ബാൽദോക് ഇത് നിനക്കുവേണ്ടി ; ഇംഗ്ലണ്ടിനെ വീഴ്‌ത്തി ഗ്രീസ്
വെംബ്ലി ‘ജോർജ്, ആകാശത്തുനിന്ന് നീ ഇത് കാണുന്നുണ്ടെന്നറിയാം. ഈ ജയം നിനക്കുള്ളതാണ്’–-വാൻഗെലിസ് പാവ്‌ലിദിസ് വാക്കുകൾക്കായി വിഷമിച്ചു. നേഷൻസ് ലീഗ് ഫുട്‌ബോളിൽ ഇംഗ്ലണ്ടിനെതിരായ ചരിത്രജയം ഗ്രീസ് സമർപ്പിച്ചത് കഴിഞ്ഞദിവസം വിടപറഞ്ഞ പ്രതിരോധക്കാരൻ ജോർജ് ബാൽദോകിനാണ്. ഏതൻസിലെ വീട്ടിലെ നീന്തൽക്കുളത്തിൽ മുപ്പത്തൊന്നുകാരനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിന് മണിക്കൂറുകൾക്കുശേഷമായിരുന്നു വെംബ്ലിയിൽ ഗ്രീസ് കരുത്തരായ ഇംഗ്ലണ്ടിനെ നേരിട്ടത്. 2–-1ന് ജയിച്ചു. ചരിത്രത്തിലാദ്യമായി ഇംഗ്ലീഷ് പടയ്‌ക്കെതിരായ ജയം. ഇരട്ടഗോളുമായി വാൻഗെലിസ് പടനയിച്ചു. ഗ്രീസിനായി 12 കളിയിൽ പന്തുതട്ടിയിട്ടുണ്ട് ബാൽദോക്. യൂറോ പ്ലേ ഓഫിലാണ് അവസാനമായി കളിച്ചത്. നേഷൻസ് ലീഗ് ടീമിലുണ്ടായിരുന്നില്ല. വെംബ്ലിയിൽ മത്സരത്തിനുമുമ്പ് താരത്തിന് ആദരമർപ്പിച്ചാണ് കളി തുടങ്ങിയത്. രണ്ടാംപകുതിയിൽ വാൻഗെലിസ് ഗ്രീസിന് ലീഡ് നൽകി. എന്നാൽ, കളിതീരാൻ മൂന്ന് മിനിറ്റ് ബാക്കിനിൽക്കെ ജൂഡ് ബെല്ലിങ്‌ഹാം സമനില നേടി. പക്ഷേ, ഇംഗ്ലണ്ടിന്റെ ആശ്വാസം നീണ്ടുനിന്നില്ല. വാൻഗെലിസ് ഗ്രീക്കുകാരുടെ വിജയഗോൾ കുറിച്ചു. പിന്നീട് അതിവൈകാരിക നിമിഷങ്ങൾക്കാണ് സ്‌റ്റേഡിയം സാക്ഷ്യംവഹിച്ചത്. ബാൽദോകിന്റെ ജേഴ്‌സിയുമായി താരങ്ങൾ അണിനിരന്നു. പലരും വിതുമ്പുന്നുണ്ടായിരുന്നു. ലീഗിലെ മറ്റു മത്സരങ്ങളിൽ ഇറ്റലിയും ബൽജിയവും രണ്ടു ഗോളടിച്ച് പിരിഞ്ഞു. ഫ്രാൻസ് ഇസ്രയേലിനെ 4–-1ന് തകർത്തു. നോർവെ സ്ലോവേന്യയയെ മൂന്ന് ഗോളിന് മറികടന്നു. Read on deshabhimani.com