സ്വർണം തേടി ജാവലിൻ ; നീരജ് ചോപ്ര ഇന്നിറങ്ങുന്നു
പാരിസ് പാരിസ് ടോക്യോയാകുമോ? നീരജ് വീണ്ടും പൊന്നണിയുമോ? ഇന്ന് രാത്രി 11.55ന് നടക്കുന്ന പുരുഷന്മാരുടെ ജാവലിൻത്രോ മത്സരം ഉത്തരം നൽകും. യോഗ്യതാറൗണ്ടിൽ 89.34 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തിയാണ് ഹരിയാനക്കാരൻ തുടർച്ചയായി രണ്ടാം ഒളിമ്പിക്‌സിലും ഫൈനലിലെത്തിയത്. ജീവിതത്തിലെ മികച്ച രണ്ടാമത്തെ ‘ത്രോ’യാണ് പാരിസിലേത്. പ്രധാന എതിരാളികളെല്ലാം ഫൈനലിൽ എത്തിയിട്ടുണ്ട്. ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് (88.61 മീറ്റർ), പാകിസ്ഥാൻ താരം അർഷാദ് നദീം (86.59), ജർമൻ ചാമ്പ്യൻ ജൂലിയൻ വെർബർ (87.76 മീറ്റർ), ചെക്ക് താരം യാകൂബ് വാദ്‌ലെജ് (85.6), ഫിൻലഡ് താരം ഒളിവർ ഹലാൻഡർ (83.81), കെഷോൺ വാൽക്കോട്ട് (83.81) എന്നിവർ മെഡൽസാധ്യതയുള്ളവരാണ്. ഈ സീസണിലെ മികച്ച പ്രകടനമാണ് നീരജ് യോഗ്യതാറൗണ്ടിൽ നടത്തിയത്. കഴിഞ്ഞ ഒളിമ്പിക്‌സിനുശേഷം സ്ഥിരതയാർന്ന പ്രകടനമാണ് ഇരുപത്താറുകാരന്റേത്. 90 മീറ്റർ എന്ന സ്വപ്‌നദൂരം സാധ്യമായില്ലെങ്കിലും 85 മീറ്ററിൽ താഴാതെ നോക്കി. ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് ചിട്ടയായ പരിശീലനമായിരുന്നു. ജർമൻകാരനായ പരിശീലകൻ ക്ലേവ് ബർടോനിറ്റ്‌സിന്റെ മേൽനോട്ടത്തിൽ തുർക്കിയിലായിരുന്നു തയ്യാറെടുപ്പ്. അതിനിടെ, ഒരിക്കൽമാത്രം ഇന്ത്യയിലെത്തി മത്സരത്തിൽ പങ്കെടുത്തു. ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിലായിരുന്നു വരവ്. കഴിഞ്ഞതവണയും ഒളിമ്പിക്‌സ് സ്വർണം നേടുംമുമ്പ് ഫെഡറേഷൻ കപ്പിൽ സാന്നിധ്യമുണ്ടായിരുന്നു. ഈ സീസണിൽ പരിക്കിന്റെ ലക്ഷണം കണ്ടപ്പോൾത്തന്നെ മുൻകരുതലെടുത്തു. തെരഞ്ഞെടുത്ത മത്സരങ്ങളിൽമാത്രം ജാവലിൻ എടുത്തു.വലിയനേട്ടത്തിന് കാത്തിരിക്കാനാണ് ഫൈനലിൽ എത്തിയശേഷം നീരജ് പറഞ്ഞത്. ‘‘യോഗ്യതാ മത്സരത്തിലെ ഒറ്റ ത്രോ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഫൈനലിൽ ജാവലിൻ പായിക്കാൻ ഇതൊരു ഉത്തേജകംതന്നെ’’– -നീരജ് വിശദീകരിച്ചു. പാരിസിൽ മറ്റൊരു ഇന്ത്യക്കാരനായ കിഷോർ കുമാർ ജെനയ്‌ക്ക് തിളങ്ങാനായില്ല; 80.73 മീറ്റർ. 18–-ാം സ്ഥാനത്തായി. Read on deshabhimani.com