ദേശീയ സ്‌കൂൾ ജൂനിയർ മീറ്റ്‌; കേരളം നാലാമത്‌



ലഖ്‌നൗ > ദേശീയ ജൂനിയർ (അണ്ടർ 17) സ്‌കൂൾ അത്‌ലറ്റിക്‌ മീറ്റിൽ പഴയ പ്രതാപത്തിലേക്ക്‌ തിരിച്ചുവരാൻ കേരളത്തിനായില്ല. രണ്ട്‌ സ്വർണവും അഞ്ച്‌ വെള്ളിയും രണ്ട്‌ വെങ്കലവുമടക്കം 27 പോയിന്റുമായി നാലാംസ്ഥാനത്തായി. 12 സ്വർണമെഡലുകളുടെ തിളക്കത്തിൽ 70 പോയിന്റ്‌ സ്വന്തമാക്കിയ മഹാരാഷ്‌ട്രയാണ്‌ ജേതാക്കൾ. ഹരിയാന (42) രണ്ടും ഉത്തർപ്രദേശ്‌ (32) മൂന്നും സ്ഥാനം നേടി. കേരളത്തിന്റെ ഓവറോൾ കിരീടത്തിൽ എക്കാലത്തും നിർണായകശക്തിയായിരുന്ന പെൺകുട്ടികളുടെ സംഘം മങ്ങിപ്പോയി. മഹാരാഷ്‌ട്രയും ഹരിയാനയും മുന്നിലെത്തി. ജാർഖണ്ഡിനും കേരളത്തിനും തുല്യ പോയിന്റാണ്‌. സ്വർണത്തരിപോലുമില്ലാതെയാണ്‌ പെൺകുട്ടികളുടെ മടക്കം. നാല്‌ വെള്ളിയും ഒരു വെങ്കലവുമടക്കം 13 പോയിന്റുമാത്രം. ഹർഡിൽസിൽ വിഷ്‌ണുശ്രീ നേടിയ ഇരട്ട വെള്ളിയാണ്‌ പ്രധാനം. അവസാന ദിവസം ലോങ്ജമ്പിൽ പാലക്കാട്‌ കോട്ടായി ജിഎച്ച്‌എസ്‌എസിലെ എസ്‌ അനന്യ വെള്ളി കരസ്ഥമാക്കി. ചാടിയ ദൂരം 5.37 മീറ്റർ. ജാർഖണ്ഡിന്റെ ഒബാബി മുർമു 5.62 മീറ്ററോടെ സ്വർണം നേടി.  ആൺകുട്ടികൾ രണ്ട്‌ സ്വർണവും ഓരോ വെള്ളിയും വെങ്കലവും നേടി. ഉത്തർപ്രദേശും മഹാരാഷ്‌ട്രയും മുന്നിൽ കയറി. 4x400 മീറ്റർ റിലേയിൽ ആരോമൽ ഉണ്ണി, എം അമൃത്‌, സ്‌റ്റെഫിൻ സാലു, സബിൻ ജോർജ്‌ എന്നിവർ ഉൾപ്പെട്ട ടീം രണ്ടാംസ്ഥാനം നേടി. 4x100 മീറ്റർ റിലേയിൽ സ്വർണമുണ്ടായിരുന്നു.   Read on deshabhimani.com

Related News