ടി പി പി നായര്‍: ചെറുകുന്നിന്റെ വലിയ താരം



കണ്ണൂര്‍ > ധ്യാന്‍ചന്ദ് പുരസ്കാരത്തിലൂടെ ടി പി പി നായര്‍ അംഗീകരിക്കപ്പെട്ടപ്പോള്‍ അത് കായികഭാരതം അവഗണിച്ച പ്രതിഭയോടുള്ള കാലത്തിന്റെ കടമതീര്‍ക്കലായി. ഒപ്പം രാജ്യത്തിന്റെ യശസ്സ്് ലോകത്തോളം ഉയര്‍ത്തിക്കെട്ടിയ കണ്ണൂര്‍ ചെറുകുന്നിലെ വലിയ താരത്തിനോടുള്ള നന്ദിപ്രകടനവും. രണ്ട് ഏഷ്യാഡുകളില്‍ മെഡല്‍ ഉയര്‍ത്തുകയും മൂന്നുതവണ ദേശീയ കിരീടത്തില്‍ മുത്തമിടുകയും ചെയ്ത മറ്റൊരു മലയാളി വോളിതാരമില്ല. എന്നിട്ടും അര്‍ഹതപ്പെട്ട അര്‍ജുന അവാര്‍ഡ് സമ്മാനിക്കാതെയും പെന്‍ഷന്‍ വൈകിപ്പിച്ചും കായികാധികൃതര്‍ കാണിച്ചത് അവഗണന. മുംബൈയില്‍ വിശ്രമജീവിതം നയിക്കുമ്പോഴും കളിക്കളത്തിലെ ഇരമ്പം കാതില്‍ മുഴങ്ങുന്ന തെക്കുമ്പാടന്‍ പുത്തന്‍വീട്ടില്‍ പത്മനാഭന്‍ നായരെന്ന നാട്ടുകാരുടെ മണിയേട്ടന് ആരോടും പരിഭവമില്ല. 1962ല്‍ ജക്കാര്‍ത്ത ഏഷ്യാഡില്‍ പാകിസ്ഥാനുമായുള്ള പ്രാഥമിക മത്സരത്തില്‍ വിജയമുന്നേറ്റം കുറിച്ചപ്പോഴാണ് ഈ മലയാളിയുടെ മിടുക്ക് ലോകം തിരിച്ചറിഞ്ഞത്. ജക്കാര്‍ത്തയില്‍ ഇന്ത്യ വെള്ളിമെഡല്‍ ഉയര്‍ത്തിയപ്പോള്‍ ക്യാപ്റ്റനും കോച്ചും അദ്ദേഹമായിരുന്നു. 1958ല്‍ ടോക്കിയോ ഏഷ്യാഡില്‍ വെങ്കലം നേടിയ ഇന്ത്യന്‍ടീമിലും അംഗമായിരുന്നു. സര്‍വീസസിനും റെയില്‍വേക്കും വേണ്ടിയുള്ള വിജയക്കുതിപ്പുകളില്‍ ഇന്ത്യയ്ക്കായി ജേഴ്സിയണിഞ്ഞ നായര്‍ ചെറുകുന്ന് സ്കൂള്‍ മൈതാനത്തെ കാല്‍പ്പന്തുകളിയിലും ബോള്‍ബാഡ്മിന്റണില്‍നിന്നുമാണ് കുതിപ്പ് തുടങ്ങിയത്. 1949ല്‍ വടകരയില്‍നടന്ന സ്കൂള്‍ വോളിയില്‍ ഒരു കുട്ടിയുടെ മാസ്മരികപ്രകടനമാണ് അദ്ദേഹത്തെ വോളിയുടെ ആകാശത്തേക്ക് ഉയര്‍ത്തിയത്. 1958ല്‍ ഏഷ്യാഡില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ ആ കുട്ടിയും ഉണ്ടായിരുന്നു. പേര് ഒളിംപ്യന്‍ റഹ്മാന്‍. കാലം വഴിത്തിരിവില്‍ കാത്തുവച്ച വിസ്മയങ്ങളുടെ ആകത്തുകയാണ് നായരുടെ ജീവിതം.17ാം വയസില്‍ നാടുവിട്ട അദ്ദേഹം വ്യോമസേനയില്‍ ചേര്‍ന്നു. തമിഴ്നാട്ടിലെ താംബരത്ത് വോളിബോള്‍ പരിശീലനം കാണാനെത്തിയ യുവാവില്‍ കോച്ച് വാഴക്കുളം ജോസഫ് ഇന്ത്യയുടെ ഭാവിതാരത്തെ കണ്ടെടുത്തു. പിന്നീട് സര്‍വീസസില്‍ ചേര്‍ന്ന നായര്‍ 1954ല്‍ ഇന്ത്യയിലെത്തിയ റഷ്യന്‍ ടീമിനെ എതിരിട്ട ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്നു. എതിര്‍ടീമിനെ ആശയക്കുഴപ്പത്തിന്റെ വലയില്‍ കുടുക്കുന്ന ക്രോസ്ഹിറ്റ് ശൈലിയുടെ പ്രയോക്താവായിരുന്നു. 1957ല്‍ ദേശീയകിരീടം നേടിയ ടീമിലുണ്ടായിരുന്നു. കല്‍ക്കത്തയില്‍ ഉത്തര്‍പ്രദേശുമായി നടന്ന മത്സരത്തില്‍ സര്‍വീസസ് ദേശീയകിരീടം ആദ്യമായി സ്വന്തമാക്കി. 60ല്‍ ഡെല്‍ഹിയിലും സര്‍വീസസ് രണ്ടാമത് ദേശീയകിരീടം ചൂടി. 1960ല്‍ വെസ്റ്റേണ്‍ റെയില്‍വേയില്‍ ചേര്‍ന്നപ്പോഴാണ് മൂന്നാമത്തെ കിരീടം. 1959ലെ ശ്രീലങ്കന്‍ പര്യടനത്തിലും അദ്ദേഹമുണ്ടായിരുന്നു. 1961ല്‍ എന്‍ഐസിന്റെ കോഴ്സ് 91ശതമാനം മാര്‍ക്കോടെ പാസായി. 1992ല്‍ റെയില്‍വേയില്‍ സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്‍ഡായി വിരമിച്ചു. പിന്നീട് അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്യപ്പെട്ടെങ്കിലും തഴയപ്പെട്ടു. തനിക്കൊപ്പമുണ്ടായിരുന്ന താരമായ റിബജിത് സിങ്ങിന് അര്‍ജുന ലഭിച്ചപ്പോഴും കളിമികവിന്റെ ആ ആചാര്യനായി ആരും സ്വരമുയര്‍ത്തിയില്ല. മീനാക്ഷിയാണ് ടി ടി പി നായരുടെ ഭാര്യ. പ്രദീപ്, പ്രമീള എന്നിവര്‍ മക്കളും മിനിനായര്‍, സുധീര്‍ എന്നിവര്‍ മരുമക്കളുമാണ്. Read on deshabhimani.com

Related News