ഇന്ത്യ–ഓസീസ് മൂന്നാംടെസ്റ്റ് മഴ മുടക്കി: ഗാബയിൽ മഴ
ബ്രിസ്ബെയ്ൻ > ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം മഴയെടുത്തു. ഗാബ സ്റ്റേഡിയത്തിൽ 13.2 ഓവർ കളിമാത്രമാണ് സാധ്യമായത്. ഓസീസ് വിക്കറ്റ് നഷ്ടപ്പെടാതെ 28 റണ്ണെടുത്തു. ഉസ്‌മാൻ ഖവാജയും (19) നഥാൻ മക്‌സ്വീനിയുമാണ് (4) ക്രീസിൽ. ടോസ് നേടിയ ഇന്ത്യ മൂടിക്കെട്ടിയ ആകാശം കണ്ട് പന്തെറിയാൻ തീരുമാനിക്കുകയായിരുന്നു. പക്ഷേ, ക്യാപ്റ്റൻ രോഹിത് ശർമ ആഗ്രഹിച്ചപോലെ വിക്കറ്റ് വീണില്ല. ആറാം ഓവർ തുടങ്ങിയപ്പോഴേക്കും മഴ ചാറി. അരമണിക്കൂറിനുശേഷം കളി പുനരാരംഭിച്ചെങ്കിലും എട്ട് ഓവർകൂടി എറിഞ്ഞപ്പോഴേക്കും മഴ ശക്തമായി. ജസ്‌പ്രീത് ബുമ്ര ആറ് ഓവറിൽ എട്ടു റൺ വഴങ്ങി. മുഹമ്മദ് സിറാജിന്റെ നാല് ഓവറിൽ 13 റൺ. ആകാശ് ദീപ് 3.2 ഓവറിൽ വിട്ടുകൊടുത്തത് രണ്ടു റൺമാത്രം. രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ആർ അശ്വിനുപകരം രവീന്ദ്ര ജഡേജയും പേസർ ഹർഷിത് റാണയ്ക്കുപകരം ആകാശ് ദീപുമെത്തി. ഇന്നും നാളെയും മഴസാധ്യതയില്ല. അവസാന രണ്ടുദിവസം വീണ്ടും മഴയുണ്ടാകുമെന്നാണ് പ്രവചനം. ബോർഡർ–-ഗാവസ്‌കർ ട്രോഫിക്കായുള്ള അഞ്ചു മത്സര പരമ്പരയിൽ രണ്ടു ടീമും ഓരോ ടെസ്റ്റ് ജയിച്ച് തുല്യനിലയിലാണ്. Read on deshabhimani.com