ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി



വടക്കഞ്ചേരി (പാലക്കാട്) ദേശീയ വനിതാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തോൽവി. തമിഴ്നാട് ഒന്നിനെതിരെ മൂന്നു ഗോളിന് ജയിച്ചു. ഇതോടെ കേരളത്തിന്റെ ഫൈനൽ റൗണ്ട് സാധ്യതയ്ക്ക് മങ്ങലേറ്റു. ഇടവേളയിൽ തമിഴ്നാട് രണ്ടുഗോളിന് മുന്നിലായിരുന്നു. ക്യാപ്റ്റൻ കാവ്യ പക്കിരിസാമി, കെ സന്ധ്യ എന്നിവർ ഗോളടിച്ചു. മൂന്നാമത്തേത് കേരള പ്രതിരോധതാരം എം അഞ്ജിതയുടെ ദാന ഗോളായിരുന്നു. കെ മാനസയുടേതാണ്  ആശ്വാസഗോൾ. കളിയുടെ തുടക്കത്തിൽ ആധിപത്യമുണ്ടായിരുന്ന കേരളത്തിന്റെ പ്രതീക്ഷകൾ തകിടം മറിഞ്ഞത് ഇടവേളയ്ക്കുപിരിയുന്നതിന് അഞ്ചുമിനിറ്റ് മുമ്പാണ്.  അഞ്ച് മിനിറ്റിൽ രണ്ട് ഗോളടിച്ച തമിഴ്നാട് കേരളത്തിന്റെ വീര്യം ചോർത്തി. ഗോളി വി ആരതിയുടെ പിഴവിലാണ് ആദ്യഗോൾ. കാവ്യയെടുത്ത ഫ്രീ കിക്ക് കൈപ്പിടിയിലൊതുക്കാനായില്ല. തൊട്ടുപിന്നാലെ കോർണർ കിക്കിലൂടെ ലീഡ് ഉയർന്നു. കാവ്യ ബോക്സിലേക്ക് ഉയർത്തിവിട്ട കിക്ക് ഗോളി തട്ടിയകറ്റി. എന്നാൽ, അവസരം കാത്തിരുന്ന സന്ധ്യ പ്രതിരോധക്കാർക്കിടയിലൂടെ ലക്ഷ്യംകണ്ടു. രണ്ടാം പകുതിയിൽ കേരളം തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും അയൽക്കാർ പ്രതിരോധം കടുപ്പിച്ചു. ഷിൽജി ഷാജി നടത്തിയ ഒറ്റയാൻ മുന്നേറ്റത്തിൽനിന്നായിരുന്നു ആശ്വാസഗോൾ. വലതുപാർശ്വത്തുനിന്ന്‌ ഷിൽജി നൽകിയ ക്രോസ് മാനസ മികച്ച ഷോട്ടോടെ ഗോളാക്കി. സമനിലയ്‌ക്കായി കിണഞ്ഞുശ്രമിക്കവെ വീണ സെൽഫ് ഗോൾ കേരളത്തെ തളർത്തി. തമിഴ്നാടിന്റെ പകരക്കാരി പി സന്ധ്യ ബോക്സിലേക്ക് നൽകിയ ക്രോസ് അടിച്ചകറ്റാനുള്ള അഞ്ജിതയുടെ ശ്രമം വിഫലമായി. പന്ത് അടിച്ചത് വലയിലേക്കായിരുന്നു. പരാജയഭാരം കുറയ്ക്കാൻ മാനസയും ഷിൽജിയും കിണഞ്ഞുശ്രമിച്ചെങ്കിലും തമിഴ്നാട് പിടിച്ചു നിന്നു. അവസാന നിമിഷം ലീഡ് ഉയർത്താൻ തമിഴ്നാടിന് കിട്ടിയ അവസരം വിഫലമാക്കിയത് കേരളത്തിന്റെ ക്രോസ്ബാറാണ്. ഗ്രൂപ്പിൽ രണ്ട് ജയത്തോടെ ഗോവയാണ് ഒന്നാംസ്ഥാനത്ത്. ഹിമാചൽ പ്രദേശിനെ ഏഴ് ഗോളിന് തകർത്താണ് ഗോവ രണ്ടാംജയം ആഘോഷിച്ചത്. കേരളത്തിനും തമിഴ്നാടിനും മൂന്നു പോയിന്റാണ്. ഹിമാചൽ രണ്ടുകളിയും തോറ്റു. കേരളം ആദ്യകളിയിൽ ഹിമാചലിനെ അഞ്ച് ഗോളിന് തോൽപ്പിച്ചിരുന്നു.  നാളെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളം ഗോവയെയും തമിഴ്നാട് ഹിമാചലിനെയും നേരിടും. ഗ്രൂപ്പ് ജേതാക്കൾ നവംബറിൽ നടക്കുന്ന ഫൈനൽ റൗണ്ടിന് അർഹത നേടും. Read on deshabhimani.com

Related News