ഓപ്പൺ അത്‌ലറ്റിക്‌സ്‌ ; ആൻസി, 
അഫ്‌സൽ മിന്നി

ആൻസി സോജന്റെ വിജയാഹ്ലാദം


ബംഗളൂരു ദേശീയ ഓപ്പൺ അത്‌ലറ്റിക്‌സിന്റെ അവസാനദിനം മലയാളിതാരങ്ങളുടെ മിന്നും പ്രകടനം. വനിതകളുടെ ലോങ്‌ ജമ്പിൽ ആൻസി സോജനും പുരുഷന്മാരുടെ 800 മീറ്ററിൽ പി മുഹമ്മദ്‌ അഫ്‌സലും സ്വർണം നേടി. ഇരുവരും സർവീസസിനായാണ്‌ മത്സരിക്കുന്നത്‌. പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സർവീസസിന്റെ മറ്റൊരു മലയാളിതാരം എം പി ജാബിർ രണ്ടാംസ്ഥാനം സ്വന്തമാക്കി. ട്രിപ്പിൾ ജമ്പിൽ കേരളത്തിന്റെ വി എസ്‌ സെബാസ്റ്റ്യൻ വെങ്കലവും നേടി. റെയിൽവേസിനാണ് (318 പോയിന്റ‍് ) ഓവറോൾ കിരീടം. പുരുഷൻമാരിൽ സർവീസസ് 137 പോയിന്റുമായി ഒന്നാമതായി. വനിതകളിൽ റെയിൽവേസ്  (201) ഒന്നാമതെത്തി. ആൻസിയുടേത്‌ തകർപ്പൻ പ്രകടനമായിരുന്നു. 6.71 മീറ്റർ ചാടിയായിരുന്നു നേട്ടം. 2002ൽ അഞ്‌ജു ബോബി ജോർജ്‌ കുറിച്ച മീറ്റ്‌ റെക്കോഡിന്‌ അരികെയെത്തി. 6.74 മീറ്ററായിരുന്നു അഞ്‌ജു ചാടിയത്‌. ആൻസിയുടെ ഏറ്റവും മികച്ച പ്രകടനമാണിത്‌. മീറ്റിലെ മികച്ച താരവും ഇരുപത്തിമൂന്നുകാരിയാണ്‌. പുരുഷന്മാരിൽ തമിഴ്‌നാട്‌ സ്‌പ്രിന്റർ നിതിൻ മികച്ച താരമായി. 200 മീറ്റർ 20.66 സെക്കൻഡിലാണ്‌ പൂർത്തിയാക്കിയത്‌. അഫ്‌സൽ ഒരുമിനിറ്റ്‌ 48.10 സെക്കൻഡിൽ ദൂരം പൂർത്തിയാക്കിയാണ്‌ 800ൽ സ്വർണം നേടിയത്‌. ജാബിർ 50.53 സെക്കൻഡിൽ ഹർഡിൽസിൽ രണ്ടാമതായി. സെബാസ്റ്റ്യൻ 16.15 മീറ്റർ ചാടി ട്രിപ്പിളിൽ വെങ്കലംകുറിച്ചു. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ റെയിൽവേസിന്റെ വിത്യ രാംരാജ്‌ 56.23 സെക്കൻഡിൽ മീറ്റ്‌ റെക്കോഡ്‌ സ്വന്തമാക്കി. 1985ൽ പി ടി ഉഷ കുറിച്ച 56.80 സെക്കൻഡ്‌ സമയം തമിഴ്‌നാട്ടുകാരി തിരുത്തി. Read on deshabhimani.com

Related News