കരുത്തോടെ ലിവർപൂൾ, നടുങ്ങി ബാഴ്‌സ, സൂപ്പർപോര് സമനിലയിൽ
ലണ്ടൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ലിവർപൂൾ മുന്നോട്ട്. വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സിനെ 2–-1ന് വീഴ്‌ത്തി പട്ടികയിൽ ഒന്നാമതെത്തി. ആറു കളിയിൽ 15 പോയിന്റാണുള്ളത്. രണ്ടാമതുള്ള നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് 14. ഇതേ പോയിന്റുള്ള അഴ്‌സണൽ മൂന്നാമതുണ്ട്. വൂൾവ്‌സിനെതിരെ ഇബ്രാഹിമ കൊനാറ്റെയും മുഹമ്മദ് സലായും ലിവർപൂളിനായി ലക്ഷ്യം കണ്ടു. റയാൻ നൗറിയാണ് വൂൾവ്‌സിനായി വലകുലുക്കിയത്. നടുങ്ങി ബാഴ്‌സ മാഡ്രിഡ് സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ ബാഴ്‌സലോണയുടെ വിജയക്കുതിപ്പ് അവസാനിപ്പിച്ച് ഒസാസുന. 4–-2നാണ് കരുത്തരെ തകർത്തത്. തുടർച്ചയായ എട്ടാംജയം ലക്ഷ്യമിട്ടെത്തിയ ബാഴ്സയ്‌ക്ക് ഒസാസുനയുടെ മിന്നലാക്രമണത്തിന് മറുപടിയുണ്ടായില്ല. ഇതോടെ ലീഗിലെ ആദ്യതോൽവിയറിഞ്ഞു ഹാൻസി ഫ്ലിക്കും കൂട്ടരും. ഒസാസുനയ്‌ക്കായി ആന്റെ ബുദിമിർ ഇരട്ടഗോൾ നേടി. ബ്ര്യാൻ സർഗോസയും ഏബൽ ബ്രെട്ടോൺസും പട്ടിക തികച്ചു. ആദ്യപകുതി ഒസാസുന രണ്ട് ഗോളിന് ലീഡെടുത്തിരുന്നു. ബാഴ്‌സയ്‌ക്കായി പൗ വിക്ടറും ലമീൻ യമാലുമാണ് ലക്ഷ്യംകണ്ടത്. തോറ്റെങ്കിലും ഒന്നാംസ്ഥാനത്ത് തുടർന്നു മുൻ ചാമ്പ്യൻമാർ. എട്ടു കളിയിൽ 21 പോയിന്റുണ്ട്. ഒസാസുനയാകട്ടെ 14 പോയിന്റുമായി ആറാംസ്ഥാനത്തേക്ക് ഉയർന്നു. സൂപ്പർപോര് സമനിലയിൽ മ്യൂണിക് ജർമൻ ഫുട്‌ബോൾ ലീഗിലെ സൂപ്പർപോര് സമനിലയിൽ. നിലവിലെ ചാമ്പ്യൻമാരായ ബയേർ ലെവർകൂസനും 33 തവണ കിരീടം ചൂടിയ ബയേൺ മ്യൂണിക്കും ഓരോ ഗോളടിച്ച് പിരിഞ്ഞു. എതിരാളിയുടെ മൈതാനത്ത് റോബർട്ട് ആൻഡ്രിച്ചിലൂടെ ലെവർകൂസനായിരുന്നു ലീഡെടുത്തത്. എന്നാൽ, ഏഴു മിനിറ്റുകൊണ്ട് ബയേൺ സമനില പിടിച്ചു. അലെക്‌സാണ്ടർ പാവലോവിച്ചാണ് ഗോളടിച്ചത്. കളത്തിൽ ബയേണിനായിരുന്നു നിയന്ത്രണം. എതിർവലയിലേക്ക് ആകെ 21 ഷോട്ടുകൾ തൊടുത്തു. 70 ശതമാനവും പന്ത് കാലിലാക്കി. എന്നിട്ടും വിജയം കാണാനായില്ല. കളിയവസാനം സൂപ്പർതാരം ഹാരി കെയ്‌ൻ പരിക്കേറ്റ് മടങ്ങിയതും തിരിച്ചടിയായി. അഞ്ചു കളിയിൽ 13 പോയിന്റുള്ള ബയേൺ ഒന്നാമതും പത്ത് പോയിന്റുള്ള ലെവർകൂസൻ മൂന്നാമതുമാണ്. ആർ ബി ലെയ്‌പ്‌സിഗാണ് (11) രണ്ടാമത്. യുവന്റസ് ഒന്നാംസ്ഥാനത്ത് ജെനോവ ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിൽ യുവന്റസ് ഒന്നാംസ്ഥാനത്ത്. ജെനോവയെ മൂന്ന് ഗോളിന് തകർത്താണ് മുന്നേറ്റം. ദുസാൻ വ്ലാഹോവിച്ച് ഇരട്ടഗോൾ നേടി. ഫ്രാൻസിസ്‌കോ കൊൺസെയ്‌കാവോയും വലകുലുക്കി. അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് കളി നടന്നത്. ജെനോവയുടെ തട്ടകത്തിലായിരുന്നു മത്സരം. ഇറ്റാലിയൻ കപ്പിൽ കഴിഞ്ഞദിവസം സാംമ്പദോറിയക്കെതിരായ മത്സരത്തിനിടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. പുക ബോംബുൾപ്പെടെ പ്രയോഗിച്ചു. ഈ പശ്ചാത്തലത്തിലാണ് കാണികളെ വിലക്കിയത്. മത്സരത്തിൽ രണ്ടാംപകുതിയിലായിരുന്നു യുവന്റസിന്റെ ഗോളുകൾ. ആറു കളിയിൽ 12 പോയിന്റാണ്. എസി മിലാൻ (11), ഇന്റർ മിലാൻ (11), ടോറിനോ (11) എന്നിവരാണ് യഥാക്രമം രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങളിൽ. Read on deshabhimani.com