മനീഷ തലാഷ് ; പ്രകാശം 
പരത്തുന്ന 
പെൺകുട്ടി

ബ്രേക്ഡാൻസ് ചെയ്യുന്ന മനീഷ തലാഷ്


പാരിസ്‌ വെളിച്ചമായിരുന്നു അവൾ കൊതിച്ചത്‌. ഇരുട്ടിലേക്ക്‌ പിടിച്ചിടാൻ അവർ ശ്രമിച്ചെങ്കിലും ആ പെൺകുട്ടി കുതറിയോടി. താലിബാന്റെ തിട്ടൂരങ്ങൾക്കും മതഭ്രാന്തിനും വഴങ്ങിയില്ല. ഉള്ളതെല്ലാം കൈയിൽ ചേർത്തുപിടിച്ച്‌ നാടുവിടുമ്പോൾ മനീഷ തലാഷിന്‌ ഭയമുണ്ടായിരുന്നില്ല. തോക്കിനുമുന്നിൽ ഇരയാകുന്നതിലും വലുതായി മറ്റൊന്നും വരാനില്ലെന്ന ബോധ്യം പതിനെട്ടുകാരിക്കുണ്ടായിരുന്നു. അഫ്‌ഗാനിസ്ഥാനിലെ ആദ്യ വനിതാ ബ്രേക്ഡാൻസറാണ്‌ മനീഷ. കുട്ടിക്കാലംമുതൽ കൂട്ടുകാരായ ആൺകുട്ടികൾക്കൊപ്പം കാബൂളിലെ ഡാൻസിങ്‌ ക്ലബ്ബിലെ പതിവുകാരി. യാഥാസ്ഥിതികവാദികൾ കൊലവിളിയുമായി പലവട്ടം അടുത്തെത്തിയെങ്കിലും ആട്ടം തുടർന്നു. 2021ൽ താലിബാൻ അഫ്‌ഗാനിൽ ഭരണം ഏറ്റെടുത്തതോടെ നിലനിൽപ്പ്‌ അപകടത്തിലായി. മനീഷ ഉൾപ്പെടെ ആറുപേർ പാകിസ്ഥാനിലേക്ക്‌ രക്ഷപ്പെട്ടു. അനധികൃത കടന്നുകയറ്റമായിരുന്നു. ഒരുവർഷത്തോളം ഒളിവിൽ കഴിഞ്ഞു. വീടുവിട്ട്‌ പുറത്തിറങ്ങാൻ പേടിയായിരുന്നു. പാസ്‌പോർട്ടോ മറ്റു രേഖകളോ കൈയിലില്ല. ഭയം മാത്രമായിരുന്നു ഓരോ നിമിഷവും. നല്ലവരായ സുഹൃത്തുക്കൾ സ്‌പെയ്‌നിലേക്കുള്ള വഴിയൊരുക്കി. 2022ൽ യൂറോപ്യൻ രാജ്യത്തെത്തി. അഭയാർഥി പരിരക്ഷകൂടി കിട്ടിയതോടെ ഇരുട്ട്‌ മാഞ്ഞു. കൂടുതൽ ഉന്മേഷത്തോടെ ഡാൻസ്‌ തുടർന്നു. കുടുംബത്തെയും സ്‌പെയ്‌നിലെത്തിച്ചു. ഒളിമ്പിക്‌സിൽ ആദ്യമായി ബ്രേക്‌ഡാൻസ്‌ ഇനമാണെന്നറിഞ്ഞ സുഹൃത്തുക്കളാണ്‌ മനീഷയെ പാരിസിൽ എത്തിച്ചത്‌. രാജ്യാന്തര ഒളിമ്പിക്‌ സമിതിയുടെ (ഐഒസി) കീഴിലുള്ള 36 അംഗ അഭയാർഥി ടീമിലെ ഏക ബ്രേക്‌ഡാൻസറാണ്‌ ഇന്നവൾ. മനീഷയുടെ കഥയറിഞ്ഞ ഐഒസി യോഗ്യതാ റൗണ്ടിലേക്ക്‌ വിളിച്ചു. പിന്നെ നടന്നത്‌ ചരിത്രം. ‘മെഡലിനെക്കുറിച്ച്‌ ചിന്തിക്കുന്നേയില്ല, ഈ ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ പാരിസിൽ എത്തിയതോടെ ഞാൻ ജയിച്ചുകഴിഞ്ഞു’–-മനീഷ പറയുന്നു. സ്വന്തം രാജ്യത്തിനായി മത്സരിക്കാനുള്ള ആഗ്രഹവും മറച്ചുവയ്‌ക്കുന്നില്ല. ‘താലിബാൻ രാവിലെ സ്ഥാനമൊഴിഞ്ഞാൽ ഉച്ചയ്‌ക്ക്‌ ഞാൻ അഫ്‌ഗാനിലുണ്ടാകും’–-അവൾ പ്രതികരിച്ചു. ആഗസ്‌ത്‌ ഒമ്പതിനാണ്‌ മനീഷ മത്സരിക്കുന്ന ബ്രേക്‌ഡാൻസ്‌. ഈഫൽ ഗോപുരത്തേക്കാൾ പ്രകാശം പരത്തി ആ പെൺകുട്ടി പാരിസിൽ ആനന്ദ ചുവടുവയ്‌ക്കുകയാണ്‌. അഭയാർഥി ഒളിമ്പിക്‌ ടീമിലെ 23 പുരുഷന്മാരും 13 വനിതകളുമാണ്‌. 11 രാജ്യങ്ങളിൽനിന്നുള്ളവർ വിവിധ കാരണങ്ങളാൽ 15 രാജ്യങ്ങളിൽ അഭയം തേടിയവരാണ്‌. 12 ഇനങ്ങളിൽ മത്സരിക്കുന്നു. 2016 റിയോ മുതലാണ്‌ അഭയാർഥി അത്‌ലീറ്റുകൾക്ക്‌ അവസരം. Read on deshabhimani.com

Related News