രക്ഷകനായി റൊണാൾഡോ
മിലാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനെ കാത്തു. ഇറ്റാലിയൻ കപ്പ് ആദ്യപാദ സെമിയിൽ റൊണാൾഡോയുടെ വിവാദ പെനൽറ്റി ഗോളിൽ യുവന്റസ് എ സി മിലാനുമായി സമനില പിടിച്ചു (1–-1). പരിക്കുസമയത്തായിരുന്നു റൊണാൾഡോയുടെ സമനില ഗോൾ. ബോക്‌സിന് ഇടതുഭാഗത്തുനിന്ന് പോർച്ചുഗീസുകാരന്റെ ബൈസിക്കിൾ കിക്ക് ശ്രമം. പന്ത് മിലാൻ പ്രതിരോധക്കാരൻ ഡേവിഡെ കലാബ്രയയുടെ കൈയിൽ തട്ടി. യുവന്റസുകാർ പെനൽറ്റിക്കായി വാദിച്ചു. കളി തുടരാനായിരുന്നു റഫറിയുടെ നിർദേശം. ‘വാർ’ ഇടപെട്ട് റഫറിയെ തിരുത്തി. പെനൽറ്റി എടുത്ത റൊണാൾഡോയ്‌ക്ക് പിഴച്ചില്ല. സ്ലാട്ടൻ ഇബ്രാഹിമോവിച്ച്–-റൊണാൾഡോ പോര് പ്രതീക്ഷിച്ച് സാൻ സിറോയിലെത്തിയവർ നിരാശരായി. യുവന്റസ് പ്രതിരോധം ഇബ്രയ്‌ക്ക് പൂട്ടിട്ടു. റൊണാൾഡോയ്‌ക്കും തുടക്കം ശോഭിക്കാനായില്ല. ഇരു ടീമുകളും പ്രതിരോധത്തിലൂന്നി കളിച്ചതോടെ ആദ്യപകുതി ഗോൾ അകന്നു. യുവന്റസിനെ ഞെട്ടിച്ച് ഇടവേളയ്‌ക്കു പിന്നാലെ മിലാൻ മുന്നിലെത്തി. ആന്റെ റെബിച്ചായിരുന്നു ഗോൾ സ്‌കോറർ. രണ്ടാം മഞ്ഞക്കാർഡ് കണ്ട് പ്രതിരോധക്കാരൻ തിയോ ഹെർണാണ്ടസ് മടങ്ങിയത് മിലാന് തിരിച്ചടിയായി. തുടർച്ചയായ മുന്നേറ്റങ്ങൾക്കൊടുവിലായിരുന്നു റൊണാൾഡോയുടെ ശ്രമം ഗോളിൽ കലാശിച്ചത്. സീസണിലെ 35–-ാം ഗോളാണ് പോർച്ചുഗീസുകാരൻ നേടിയത്. Read on deshabhimani.com