്‌ നേടി ബൗളിങ്‌ തെരഞ്ഞെടുത്ത ആലപ്പുഴയുടെ തീരുമാനം മികച്ചതായി. കെസിഎല്ലിന്റെ ചരിത്രത്തിലെ ആദ്യ പന്തെറിഞ്ഞ ഫാസിൽ ഫനൂസ്‌ ആദ്യ പന്തിൽത്തന്നെ വിക്കറ്റ്‌ നേടി കൂറ്റനടിയിലൂടെ സ്‌കോർബോർഡ്‌ തുറക്കാൻ ശ്രമിച്ച തൃശൂരിന്റെ അഭിഷേക്‌ പ്രതാപിനെ മടക്കി. അടുത്ത ഓവറിൽ ഒരു റൺ മാത്രമെടുത്ത ക്യാപ്‌റ്റൻ വരുൺ നായനാരേക്കൂടി നഷ്‌ടപ്പെട്ടതോടെ തൃശൂരിന്റെ നില പരുങ്ങലിലായി. വിഷ്‌ണു വിനോദും (14 പന്തിൽ 22) അഹമ്മദ്‌ ഇമ്രാനും (21 പന്തിൽ 23) ചേർന്നാണ്‌ ചെറുത്തുനിന്നത്‌. തുടർന്ന്‌ അക്ഷയ്‌ മനോഹറും (44 പന്തിൽ 57) വി അർജുനും (20 പന്തിൽ 20) ചേർന്ന്‌ ടീമിനെ മികച്ച സ്‌കോറിലേക്ക്‌ നയിച്ചു.  അഞ്ച്‌ സിക്‌സും ഒരു ഫോറും അക്ഷയ്‌ നേടി. ആലപ്പുഴയ്‌ക്കുവേണ്ടി ആനന്ദ്‌ ജോസഫ്‌ മൂന്നും ഫാസിൽ ഫനൂസ്‌ രണ്ടു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിൽ രണ്ട്‌ വിക്കറ്റ്‌ വേഗത്തിൽ നഷ്ടമായെങ്കിലും അസ്‌ഹറുദീൻ കളി ആലപ്പുഴയ്‌ക്ക്‌ അനുകൂലമാക്കി. വിനൂപ്‌ മനോഹരനെ (27 പന്തിൽ 33) കൂട്ടുപിടിച്ച്‌ 84 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. 26 പന്തിൽ അസ്‌ഹർ അരസെഞ്ചുറി കുറിച്ചു. കളിയിലെ മികച്ച താരവും അസ്‌ഹർതന്നെ. രണ്ടാമത്തെ മത്സരത്തിൽ ട്രിവാൻഡ്രം റോയൽസും കൊച്ചി ബ്ലൂ ടൈഗേഴ്‌സും തമ്മിൽ ഏറ്റുമുട്ടി. ഇന്ന്‌ പകൽ 2.30ന്‌ കലിക്കറ്റ്‌ ഗ്ലോബ്‌സ്‌റ്റാഴ്‌സും ഏരീസ്‌ കൊല്ലം സെയിലേഴ്‌സും എറ്റുമുട്ടും. രണ്ടാമത്തെ മത്സരം വൈകിട്ട്‌ 6.45ന്‌ ആലപ്പി റിപ്പിൾസും ട്രിവാൻഡ്രം റോയൽസും തമ്മിലാണ്‌. തിങ്കൾ വൈകിട്ട്‌ ആറിന്‌ കെസിഎൽ മത്സരങ്ങളുടെ ഉദ്ഘാടനത്തിൽ ബ്രാൻഡ്‌ അംബാസഡർ മോഹൻലാൽ മുഖ്യാതിഥിയായി. Read on deshabhimani.com

Related News