ക്ലോഡിയോ ബ്രാവോ വിരമിച്ചു; ഗ്ലൗ അഴിക്കുന്നത്‌ ചിലിയുടെ ‘ക്യാപ്‌റ്റൻ അമേരിക്ക’



സാന്റിയാഗോ > ചിലിയൻ ഗോൾ കീപ്പർ ക്ലോഡിയോ ബ്രാവോ ഗ്ലൗ അഴിച്ചു. സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചാണ്‌ 41–-ാം വയസിൽ താരം വിരമിക്കൽ പ്രഖ്യാപിച്ചത്‌. ‘ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായം അവസാനിപ്പിക്കുന്നതിനുള്ള സമയമായിരുക്കുന്നു, ഒപ്പം പുതിയതൊന്ന്‌ തുറക്കാനും.’ വീഡിയോ സന്ദേശത്തിൽ ബ്രാവോ പറഞ്ഞു. ചിലി ദേശീയ ഫുട്‌ബോൾ ടീമിന്റെ സുവർണ കാലഘട്ടത്തിന്റെ അമരക്കാരനായിരുന്നു ക്ലോഡിയോ ബ്രാവോ. 2015 ലും 2016 ലും ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ച്‌ ചിലി കോപാ അമേരിക്ക നേടുമ്പോൾ ബ്രാവോ ആയിരുന്നു ടീമിന്റെ വല കാത്തത്‌. ചിലിയോടൊപ്പം രണ്ട്‌ ലോകകപ്പിലും ‘ക്യാപ്‌റ്റൻ അമേരിക്ക’ എന്നറിയപ്പെടുന്ന താരം കളിച്ചിട്ടുണ്ട്‌. കഴിഞ്ഞ കോപാ അമേരിക്കയിലും ചിലിക്കായി മികച്ച പ്രകടനമാണ്‌ താരം പുറത്തെടുത്തത്‌. എഫ്‌സി ബാഴ്‌സലോണ, മാഞ്ചസ്റ്റർ സിറ്റി, റയൽ സോസിഡാഡ്‌ എന്നീ ക്ലബ്ബുകളിൽ കളിച്ച ബ്രാവോ കഴിഞ്ഞ നൊല്‌ വർഷമയി റയൽ ബെറ്റിസിന്റെ ഗോൾ കീപ്പറായിരുന്നു. റയൽ സോസിഡാസിലൂടെ യൂറോപ്പിലെ കരിയർ ആരംഭിച്ച താരം 2014 ൽ ബാഴ്‌സലോണയിലെത്തി. ബാഴ്‌സലോണയോടൊപ്പം ചാമ്പ്യൻസ്‌ ലീഗ്‌, ക്ലബ്ബ്‌ ലോകകപ്പ്‌, ലീഗ്‌ കിരീടം ഉൾപ്പെടെ നേടിയ ബ്രാവോ 755 മിനുട്ട്‌ ഗോൾ വഴങ്ങാതെ ലാലിഗയിൽ റെക്കൊർഡ്‌ സൃഷ്‌ടിച്ചു. 2016 മുതൽ 2020 വരെ മാഞ്ചസ്റ്റർ സിറ്റിയിൽ കളിച്ച താരം ക്ലബ്ബിനോടൊപ്പം പ്രീമിയർ ലീഗ്‌ ടൈറ്റിലുൾപ്പെടെ വിവിധ കിരീടങ്ങൾ നേടി. Read on deshabhimani.com

Related News