ഷൂട്ടിങ്ങിൽ ഇന്ത്യക്ക്‌ വീണ്ടും മെഡൽ; മനു ഭാകർ- സരബ്ജ്യോത് സിങ്ങ് സഖ്യത്തിന്‌ വെങ്കലം

image credit Team India facebook


പാരിസ്‌ മനു ഭാകർ ഒറ്റ ഒളിമ്പിക്‌സിൽ രണ്ട്‌ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി. ഷൂട്ടിങ്ങിൽ 10 മീറ്റർ എയർപിസ്‌റ്റൾ മിക്‌സഡ്‌ ടീം ഇനത്തിൽ മനുവും സരബ്‌ജോത്‌ സിങ്ങും ചേർന്ന്‌ വെങ്കലം വെടിവച്ചിട്ടു. ദക്ഷിണകൊറിയൻ ടീമിനെയാണ്‌ 16–-10 വ്യത്യാസത്തിൽ മറികടന്നത്‌. വനിതകളുടെ 10 മീറ്റർ എയർപിസ്‌റ്റളിൽ മനു പാരിസിലെ ആദ്യമെഡൽ നേടിയിരുന്നു. ദക്ഷികൊറിയക്കെതിരായ വെങ്കല മെഡൽ മത്സരം ഇന്ത്യക്ക്‌ ഏറെക്കുറെ എളുപ്പമായിരുന്നു. ആദ്യ ഷോട്ടിൽ മാത്രമാണ്‌ ഓ യെൻ ജിൻ–-ലീ വൺ ഹോ സഖ്യത്തിന്‌ മുൻതൂക്കം കിട്ടിയത്‌. അതുവഴി രണ്ട്‌ പോയിന്റും. രണ്ടാം ഷോട്ടുമുതൽ ഇന്ത്യ മുന്നിൽ കയറി. അഞ്ച്‌ ഷോട്ടു കഴിഞ്ഞപ്പോൾ 8–-2 ലീഡ്‌ കിട്ടി. പത്താംഷോട്ടിൽ അത്‌ 14–-6 ആയി ഉയർന്നു. 11, 12 ഷോട്ടുകളിൽ മുൻതൂക്കം നേടി കൊറിയ തിരിച്ചുവരവിന്‌ ശ്രമിച്ചെങ്കിലും വൈകിപ്പോയി. അവസാന ഷോട്ടിൽ സരബിന്റെ മികവിൽ മെഡലുറപ്പിച്ചു. ബാഡ്‌മിന്റൻ താരം പി വി സിന്ധുവിനുശേഷം രണ്ട്‌ ഒളിമ്പിക്‌സ്‌ മെഡൽ നേടുന്ന വനിതയാണ്‌. സിന്ധു കഴിഞ്ഞതവണ ടോക്യോയിൽ വെങ്കലം നേടിയിരുന്നു. 2016 റിയോയിൽ വെള്ളിയുണ്ട്‌. മൂന്നാംമെഡൽ ലക്ഷ്യമിട്ട്‌ മനു 25 മീറ്റർ എയർപിസ്‌റ്റളിലും മത്സരിക്കുന്നുണ്ട്‌. ആഗസ്‌ത്‌ രണ്ടിനാണ്‌ മത്സരം. പുരുഷന്മാരുടെയും വനിതകളുടെയും ട്രാപ്‌ ഇനത്തിൽ ഇന്ത്യക്കാർ പുറത്തായി. പ്രിഥ്വിരാജ്‌ ടൊൻഡെയ്‌മാൻ 21–-ാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. വനിതകളിൽ രാജേശ്വരി കുമാരി 21–-ാംസ്ഥാനത്താണ്‌. ശ്രേയസി സിങ് 22. Read on deshabhimani.com

Related News