ഏഷ്യൻ ടേബിൾ ടെന്നീസ് ; ചരിത്രനേട്ടവുമായി ഇന്ത്യൻ വനിതകൾ
അസ്‌താന (കസാഖിസ്ഥാൻ) ടേബിൾ ടെന്നീസിൽ ചരിത്രമെഴുതി ഇന്ത്യൻ വനിതകൾ. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആദ്യമായി മെഡലുറപ്പിച്ചു. ടീം ഇനത്തിൽ ഒളിമ്പിക് വെങ്കല ജേതാക്കളായ ദക്ഷിണ കൊറിയയെ വീഴ്‌ത്തി (3–-2) സെമിയിലേക്ക് മുന്നേറി. ഇതോടെയാണ് മെഡൽ ഉറപ്പിച്ചത്. ക്വാർട്ടറിൽ നിർണായകമായ അവസാന സിംഗിൾസ് ജയിച്ച് ഐക മുഖർജിയാണ് ഇന്ത്യയെ അവസാന നാലിലേക്ക് നയിച്ചത്. ഇന്ന് ജപ്പാനാണ് സെമിയിൽ എതിരാളി. ആകെ അഞ്ച് മത്സരമാണ് ടീം ഇനത്തിൽ. ആദ്യ സിംഗിൾസുകളിൽ ഐക ഷിൻ യുബിനെയും പിന്നാലെ മണിക ബാത്ര ജിഹി ജിയോണിനെയും തോൽപ്പിച്ച് ഇന്ത്യക്ക് 2–-0ന്റ ലീഡ് നൽകി. എന്നാൽ, അടുത്ത റൗണ്ടുകളിൽ ശ്രീജ അകുള ലീ എൻഹുയിവിനോടും മണിക ഷിന്നിനോടും തോറ്റതോടെ അവസാന സിംഗിൾസ് നിർണായകമായി. ഇന്ത്യക്കായി ഐകയും കൊറിയക്കായി ജിഹിയും അണിനിരന്നു. എതിരാളിക്ക് ഒരവസരവും നൽകാതെ ബംഗാളുകാരി ചരിത്രജയം സമ്മാനിച്ചു. Read on deshabhimani.com