ഖേൽരത്ന: ഹർമൻപ്രീത് സിങ്ങും പ്രവീൺ കുമാറും പരിഗണനയിൽ; മനു ഭാക്കർ പട്ടികയിൽ ഇല്ല
ന്യൂഡൽഹി > പാരീസ് ഒളിമ്പിക്സ് ഇരട്ട മെഡൽ ജേതാവ് മനു ഭാക്കറിന്റെ പേര് ഖേൽരത്ന പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട കായികതാരങ്ങളുടെ പട്ടികയിൽ ഇല്ലെന്ന് റിപ്പോർട്ട്. മനു ഭാക്കർ പുരസ്കാരത്തിന് അപേക്ഷിച്ചിട്ടില്ലെന്നാണ് കായിക മന്ത്രാലയത്തിന്റെ അവകാശവാദം. പാരീസ് ഒളിമ്പിക്സിൽ ടീമിനെ വെങ്കലത്തിലേക്ക് നയിച്ച ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങ്, പാരീസ് പാരാലിമ്പിക്‌സിൽ ഏഷ്യൻ റെക്കോഡോടെ പുരുഷൻമാരുടെ ഹൈജംപ് ടി64 ക്ലാസിൽ സ്വർണം നേടിയ പാരാ അത്‌ലറ്റ് പ്രവീൺ കുമാർ എന്നിവരുടെ പേരുകൾ പുരസ്കാരത്തിനുള്ള പരിഗണനയിലാണ്. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ അധ്യക്ഷനായ 12 അംഗ സെലക്ഷൻ കമ്മിറ്റിയാണ് ഇവരുടെ പേരുകൾ നാമനിർദേശം ചെയ്തത്. പാരീസ് ഒളിമ്പിക്സിൽ മനു രണ്ട് വെങ്കല മെഡലുകൾ നേടിയിരുന്നു. വനിതകളുടെ 10 മീറ്റർ എയർ പിസ്‌റ്റളിൽ മനു നേടിയ വെങ്കലമായിരുന്നു പാരിസിലെ ആദ്യ ഇന്ത്യൻ മെഡൽ. തുടർന്ന് മിക്‌സഡ് ടീം ഇനത്തിൽ സരബ്‌ജോത് സിങ്ങിനൊപ്പം വെങ്കലം സ്വന്തമാക്കിയിരുന്നു. ഒരു ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാക്കർ. Read on deshabhimani.com