ദേശീയ വനിതാ ഫുട്ബോൾ ; ജയിച്ചിട്ടും കേരളം പുറത്ത്‌

ഗോവയ്--ക്കെതിരെ കേരളത്തിനായി ഗോളടിച്ച അലീന ടോണി


വടക്കഞ്ചേരി (പാലക്കാട്‌) ദേശീയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അവസാന മത്സരം ജയിച്ചിട്ടും കേരളം പുറത്ത്. വടക്കഞ്ചേരി പന്നിയങ്കര ടി എം കെ അരീന സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഗോവയെ രണ്ടുഗോളിന്‌ തോൽപ്പിച്ചു.  കെ മാനസയും അലീന ടോണിയുമാണ്‌ ഗോളടിച്ചത്‌.  തമിഴ്‌നാട്‌, കേരളം, ഗോവ ടീമുകൾക്ക്‌ ആറ്‌ പോയിന്റായിരുന്നു. ഗോൾശരാശരിയുടെ അടിസ്ഥാനത്തിലാണ്‌ തമിഴ്‌നാട് ക്വാർട്ടറിൽ കടന്നത്‌. ഗോവയ്‌ക്കെതിരെ വലിയ വിജയം അനിവാര്യമായതിനാൽ കേരളം പൊരിഞ്ഞുകളിച്ചു. എന്നാൽ, ഇടവേളവരെ ഗോളടിക്കാനായില്ല. 53–-ാം മിനിറ്റിൽ പെനൽറ്റികിക്കിലാണ്‌ ആദ്യഗോൾ. എസ്‌ ആര്യശ്രീ എടുത്ത കോർണർകിക്ക്‌ എം ആർ അശ്വനി ഗോളിലേക്ക്‌ ലക്ഷ്യംവച്ചപ്പോൾ ഗോവൻ പ്രതിരോധതാരത്തിന്റെ കൈയിൽതട്ടി. റഫറി പെനൽറ്റി വിധിച്ചു. മികച്ച കിക്കിലൂടെ മാനസ ലീഡ്‌ നേടി. 67–-ാം മിനിറ്റിൽ വീണ്ടും കേരളത്തിന്‌ അനുകൂലമായി പെനൽറ്റി. ഗോളിലേക്ക്‌ നീങ്ങിയ പന്ത്‌ കൈകൊണ്ട്‌ തട്ടാൻ ശ്രമിച്ച പ്രതിരോധക്കാരി അലിഷ ടവാരസിന്‌ ചുവപ്പുകാർഡ്‌ കിട്ടി. എന്നാൽ, മാനസയുടെ കിക്ക്‌ ഗോളി റിയ രാജേഷ്‌ തട്ടിയകറ്റി. പത്തുപേരായി ചുരുങ്ങിയിട്ടും ഗോവ ചെറുത്തുനിന്നു. പരിക്കുസമയത്താണ്‌ രണ്ടാംഗോൾ. ക്യാപ്‌റ്റൻ പി മാളവികയുടെ കോർണർകിക്ക്‌ തകർപ്പൻ ഹെഡ്ഡറിലൂടെ അലീന ടോണി വലയിലാക്കി. മറ്റൊരു മത്സരത്തിൽ തമിഴ്‌നാട് ഒരു ഗോളിന് ഹിമാചൽപ്രദേശിനെ തോൽപ്പിച്ചു. Read on deshabhimani.com

Related News