ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ്‌ ; പിന്നോട്ടോടി കേരളം

അണ്ടർ 20 ആൺകുട്ടികളുടെ 800 മീറ്ററിൽ കേരളത്തിന്റെ ജെ ബിജോയ് സ്വർണത്തിലേക്ക് / ഫോട്ടോ: ബിനുരാജ്


ഭുവനേശ്വർ ട്രാക്കിലും ഫീൽഡിലും കേരളത്തിന്റെ തിരിച്ചുവരവ്‌ പ്രതീക്ഷിച്ചവർക്ക്‌ നിരാശമാത്രം ബാക്കി. അവസാനദിവസം മൂന്ന് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും കിട്ടിയെങ്കിലും  ഓവറോൾ നേട്ടത്തിൽ ആറാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിന്റെ 39–--ാം പതിപ്പ് കലിംഗ സ്റ്റേഡിയത്തിൽ അവസാനിച്ചപ്പോൾ ഹരിയാന ആധികാരികമായി ഏഴാം കിരീടം ചൂടി. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ഒന്നാംസ്ഥാനവുമായാണ് ഹരിയാനയുടെ  കിരീടനേട്ടം (303 പോയിന്റ്‌). തമിഴ്നാട് (269) രണ്ടാമതും മഹാരാഷ്ട്ര (205) മൂന്നാമതുമായി. ആറ് സ്വർണവും മൂന്ന് വെള്ളിയും ഒമ്പത് വെങ്കലവുമായി 141 പോയിന്റോടെയാണ്‌ കേരളം ആറാംസ്ഥാനത്ത്‌ എത്തിയത്‌. കഴിഞ്ഞവർഷം ഒമ്പത് സ്വർണവും എട്ട് വെള്ളിയും മൂന്ന് വെങ്കലവുമായി അഞ്ചാമതായിരുന്നു. 2016ലാണ് കേരളം അവസാനമായി ജേതാക്കളായത്. 23 തവണ ഓവറോൾ കിരീടം സ്വന്തമാക്കിയ ചരിത്രമുണ്ട്‌. അണ്ടർ 18 ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്റെ  കെ കിരൺ മികച്ച അത്‌ലീറ്റായി തെരഞ്ഞെടുക്കപ്പെട്ടു. അണ്ടർ 20 ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ അർജുൻ പ്രദീപ്, 800 മീറ്ററിൽ ജെ ബിജോയ്, ട്രിപ്പിൾജമ്പിൽ മുഹമ്മദ് മുഹ്സിൻ എന്നിവർ സ്വർണം നേടി. മലപ്പുറം കടകശേരി ഐഡിയൽ കോളേജിലെ മുഹമ്മദ് മുഹ്സിന്റെ രണ്ടാംസ്വർണമാണ്. ലോങ്ജമ്പിലും സ്വർണമുണ്ട്‌.  അണ്ടർ 20 ആൺകുട്ടികളുടെ 4x400 റിലേയിൽ വെള്ളി നേടിയപ്പോൾ പെൺകുട്ടികൾക്ക് വെങ്കലം ലഭിച്ചു. അണ്ടർ 20 പെൺകുട്ടികളുടെ 200 മീറ്ററിൽ എൻ ശ്രീന വെങ്കലം സ്വന്തമാക്കി.   ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ 51.75 സെക്കൻഡിലാണ്‌ അർജുൻ പ്രദീപ്‌  വേഗവര കടന്നത്‌. തിരുവനന്തപുരം ജിവി രാജ സ്‌കൂളിലെ കെ എസ് അജിമോനുകീഴിലാണ് പരിശീലനം. 3000 മീറ്ററിൽ മത്സരിച്ചുകൊണ്ടിരുന്ന അർജുനെ ജിവി രാജയിൽ എത്തിയശേഷം  അജിമോനാണ് 400 മീറ്ററിലേക്കും 400 മീറ്റർ ഹർഡിൽസിലേക്കും മാറ്റിയത്. 400 മീറ്ററിൽ  വെങ്കലമുണ്ട്‌. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഒന്നാംവർഷ ബിഎ ഇംഗ്ലീഷ് വിദ്യാർഥിയാണ്. കണ്ണൂർ ആലക്കോട്  നീരനാൽ പ്രദീപിന്റെയും ശ്രീജയുടെയും മകനാണ്. അണ്ടർ 20 ആൺകുട്ടികളുടെ 800 മീറ്ററിൽ സ്വർണം നേടിയ ജെ ബിജോയ് തുടക്കംമുതൽ ലീഡ് നേടിയാണ് സ്വർണം സ്വന്തമാക്കിയത്. 1:50.84 സെക്കൻഡിലാണ് ഓട്ടം പൂർത്തിയാക്കിയത്.പാലക്കാട് ചിറ്റൂർ യങ്സ്റ്റേഴ്സ് ക്ലബ്ബിന്റെ താരമാണ്. അരവിന്ദാക്ഷനാണ് പരിശീലകൻ.  തൃശൂർ സെന്റ്‌ തോമസ് കോളേജിലെ ഒന്നാംവർഷ ബിഎ ഇംഗ്ലീഷ് വിദ്യാർഥിയാണ്. ചിറ്റൂർ സ്വദേശി ജയശങ്കറിന്റെയും റീനയുടെയും മകനാണ്.    അണ്ടർ 200 പെൺകുട്ടികളുടെ 200 മീറ്ററിൽ എൻ ശ്രീന കേരളത്തിന് വെങ്കലം (24.75 സെക്കൻഡ്‌) സമ്മാനിച്ചു. 4x100 റിലേയിൽ വെങ്കലം നേടിയ ടീമിലും ശ്രീന അംഗമായിരുന്നു. എ ആർ സൂരജാണ് പരിശീലകൻ. ചങ്ങനാശേരി അസംപ്ഷൻ കോളേജിലെ മൂന്നാംവർഷ ബിഎ ചരിത്ര വിദ്യാർഥിയാണ്. പാലക്കാട്  വടക്കഞ്ചേരി പന്നിയങ്കര പൊട്ടക്കുളംപാറ എം നാരായണൻകുട്ടിയുടെയും എം ശ്രീദേവിയുടെയും മകളാണ്. അണ്ടർ 20 ആൺകുട്ടികളുടെ 4x400 മീറ്റർ റിലേയിൽ എസ് ആർ രോഹൻ, ജെ ബിജോയ്, ആദിൽ നൗഷാദ്, അർജുൻ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് കേരളത്തിനായി വെള്ളി (3:14.98) നേടിയത്. തമിഴ്നാടിനാണ് സ്വർണം (3:15:53).   ഹരിയാന ട്രാക്ക് മാറി 
കേരളത്തിന് വെങ്കലം അണ്ടർ 20 പെൺകുട്ടികളുടെ 4x400 റിലേയിൽ രണ്ടാംസ്ഥാനം നേടിയ ഹരിയാന ട്രാക്ക് മാറി ഓടിയതിനെ തുടർന്ന് അയോഗ്യരായതോടെയാണ് നാലാമത് ഉണ്ടായിരുന്ന കേരളത്തിന് വെങ്കലം ലഭിച്ചത് (3:56.44). ജാസ്മിൻ മാത്തച്ചൻ, സ്നേഹ മറിയം വിൽസൺ, ജെ എസ് നിവേദ്യ, പി വി അഭിരാമി എന്നിവരടങ്ങിയ സംഘത്തിനാണ് മെഡൽനേട്ടം. തമിഴ്നാടിനാണ്‌ സ്വർണം (3:46.01). ഡൽഹിക്ക് വെള്ളി ലഭിച്ചു. പോയിന്റ്‌ പട്ടിക ഹരിയാന 303 തമിഴ്നാട് 269 മഹാരാഷ്ട്ര 205 ഉത്തർപ്രദേശ്‌ 195 രാജസ്ഥാൻ 153 കേരളം 141   Read on deshabhimani.com

Related News