ലങ്കയെ ജാൻസെൻ തകർത്തു
ഡർബൻ > ശ്രീലങ്കയെ തകർത്തെറിഞ്ഞ് ദക്ഷിണാഫ്രിക്ക ലോക ടെസ്‌റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ് പട്ടികയിൽ രണ്ടാംസ്ഥാനത്തേക്ക് കയറി. ഡർബനിൽ നടന്ന ഒന്നാം ടെസ്‌റ്റിൽ 233 റണ്ണിന്റെ വമ്പൻ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. രണ്ട് ഇന്നിങ്‌സിലുമായി 11 വിക്കറ്റെടുത്ത പേസർ മാർകോ ജാൻസെൻ ദക്ഷിണാഫ്രിക്കൻ വിജയത്തിന് ചുക്കാൻപിടിച്ചു. നാലാംദിനം 516 എന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റുമായി ഇറങ്ങിയ ലങ്ക 282ന് കൂടാരം കയറി. ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സ് അഞ്ചിന് 366 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. സ്‌കോർ: ദക്ഷിണാഫ്രിക്ക 191, 366/5 ഡി. ; ശ്രീലങ്ക 42, 282. രണ്ടാം ഇന്നിങ്‌സിൽ ദിനേഷ് ചൻഡിമൽ (83), ക്യാപ്‌റ്റൻ ധനഞ്‌ജയ ഡി സിൽവ (59), കുശാൽ മെൻഡിസ് (48) എന്നിവരുടെ പ്രകടനങ്ങളാണ് ലങ്കയെ കൂറ്റൻ തോൽവിയിൽനിന്ന് രക്ഷിച്ചത്. ജാൻസെൻ നാല് വിക്കറ്റെടുത്തു. ലോക ചാമ്പ്യൻഷിപ് പട്ടികയിൽ ഓസ്‌ട്രേലിയയെ പിന്തള്ളിയാണ് ദക്ഷിണാഫ്രിക്ക രണ്ടാമതെത്തിയത്. ലങ്ക അഞ്ചാമതാണ്. ഇന്ത്യയാണ് പട്ടികയിലെ ഒന്നാംസ്ഥാനക്കാർ. രണ്ടാം ടെസ്‌റ്റ് അഞ്ചിന് തുടങ്ങും. Read on deshabhimani.com