ഇന്ത്യൻ ഫുട്‌ബോൾ ടീമിന്‌ സ്‌പാനിഷ്‌ പരിശീലകൻ: മനോലോ ഇന്ത്യൻ കോച്ച്‌



ന്യൂഡൽഹി മനോലോ മാർക്വസ്‌ ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ മുഖ്യപരിശീലകനാകും. മൂന്നുവർഷത്തേക്കാണ്‌ സ്‌പാനിഷുകാരനുമായുള്ള കരാർ. ഐഎസ്‌എൽ ഫുട്‌ബോളിൽ ഹൈദരാബാദ്‌ എഫ്‌സിയുടെ ചുമതലക്കാരനായി ഇന്ത്യയിലെത്തിയ അമ്പത്തഞ്ചുകാരൻ നിലവിൽ എഫ്‌സി ഗോവയുടെ കോച്ചാണ്‌. അടുത്ത സീസൺവരെ ഈ ചുമതല തുടരും. ഇതിനൊപ്പം ഇന്ത്യയുടെ നിയന്ത്രണവും ഏറ്റെടുക്കും. 2025 മുതൽ മുഴുവൻസമയ പരിശീലകനാകും. 2022ൽ ഹൈദരാബാദിനെ ഐഎസ്‌എൽ ചാമ്പ്യൻമാരാക്കിയ മനോലോ 22 വർഷമായി പരിശീലകവേഷത്തിലുണ്ട്‌. സ്‌പെയ്‌നിലെ ഫുട്‌ബോളിന്റെ ഈറ്റില്ലമായ ബാഴ്‌സലോണയിൽനിന്നാണ്‌ ഈ മുൻ പ്രതിരോധക്കാരൻ. 28–-ാംവയസ്സിൽ കളിജീവിതം അവസാനിപ്പിച്ച്‌ പരിശീലകക്കുപ്പായമിട്ടു. ഇതുവരെ 14 ക്ലബ്ബുകളുടെ ചുമതലവഹിച്ചു. എസ്‌പാന്യോൾ, ലാസ്‌ പൽമാസ്‌ തുടങ്ങിയ സ്‌പാനിഷ്‌ ടീമിന്റെയും ക്രൊയേഷ്യ, തായ്‌ലൻഡ്‌ എന്നീ ലീഗുകളുടെ ക്ലബ്ബുകളുടെയും കോച്ചായി. 2020ലാണ്‌ ഹൈദരാബാദിന്റെ അമരക്കാരനായത്‌. കഴിഞ്ഞ സീസൺതൊട്ട്‌ ഗോവയുടെ പരിശീലകനായി. യുവത്വവും പരിചയസമ്പത്തും സമന്വയിപ്പിച്ച്‌ ആക്രമണശൈലിയിൽ ടീമിനെ ഒരുക്കാൻ മിടുക്കനാണ്‌. പുറത്താക്കിയ ഇഗർ സ്റ്റിമച്ചിന്‌ പകരക്കാരനായാണ്‌ മനോലോ ചുമതലയേൽക്കുന്നത്‌. ഇന്ത്യയിലുള്ള അനുഭവസമ്പത്താണ്‌ തുണച്ചത്‌. മോഹൻബഗാൻ സൂപ്പർ ജയന്റിന്റെ പരിശീലകനായിരുന്ന അന്റോണിയോ ഹബാസ്‌, വിയറ്റ്‌നാമിന്റെ ചുമതലവഹിച്ച പാർക്‌ ഹാങ്‌ സിയോയെയും മറികടന്നാണ്‌ മനോലേയെ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ നിയമിച്ചത്‌. വിയറ്റ്‌നാമിൽ ഒക്‌ടോബറിൽ നടക്കുന്ന ത്രിരാഷ്‌ട്ര ടൂർണമെന്റാണ്‌ മനോലോയുടെ അരങ്ങേറ്റം. ഒക്‌ടോബർ ഒമ്പതിന്‌ വിയറ്റ്‌നാമുമായും 12ന്‌ ലബനനുമായുമാണ്‌ ഇന്ത്യയുടെ മത്സരം. Read on deshabhimani.com

Related News