കടുവകളെ പൂട്ടി ടൈറ്റന്‍സ് ; തൃശൂർ ടൈറ്റൻസ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ തോൽപ്പിച്ചു
തിരുവനന്തപുരം കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) മഴ വില്ലനായെത്തിയെങ്കിലും ക്യാപ്റ്റൻ വരുൺ നായനാരുടെ വെടിക്കെട്ടിൽ തൃശൂർ ടൈറ്റൻസിന് ജയം. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ ഏഴ് വിക്കറ്റിന് കീഴടക്കി. കൊച്ചിയുടെ ബാറ്റിങ്ങിനിടെ മഴ കളി മുടക്കിയതോടെ മത്സരം 16 ഓവറായി ചുരുക്കി. കൊച്ചി നാല് വിക്കറ്റ് നഷ്‌ടത്തിൽ 130 റണ്ണെടുത്തു. മഴ നിയമപ്രകാരം 16 ഓവറിൽ തൃശൂരിന്റെ വിജയലക്ഷ്യം 136 ആയി പുതുക്കി. തൃശൂർ ഒരോവർ ശേഷിക്കെ ലക്ഷ്യംകണ്ടു. 38 പന്തിൽ പുറത്താകാതെ 64 റണ്ണടിച്ച വരുൺ നായനാർ കളിയിലെ താരമായി. ആറ് ഫോറും മൂന്ന് സിക്‌സറും ഉൾപ്പെട്ടതാണ് ഓപ്പണറുടെ ഇന്നിങ്സ്. സ്‌കോർ: കൊച്ചി 130/4 (16 ഓവർ), തൃശൂർ 139 /3 (15 ഓവർ) വിജയം ലക്ഷ്യമിട്ടിറങ്ങിയ തൃശൂരിന് നാലാം ഓവറിൽ 22 റണ്ണെടുക്കുന്നതിടെ രണ്ട് വിക്കറ്റ് നഷ്‌ടമായി. ഓപ്പണർ വരുണിന് വിഷ്‌ണു വിനോദ് (46) നല്ല കൂട്ടായി. ഈ കൂട്ടുകെട്ട് മൂന്നാംവിക്കറ്റിൽ 100 റണ്ണടിച്ചത് വിജയത്തിന് അടിത്തറയായി. ആനന്ദ് സാഗർ (5), അഭിഷേക് പ്രതാപ് (6) എന്നിവർ മങ്ങി. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റെടുത്ത കൊച്ചിക്ക് വിക്കറ്റ്‌കീപ്പർ നിഖിൽ തോട്ടത്തിന്റെ 47 റണ്ണാണ് തുണയായത്. ഓപ്പണർ ആനന്ദ് കൃഷ്‌ണൻ (19), ജോബിൻ ജോയ് (7), ഷോൺ റോജർ (23) എന്നിവരും പുറത്തായി. 21 റണ്ണുമായി സിജോമോൻ ജോസഫ് പുറത്തായില്ല. Read on deshabhimani.com