മുഹ്സിൻ ചാടിയെടുത്തു ഇരട്ടപ്പൊന്ന്‌

അണ്ടർ 20 ആൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടുന്ന മുഹമ്മദ്‌ മുഹ്സിൻ


ഭുവനേശ്വർ ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന്റെ മുഹമ്മദ് മുഹ്സിന്റെ മടക്കം ഇരട്ടസ്വർണവുമായി. അണ്ടർ 20 ട്രിപ്പിൾജമ്പിലും ലോങ്ജമ്പിലുമാണ് നേട്ടം. ട്രിപ്പിൾജമ്പിൽ 15.78 മീറ്റർ താണ്ടിയാണ് സ്വർണം നേടിയത്. ആദ്യ ചാട്ടം 15.27 മീറ്ററായിരുന്നു. രണ്ടാമത്തേത്‌ ഫൗൾ. തുടർന്ന് 15.04, 15.31, 15.46 എന്നിങ്ങനെ. ആറാം അവസരത്തിൽ മുഹ്സിന് തൊട്ടുമുമ്പ്‌ ചാടിയ മഹാരാഷ്ട്രയുടെ വിവേക് ഗുപ്ത 15.58 മീറ്റർ മറികടന്നു. ആകാംക്ഷയുടെ കെട്ടുപൊട്ടിച്ച് അവസാന അവസരത്തിൽ 15.78 മീറ്ററിലേക്ക് മുഹ്സിൻ പറന്നിറങ്ങി. മലപ്പുറം കടകശേരി ഐഡിയൽ കോളേജിലെ വിദ്യാർഥിയാണ്. ടോമി ചെറിയാനാണ് പരിശീലകൻ. ലോങ്ജമ്പിൽ 7.39 മീറ്റർ ചാടിയാണ് സ്വർണം നേടിയത്. കഴിഞ്ഞവർഷം ദേശീയ സ്‌കൂൾ കായികമേളയിൽ ലോങ്ജമ്പ്, ട്രിപ്പിൾജമ്പ്, ഹൈജമ്പ് എന്നിവയിൽ സ്വർണവുമായി വ്യക്തിഗത ചാമ്പ്യനായിരുന്നു. മലപ്പുറം തവനൂർ സ്വദേശി ഹംസയുടെയും റംലത്തിന്റെയും മകനാണ്. Read on deshabhimani.com

Related News