എട്ടാമുദയത്തിന്
ഹൈദരാബാദ് > പറഞ്ഞും പഠിച്ചും കണക്കുകൂട്ടിയുമുള്ള ഒരുക്കങ്ങൾക്ക് അവസാനം. ഒടുവിൽ ആ ദിവസം വന്നെത്തി. സന്തോഷ് ട്രോഫി ഫുട്‌ബോളിലെ എട്ടാംകിരീടത്തിൽ കണ്ണിട്ട് കേരളത്തിന്റെ പടയാളികൾ ഇന്ന് നൈസാമിന്റെ മണ്ണിൽ പന്തുതട്ടും. ആദ്യ കളിയിൽ നിലവിലെ റണ്ണറപ്പുകളും അഞ്ചുതവണ ജേതാക്കളുമായ ഗോവയാണ് എതിരാളി. ഡെക്കാൻ അരീന ടർഫ് ഗ്രൗണ്ടിൽ രാവിലെ ഒമ്പതിനാണ് മത്സരം. ഗ്രൂപ്പിലെ കരുത്തരെ മറികടന്നാൽ തുടർന്നുള്ള മത്സരങ്ങളിൽ ഗുണംചെയ്യുമെന്ന കണക്കുകൂട്ടലിലാണ് കേരളത്തിന്റെ യുവനിര. ശനിയാഴ്‌ച സൈബറാബാദ് കമീഷണറേറ്റ് ഗ്രൗണ്ടിലെ അവസാന പരിശീലന സെഷനും കഴിഞ്ഞ് മികച്ച ഒരുക്കം നടത്തിയ ടീമിന് മധ്യനിരയിലെ പ്രധാനി നിജോ ഗിൽബർട്ടിന് പരിക്കേറ്റത് ആശങ്കയാണ്. പരിക്ക് ഗുരുതരമല്ലെന്നും നിജോ കളിക്കാനാണ് സാധ്യതയെന്നും പരിശീലകൻ ബിബി തോമസ് പറഞ്ഞു. കഴിഞ്ഞതവണ ഗോവയോടേറ്റ പരാജയത്തിന് മറുപടി നൽകാനാണ് കേരളം ഒരുങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ 18 ഗോൾ അടിച്ചുകൂട്ടിയപ്പോഴും ഒരു ഗോളും വഴങ്ങാതിരുന്നത് കേരളത്തിന്റെ ആത്മവിശ്വാസം കൂട്ടും. മുന്നേറ്റനിരയിൽ ഗനി അഹമ്മദ് നിഗം, ഇ സജീഷ് എന്നിവർ സ്ഥാനം ഉറപ്പിക്കുന്നു. കലിക്കറ്റ് എഫ്‌സിയെ സൂപ്പർ ലീഗ് കേരള ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗനിയും യോഗ്യതാ റൗണ്ടിൽ അഞ്ച് ഗോളടിച്ച സജീഷും മികച്ച ഫോമിലാണ്. ഗോൾവല കാക്കാൻ വൈസ് ക്യാപ്‌റ്റൻ എസ് ഹജ്‌മൽ എത്തും. നിജോ ഗിൽബർട്ട് പുറത്തിരുന്നാൽ വി അർജുനായിരിക്കും മധ്യനിരയുടെ ചുമതല. കൂട്ടായി നസീബ് റഹ്മാനുമുണ്ടാകും. ക്യാപ്‌റ്റൻ ജി സഞ്ജുവിന്റെയും പരിചയസമ്പന്നനായ എം മനോജിന്റെയും നേതൃത്വത്തിൽ പ്രതിരോധനിരയും അണിനിരക്കും. ഏഴുതവണ കിരീടം നേടിയിട്ടുള്ള കേരളം എട്ടുതവണ റണ്ണറപ്പുമായി. 2022ൽ മലപ്പുറം മഞ്ചേരിയിലാണ് അവസാനമായി കിരീടം ഉയർത്തിയത്. 1973, 1992, 1993, 2001, 2004, 2018 വർഷങ്ങളിലും കേരളമായിരുന്നു ചാമ്പ്യൻമാർ. ജോസഫ് ക്ലെമെന്റെ ക്യാപ്‌റ്റനായ ഗോവയുടെ പരിശീലകൻ ഡെമ്പോയുടെയും ചർച്ചിൽ ബ്രദേഴ്‌സിന്റെയുമെല്ലാം ചുമതല വഹിച്ച മറ്റേയുസ് കോസ്റ്റയാണ്. ഗോവൻ ലീഗിൽ കളിക്കുന്നവരും എഫ്സി ഗോവ, ഡെമ്പോ തുടങ്ങിയ ക്ലബ്ബുകളിലെ റിസർവ് താരങ്ങളാലും മികവുറ്റനിരയുമായാണ് ഗോവയുടെ വരവ്. കഴിഞ്ഞ വർഷം ഫെെനലിൽ സർവീസസിനോട് തോൽക്കുകയായിരുന്നു. റണ്ണറപ്പായതിനാൽ യോഗ്യതാ റൗണ്ട് കളിക്കാതെ നേരിട്ട് ഫെെനൽ റൗണ്ടിലേക്ക് കടക്കുകയായിരുന്നു ടീം. കേരള ടീം ഗോൾകീപ്പർമാർ: എസ് ഹജ്‌മൽ, കെ മുഹമ്മദ് അസ്‌ഹർ, കെ മുഹമ്മദ് നിയാസ്. പ്രതിരോധം: ജി സഞ്ജു, എം മനോജ്, മുഹമ്മദ് അസ്‌ലം, ജോസഫ് ജസ്റ്റിൻ, ആദിൽ അമൽ, പി ടി മുഹമ്മദ് റിയാസ്, മുഹമ്മദ് മുഷറഫ്. മധ്യനിര: ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് അർഷഫ്, പി പി മുഹമ്മദ് റോഷൽ, നസീബ് റഹ്മാൻ, കെ സൽമാൻ, നിജോ ഗിൽബർട്ട്, മുഹമ്മദ് റിഷാദ് ഗഫൂർ, വി അർജുൻ. മുന്നേറ്റം: ടി ഷിജിൻ, ഇ സജീഷ്, മുഹമ്മദ് അജ്‌സൽ, ഗനി ഗനി അഹമ്മദ് നിഗം. Read on deshabhimani.com