സയ്യദ് മുഷ്‌താഖ് അലി ട്രോഫി ; അഭിഷേകിന് 28 പന്തിൽ സെഞ്ചുറി
സൗരാഷ്‌ട്ര മിന്നും സെഞ്ചുറിയുമായി കളംനിറഞ്ഞ് അഭിഷേക് ശർമ. സയ്യദ് മുഷ്‌താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിൽ മേഘാലയക്കെതിരെ പഞ്ചാബ് ഓപ്പണർ 28 പന്തിൽ സെഞ്ചുറി കണ്ടു. ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേട്ടത്തിൽ ഗുജറാത്തിന്റെ ഉർവിൽ പട്ടേലിനൊപ്പമെത്തി. ഈ ടൂർണമെന്റിൽ ത്രിപുരയ്‌ക്കെതിരെ ഉർവിൽ 28 പന്തിൽ മൂന്നക്കം കണ്ടിരുന്നു. ഇതിനുമുമ്പ് ഋഷഭ് പന്തിന്റെ പേരിലായിരുന്നു വേഗമേറിയ സെഞ്ചുറി. 2018ൽ ഹിമാചൽപ്രദേശിനെതിരെ ഡൽഹി വിക്കറ്റ് കീപ്പർ ബാറ്റർ 32 പന്തിൽ നൂറടിച്ചു. മേഘാലയക്കെതിരെ 29 പന്തിൽ പുറത്താകാതെ 106 റണ്ണാണ് അഭിഷേക് നേടിയത്. 11 സിക്‌സറും എട്ട് ഫോറും പായിച്ചു. രണ്ട് വിക്കറ്റുമുണ്ട്. കളിയിൽ ഏഴ് വിക്കറ്റിനാണ് പഞ്ചാബ് ജയിച്ചത്. 143 റൺ വിജയലക്ഷ്യം 9.3 ഓവറിൽ മറികടന്നു. രഹാനെ തിളങ്ങി, മുംബൈ ക്വാർട്ടറിൽ ആന്ധ്രയെ നാല് വിക്കറ്റിന് തോൽപ്പിച്ച് മുംബൈ സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ക്രിക്കറ്റിന്റെ ക്വാർട്ടറിൽ കടന്നു. ആന്ധ്ര ഉയർത്തിയ 230 റൺ ലക്ഷ്യം മൂന്ന് പന്ത് ശേഷിക്കെ മറികടന്നു. 54 പന്തിൽ 95 റണ്ണെടുത്ത അജിൻക്യ രഹാനെയാണ് വിജയശിൽപ്പി. ആന്ധ്ര മികച്ച രണ്ടാംസ്ഥാനക്കാരായി പ്രീ ക്വാർട്ടറിലെത്തി. ഗ്രൂപ്പിൽ മൂന്നാംസ്ഥാനക്കാരായ കേരളം പുറത്തായി. മറ്റൊരു മത്സരത്തിൽ ജാർഖണ്ഡിനെതിരെ ഉത്തർപ്രദേശിനായി പേസർ ഭുവനേശ്വർ കുമാർ ഹാട്രിക് നേടി. ഉത്തർപ്രദേശ് 10 റണ്ണിന്റെ ജയമാണ് നേടിയത്. പ്രീ ക്വാർട്ടറിലേക്കും മുന്നേറി. ബറോഡ 349/5 ട്വന്റി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്‌കോർ സ്വന്തം പേരിലാക്കി ബറോഡ. സയ്‌ദ് മുഷ്‌താഖ് അലി ട്രോഫിയിൽ സിക്കിമിനെതിരെ കുറിച്ചത് 349 റൺ. കഴിഞ്ഞ ഒക്‌ടോബറിൽ ഗാംബിയക്കെതിരെ സിംബാബ്‌വെ നേടിയ 344 റണ്ണിന്റെ റെക്കോഡ് പഴങ്കഥയായി. ഇതേ കളിയിലെ സിക്‌സറിന്റെ റെക്കോഡും ബറോഡ തകർത്തു. അന്ന് സിംബാബ്‌വെ 27 സിക്‌സറടിച്ചെങ്കിൽ സിക്കിമിനെതിരെ ബറോഡക്കാർ 37 തവണ പന്ത് അതിർത്തി കടത്തി. സിക്കിമിനെതിരെ 263 റണ്ണിനാണ് ബറോഡ ജയിച്ചത്. ഭാനു പാനിയ 51 പന്തിൽ പുറത്താകാതെ 134 റൺ നേടി. അഭിമന്യു രാജ്‌പുത് (17 പന്തിൽ 53), ശിവലിക് ശർമ (17 പന്തിൽ 55), വിഷ്‌ണു സൊളങ്കി (16 പന്തിൽ 50) എന്നിവരും തിളങ്ങി. സ്‌കോർ: ബറോഡ 349/5 സിക്കിം 86/7. Read on deshabhimani.com