‘ ഉള്ളിലൊരു ഇന്ത്യൻ സ്വപ്‌നം’



കൊച്ചി യുവതാരങ്ങളുടെ വേദിയാണ്‌ ഇന്ത്യൻ സൂപ്പർ ലീഗ്‌. ദേശീയ ടീമിലേക്കുള്ള വഴിയൊരുങ്ങുന്നത്‌ ഈ കളത്തിലാണ്‌. ഇക്കുറി ഒരുപിടി മലയാളിതാരങ്ങൾ പ്രതീക്ഷയോടെ ഇറങ്ങുന്നു. ആ പട്ടികയിലെ മിടുക്കരിൽ ഒരാളാണ്‌ ഈസ്‌റ്റ്‌ ബംഗാളിനായി പന്ത്‌ തട്ടുന്ന പി വി വിഷ്‌ണു. കഴിഞ്ഞ സീസണിൽ ഡ്രിബ്ലിങ്‌ കൊണ്ട്‌ ആനന്ദിപ്പിച്ച  ഇരുപത്തിരണ്ടുകാരൻ. 2019–20ൽ സന്തോഷ്‌ ട്രോഫി കളിച്ച കേരള ടീമിന്റെ ഭാഗമായിരുന്ന വിഷ്‌ണുവിനെ കോച്ച്‌ ബിനോ ജോർജാണ്‌ കൊൽക്കത്തയിലെ ഫുട്‌ബോൾ കളത്തിലേക്ക്‌ കൊണ്ടുപോകുന്നത്‌. കൊൽക്കത്ത ലീഗിൽ ഈ മുന്നേറ്റക്കാരൻ ഗോളടിച്ചുകൂട്ടി. പിന്നാലെ സീനിയർ ടീമിൽ ഇടംകിട്ടി. കഴിഞ്ഞസീസണിൽ ഒഡിഷ എഫ്‌സിക്കെതിരെ 32–-ാംസെക്കൻഡിൽ ഗോളടിച്ച്‌ വിസ്‌മയിപ്പിച്ചു.  ഇരു കാലുകൾ കൊണ്ടും അടിതൊടുക്കാൻ സമർഥൻ. കലിംഗ സൂപ്പർ കിരീടം നേടിയ ടീമിന്റെ ഭാഗമായി. ഈസ്‌റ്റ്‌ ബംഗാളിനായി 19 കളിയിൽ ഇറങ്ങിയിട്ടുണ്ട്‌ കാസർകോടുകാരൻ. ഇന്ത്യ അണ്ടർ 23 ടീമിന്റെയും ഭാഗമായി. പുതിയ സീസൺ? ഈസ്‌റ്റ്‌ ബംഗാളിന്‌ ഇക്കുറി കരുത്തുറ്റ നിരയാണ്‌. പുതിയ കളിക്കാരെത്തി. സ്വാഭാവികമായും കളിക്കാനുള്ള അവസരം കിട്ടുന്നതിൽ മത്സരമുണ്ടാകും. അവസരം കിട്ടാം, കിട്ടാതിരിക്കാം. ഏറെ പ്രതീക്ഷയോടെയാണ്‌ സീസണിനെ കാണുന്നത്‌. അനുഭവങ്ങൾ? കഴിഞ്ഞവർഷമാണ്‌ ഈസ്‌റ്റ്‌ ബംഗാളിലെത്തിയത്‌. റിസർവ്‌ ടീമിന്റെ ഭാഗമായിരുന്നു. കൊൽക്കത്ത ലീഗിൽ തിളങ്ങാനായി. സീനിയർ ടീമിലേക്ക്‌ അവസരം കിട്ടി. പ്രതീക്ഷിച്ചപോലെ മുന്നേറാൻ കഴിഞ്ഞു. ഫുട്‌ബോളിനെ ഏറെ സ്‌നേഹിക്കുന്ന നാടാണിത്‌. ഇവിടെ കളിക്കുന്നതിന്റെ അനുഭവം മനോഹരമാണ്‌. ഭാവി, സ്വപ്‌നങ്ങൾ? ഇന്ത്യൻ ടീമിന്റെ ഭാഗമാകുക എന്നതാണ്‌ ഏറ്റവും വലിയ സ്വപ്‌നം. ഏറെക്കാലം കളിക്കാനാകണം. കഠിനാധ്വാനം ചെയ്‌താൽ കിട്ടാത്തതായി ഒന്നുമില്ലെന്ന്‌ വിശ്വസിക്കുന്ന ഒരാളാണ്‌ ഞാൻ. ഐഎസ്‌എല്ലിൽ കളിച്ച്‌ നല്ല പ്രകടനം നടത്തി ഇന്ത്യൻ ടീമിന്റെ ഭാഗമാകുകയാണ്‌ ലക്ഷ്യം. നിലവിൽ ഈസ്റ്റ് ബംഗാൾ പരിശീലകൻ കാർലെസ് കുദ്രത്തിൽനിന്ന് നല്ല പിന്തുണയാണ് കിട്ടുന്നത്. ക്യാപ്റ്റൻ ക്ലെയ്റ്റൺ സിൽവയും യുവതാരങ്ങൾക്ക് മികച്ച പിന്തുണ നൽകുന്നുണ്ട്. Read on deshabhimani.com

Related News