വെടിയൊച്ച മുഴങ്ങട്ടെ ; പത്തു മീറ്റർ എയർ റൈഫിൾ മിക്‌സഡ് ഇനത്തിലെ ജേതാവിനെ വൈകിട്ടറിയാം
പാരിസ് ഒളിമ്പിക്‌സിലെ ആദ്യസ്വർണത്തിനായുള്ള വെടിയൊച്ച ഇന്നു മുഴങ്ങും. പത്തു മീറ്റർ എയർ റൈഫിൾ മിക്‌സഡ് ഇനത്തിലെ ജേതാവിനെ വൈകിട്ടറിയാം. 15 സ്വർണമാണ് ഷൂട്ടിങ്ങിൽ. എല്ലാ ഇനത്തിലും ഇന്ത്യ മത്സരിക്കുന്നു. 12 വർഷമായുള്ള മെഡൽവരൾച്ച അവസാനിപ്പിക്കാനാണ് ഷൂട്ടർമാർ ഇറങ്ങുന്നത്. 21 അംഗ ടീമാണ്. പത്തു പുരുഷന്മാരും 11 വനിതകളും. ഒളിമ്പിക്‌സിൽ ഇതുവരെ നേടിയത് ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ്. 2004 ഏതൻസിൽ രാജ്യവർധൻ സിങ് റാത്തോഡാണ് ആദ്യ ഷൂട്ടിങ് മെഡൽ സ്വന്തമാക്കിയത്. പുരുഷന്മാരുടെ ഡബിൾ ട്രാപ് ഇനത്തിലായിരുന്നു നേട്ടം. 2008 ബീജിങ്ങിൽ അഭിനവ് ബിന്ദ്ര ആദ്യമായി സ്വർണം നേടി. പത്തു മീറ്റർ എയർ റൈഫിൾസിലായിരുന്നു നേട്ടം. 2012 ലണ്ടനിൽ രണ്ട് മെഡൽ കിട്ടി. വിജയ്‌കുമാർ 25 മീറ്റർ റാപ്പിഡ്‌ഫയർ പിസ്റ്റളിൽ വെള്ളി കരസ്ഥമാക്കി. ഗഗൻ നരംഗ് പത്തു മീറ്റർ എയർ റൈഫിളിൽ വെങ്കലജേതാവായി. ഗഗൻ ഇത്തവണ പുതിയ ചുമതലയിലാണ്. മേരി കോം പിന്മാറിയപ്പോൾ ഇന്ത്യൻ സംഘത്തിന്റെ ചുമതല ഗഗന് കിട്ടി. 2016 റിയോവിലും 2020 ടോക്യോയിലും മെഡലില്ല. ടോക്യോയിൽ 15 താരങ്ങൾ അണിനിരന്നതിൽ ഒരാൾക്കുമാത്രമാണ് ഫൈനലിൽ കടക്കാനായത്. ആദ്യദിനം മെഡൽ നിശ്ചയിക്കുന്ന പത്തു മീറ്റർ എയർ റൈഫിൾ മിക്‌സഡ് ഇനത്തിൽ സന്ദീപ് സിങ്, അർജുൻ ബബുട്ട, ഇളവെനിൽ വാളറിവാൻ, രമിത ജിൻഡാൽ എന്നിവർ അണിനിരക്കും. പകൽ 12.30ന് തുടങ്ങുന്ന യോഗ്യതാറൗണ്ടിൽ മുന്നേറിയാൽ വൈകിട്ട് ഫൈനലിൽ വെടിവയ്‌ക്കാം. പുരുഷന്മാരുടെയും വനിതകളുടെയും പത്തു മീറ്റർ എയർ പിസ്റ്റൾ യോഗ്യതാറൗണ്ടും ഇന്ന് നടക്കും. പുരുഷന്മാരിൽ സരബ്‌ജോത് സിങ്ങും അർജുൻ ചീമയും മത്സരിക്കും. വനിതകളിൽ മനു ഭക്കറും റിഥം സാങ് വാനുമാണ്. Read on deshabhimani.com