ഒളിമ്പിക്‌സിനു മേൽ കാലത്തിന്റെ തേങ്ങലുകൾ
ലോകത്തെ ഒന്നിപ്പിക്കാൻ ഒളിമ്പിക്‌സിനേ കഴിയൂ. രാഷ്‌ട്രീയവും ഒളിമ്പിക്‌സും തമ്മിലുള്ള ബന്ധം വളരെ ലോലമാണെന്നറിയുമ്പോഴും മനുഷ്യരാശിയെ ഒന്നിപ്പിക്കാൻ മറ്റൊരു വേദിയില്ലെന്ന് ഇന്ന് അംഗീകരിക്കപ്പെടുന്നു. എത്രയോ മാറ്റങ്ങളിലൂടെ, വെല്ലുവിളികളിലൂടെ ഒളിമ്പിക് പ്രസ്ഥാനം കടന്നുപോയി. യുദ്ധങ്ങളെ അതിജീവിച്ചു. ബഹിഷ്‌കരണങ്ങളെ വെല്ലുവിളിച്ചു. സാധാരണ മനുഷ്യരെ ഒളിമ്പിക്‌സ് അസാധാരണ വീരൻമാരും വിശ്വവിജയികളുമാക്കി. കായികരംഗത്ത് മേധാവിത്വമുറപ്പിക്കാനും ഗെയിംസ് സാമ്രാജ്യം വെട്ടിപ്പിടിക്കാനുമുള്ള അത്‌ലറ്റുകളുടെയും രാഷ്‌ട്രങ്ങളുടെയും പോരാട്ടവേദി മാത്രമല്ല ഒളിമ്പിക് ഗെയിംസ്. വർഗ, വർണ, ദേശ പരിഗണനകൾക്കതീതമായി മാനവസാഹോദര്യം വളർത്താനുള്ള സാധ്യത ഒളിമ്പിക്‌സിനാണെന്ന തിരിച്ചറിവാണ് ഫ്രഞ്ചുകാരനായ ക്യുബർട്ടിൻ പ്രഭുവിനെ ആവേശം കൊള്ളിച്ചത്. ലോകത്തെ ഒന്നിപ്പിക്കാൻ ഒളിമ്പിക്‌സിനേ കഴിയൂ. രാഷ്‌ട്രീയവും ഒളിമ്പിക്‌സും തമ്മിലുള്ള ബന്ധം വളരെ ലോലമാണെന്നറിയുമ്പോഴും മനുഷ്യരാശിയെ ഒന്നിപ്പിക്കാൻ മറ്റൊരു വേദിയില്ലെന്ന് ഇന്ന് അംഗീകരിക്കപ്പെടുന്നു. എത്രയോ മാറ്റങ്ങളിലൂടെ, വെല്ലുവിളികളിലൂടെ ഒളിമ്പിക് പ്രസ്ഥാനം കടന്നുപോയി. യുദ്ധങ്ങളെ അതിജീവിച്ചു. ബഹിഷ്‌കരണങ്ങളെ വെല്ലുവിളിച്ചു. സാധാരണ മനുഷ്യരെ ഒളിമ്പിക്‌സ് അസാധാരണ വീരൻമാരും വിശ്വവിജയികളുമാക്കി. ‘‘ഒളിമ്പിക്‌സിൽ വിജയിക്കലല്ല, പങ്കെടുക്കലാണ് പ്രധാനം. കീഴടക്കലല്ല, മികച്ച രീതിയിലുള്ള പോരാട്ടമാണ് ജീവിതത്തിൽ വേണ്ടത്.’’ ആധുനിക ഒളിമ്പിക്‌സിന്റെ പിതാവായ പിയറി ഡി ക്യൂബർട്ടിന്റെ വാക്കുകളാണിത്. ഒളിമ്പിക്‌സ് എന്ന വാക്കിനുപോലും പരിശുദ്ധിയുണ്ട്. പ്രാചീന ഗ്രീസിന്റെ വിശുദ്ധ അൾത്താരയായിരുന്ന ഒളിമ്പിയയിൽ നിന്ന് വിശ്വകായിക മേളയ്‌ക്ക് അത് പകർന്നുകിട്ടി. പരസ്‌പര സ്‌നേഹത്തിന്റെയും പങ്കാളിത്തത്തിന്റെയും ആവശ്യകതകളത്രയും വ്യക്തമാക്കുന്ന മറ്റൊരു മേളയ്‌ക്കും ലോകം ഇടം കൊടുത്തിട്ടില്ല. എന്നാൽ ഒളിമ്പിക്‌സിന്റെ അതിദീർഘമായ വഴിത്താരയിലും കാലത്തിന്റെ കരിപ്പാടുകൾ വീണിട്ടുണ്ട്. സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും ഒലിവ് ചില്ലകൾ പൂക്കുന്ന ലോക കായികമേള എന്ന ഖ്യാതിക്കൊപ്പം വിവേചനത്തിന്റെ, അക്രമത്തിന്റെ, കുടിപ്പകയുടെ, തട്ടിപ്പിന്റെ ഒരു കപടമുഖം കൂടിയുണ്ട് വിശ്വകായികമേളയ്‌ക്ക്. മാലിന്യക്കൂമ്പാരമായ ഈജിയൻ തൊഴുത്തുമായി ബന്ധപ്പെട്ട് ഒളിമ്പിക്‌സിന്റെ ഉൽപത്തി കഥകളിലൊന്നായി പ്രചരിച്ചിരുന്നത് യാദൃച്ഛികം മാത്രം. ശക്തിയുടെ പ്രതീകമായ ഹെർക്കുലീസ് ഈജിയൻ തൊഴുത്ത് വൃത്തിയാക്കിയാൽ സ്വന്തം രാജ്യം തിരിച്ചുനൽകാമെന്നായിരുന്നു ഈജിയൻ രാജാവിന്റെ വാഗ്‌ദാനം. ആൽഫിയൂസ് നദി തിരിച്ചുവിട്ട് തൊഴുത്ത് വൃത്തിയാക്കിയ ഹെർക്കുലീസ് കരാർ പാലിക്കാത്ത രാജാവിനെ വധിച്ച് രാജ്യം സ്വന്തമാക്കി. ഇതിന്റെ ആഘോഷത്തിൽ നിന്നാണ് ഒളിമ്പിക്‌സ് തുടങ്ങുന്നതെന്ന് യവനപുരാണങ്ങൾ. ഹെർക്കുലീസ് ഗതിതിരിച്ചു വിട്ട ആൽഫിയൂസ് നദിയിലൂടെ സഹസ്രാബ്‌ദങ്ങളായി ഒരുപാട് വെള്ളമൊഴുകിയതിനൊപ്പം ഒളിമ്പിക്‌സ് ചക്രം ഏഥൻസിൽ നിന്ന് പാരീസിലെത്തി നിൽക്കുമ്പോഴും ദുർഗന്ധപൂരിതമായ ഒരു തൊഴുത്ത് ഏതാണ്ട് അങ്ങനെതന്നെ അവശേഷിക്കുകയാണ്. സംഘർഷങ്ങളുടെ, യുദ്ധങ്ങളുടെ, വംശവിദ്വേഷത്തിന്റെ, വർണവെറിയുടെ, ഉത്തേജകങ്ങളുടെ കുത്തൊഴുക്കിലൂടെ ഒളിമ്പിക്‌സ് അതിന്റെ കറുത്ത ചരിത്രം മറയ്‌ക്കുന്നില്ല. മനുഷ്യനും മനുഷ്യനും കളിക്കളത്തിൽ ഏറ്റുമുട്ടുകയെന്ന സുന്ദരമായ സങ്കല്പമാണ് ഒളിമ്പിക്‌സ് മത്സരങ്ങളുടെ പിറവിക്ക് നിദാനം. പക്ഷേ അതിന്റെ പിന്നിലുള്ള ഐതിഹ്യങ്ങളൊക്കെയും കറുത്ത ഫലിതമാണെന്ന് പറയാതെ വയ്യ. ഊതിവീർപ്പിക്കപ്പെട്ട ഇത്തരം ഗ്രീക്ക് കഥകളിലൊക്കെയും രക്തച്ചൊരിച്ചിലുകളുണ്ട്.. കാലപ്രവാഹത്തിൽ ഒളിമ്പിക് മത്സരങ്ങൾ മൃഗീയതയുടെയും രക്തദാഹത്തിന്റെയും പ്രതീകമായി മാറി. അങ്ങനെയാണ് മലീമസമാക്കപ്പെട്ട ഒളിമ്പിക് ഗെയിംസ് ഒരു പാടുപോലും അവശേഷിപ്പിക്കാതെ റോമാ ചക്രവർത്തിയായിരുന്ന തിയോഡാഷ്യസ് ഒന്നാമൻ തുടച്ചുമാറ്റിയത്. ക്രിസ്‌ത്വബ്‌ദത്തിന്റെ ആരംഭത്തിൽ മതവൈരങ്ങളുടെ തീയിൽ ചാമ്പലായ മനുഷ്യസംസ്‌കാരത്തിന്റെ ഏറ്റവും മനോഹരമായ ആ പ്രതീകത്തിന് വിധിക്കപ്പെട്ടത് നീണ്ട അജ്ഞാതവാസമായിരുന്നു. ഒടുവിൽ 1896ൽ ഏപ്രിൽ ആറിന് തുടക്കം കുറിച്ച, ക്യൂബർട്ടിൻ പ്രഭുവിന്റെ സ്വപ്‌നമായ ആധുനിക ഒളിമ്പിക്‌സ് സാഹോദര്യത്തിന്റെ, സൗഹൃദത്തിന്റെ മൃദുസ്‌പർശത്തിലൂടെ ഓരോ വൈതരണിയും മറികടന്ന് യാത്ര തുടരുകയാണ്. ഇതിനിടയിൽ ലോകയുദ്ധങ്ങളും രാഷ്‌ട്രീയ വടംവലികളും ദുർമോഹവും അതിരുകടന്ന ദേശീയ ബോധത്തിന്റെ ഭ്രാന്തൻ ജൽപനങ്ങളും മ്യൂണിക്കിലെയും മെക്‌സിക്കോ സിറ്റിയിലെയും കുരുതികളും പ്രത്യയശാസ്‌ത്രങ്ങൾ തമ്മിലുള്ള മാറ്റുരയ്‌ക്കലും പകയും ബഹിഷ്‌കരണവുമൊക്കെ ഒളിമ്പിക്‌സിനെ വേട്ടയാടുന്ന ശാപങ്ങളായി വളരുന്നത് കാണാൻ നാം വിധിക്കപ്പെട്ടു. നൂറ്റിയിരുപത്തിയെട്ടാം വർഷത്തിലേക്ക് കടന്ന ആധുനിക ഒളിമ്പിക്‌സിന്റെ വിവിധ ഘട്ടങ്ങളിൽ അതിന്റെ സുഗമമായ പുരോഗതിക്കും വികസനത്തിനും അത് ഉയർത്തിപ്പിടിക്കുന്ന മഹത്തായ മാനവമൂല്യങ്ങൾക്കും പലതവണ കോട്ടം തട്ടിയിട്ടുണ്ട്. നൂറ്റിയിരുപത്തിയെട്ടാം വർഷത്തിലേക്ക് കടന്ന ആധുനിക ഒളിമ്പിക്‌സിന്റെ വിവിധ ഘട്ടങ്ങളിൽ അതിന്റെ സുഗമമായ പുരോഗതിക്കും വികസനത്തിനും അത് ഉയർത്തിപ്പിടിക്കുന്ന മഹത്തായ മാനവമൂല്യങ്ങൾക്കും പലതവണ കോട്ടം തട്ടിയിട്ടുണ്ട്. 1972 സെപ്‌തംബർ അഞ്ച്. വിധികളെ മാറ്റിമറിച്ചുകൊണ്ട് ഒളിമ്പിക്‌സിന് മുഖാമുഖം രാഷ്‌ട്രീയം നിറതോക്കുകളുതിർത്തുകൊണ്ട് വന്നുനിന്നത് ആ ദിവസമാണ്. യാസർ അറാഫത്തിന്റെ പിഎൽഒ യിൽ നിന്ന് വിട്ടുപോയ ബ്ലാക്ക് സെപ്‌തംബർ എന്ന സംഘടനയിലെ അംഗങ്ങളായ എട്ട് പലസ്‌തീൻകാർ കായികതാരങ്ങളുടെ ട്രാക്ക് സ്യൂട്ടണിഞ്ഞ് ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെ മ്യൂണിക്കിലെ ഒളിമ്പിക് ഗ്രാമത്തിലെത്തി. ഒമ്പത് ഇസ്രായേലികൾ ബന്ദികളാക്കപ്പെട്ടു. അവരിൽ രണ്ട് പരിശീലകരും ഏഴ് കായികതാരങ്ങളുമുണ്ടായിരുന്നു. ലോകം സംഭീതീയോടെ നോക്കിനിൽക്കെ, വില്ലി ബ്രാൻഡ് ഗവൺമെന്റ് റാഞ്ചികളുമായി ചർച്ച തുടങ്ങി. റാഞ്ചികൾ രണ്ട് കാര്യങ്ങൾ ആവശ്യപ്പെട്ടു. ഇസ്രയേലിലെ ഭീകര തടവറയിൽ കഴിയുന്ന 234 പേരെ മോചിപ്പിക്കണം. തങ്ങളെ രക്ഷപ്പെടാൻ അനുവദിക്കുകയും വേണം. ഇതായിരുന്നു ഭീകരരുടെ ആവശ്യം. ‘ഭീകരർക്ക് മുന്നിൽ കീഴടങ്ങുന്ന പ്രശ്‌നമില്ല’‐ ടെൽ അവീവിൽ നിന്ന് ഇസ്രയേൽ പ്രധാനമന്ത്രി ഗോൾഡാ മേയറുടെ പ്രഖ്യാപനത്തോടെ കൂടിയാലോചന തീർന്നു. ബന്ദികളെയും കൊണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്ന വേളയിൽ ഭീകരരെ വധിക്കാൻ ചാൻസലർ വില്ലി ബ്രാൻഡ് രഹസ്യമായി ഉത്തരവിട്ടു. പിന്നീട് 23 മണിക്കൂർ നീണ്ട ഭീകരനാടകം ആടിത്തീർന്നത് കൂട്ടമരണത്തോടെയായിരുന്നു. ഇസ്രായേലിന്റെ എട്ട് കായികതാരങ്ങൾ, രണ്ട് പരിശീലകർ, മൂന്ന് ഭീകരർ, രണ്ട് ജർമൻ പൊലീസുകാർ ‐ മൊത്തം പതിനഞ്ച് മനുഷ്യർ. രാഷ്‌ട്രതന്ത്രത്തിന്റെ ചൂതാട്ടങ്ങൾക്കും വംശഭ്രാന്തിന്റെ ദിഗ്വിജയങ്ങൾക്കും മുന്നിലെ ബലിമൃഗങ്ങൾ. ഒളിമ്പിക്‌സിന്റെ ഒരിക്കലും നിറവേറാത്ത മഹാസങ്കൽപങ്ങളുടെ സ്വർഗത്തിലിരുന്ന് അന്ന് ഒലീവിലകൾ കണ്ണീർ പൊഴിച്ചു. സിറിയയിലെയും ലെബനനിലെയും ചില താവളങ്ങളിൽ അതിശക്തമായ ബോംബാക്രമണം നടത്തിക്കൊണ്ടാണ് ഇസ്രായേൽ സംഭവത്തോട് പ്രതികരിച്ചത്. ഈ ആക്രമണത്തിൽ 66 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. 34 മണിക്കൂറിന് ശേഷം മ്യൂണിക്കിൽ മത്സരങ്ങൾ പുനരാരംഭിച്ചെങ്കിലും ജയിക്കാനുള്ള കായികതാരങ്ങളുടെ അഭിവാഞ്‌ഛ അതിനിടെ എപ്പോഴോ കെട്ടുപോയിരുന്നു. 100 മീറ്റർ ഹർഡ്‌ൽസിൽ മെഡൽ സാധ്യതയുണ്ടായിരുന്ന ഇസ്രയേലി താരം ഇസ്‌തർ സഖ് മൊറോവ് കണ്ണീരോടെ പിൻവാങ്ങി. പല രാജ്യക്കാരും മത്സരം തീരും മുൻപേ നാട്ടിലേക്ക് മടങ്ങി. അവശേഷിച്ചവർ തീരെ താൽപര്യമില്ലാതെ പങ്കെടുക്കലെന്ന ചടങ്ങ് കഴിച്ചു. വംശീയതയിൽ അധിഷ്‌ഠിതമായ രാഷ്‌ട്രീയവൈരം ഇത്രയും കരാളമായ രൂപത്തിൽ ഒളിമ്പിക്‌സ് വേദിയിൽ പ്രത്യക്ഷപ്പെട്ടത് ആദ്യമായിരുന്നു. ഒളിമ്പിക്‌സിന്റെ ചരിത്രത്തിൽ ഇത്തരമൊരു ദുരന്തം പിന്നീട് ആവർത്തിക്കപ്പെട്ടിട്ടില്ലെങ്കിലും ഇന്നും ഗെയിംസ് വേദികൾക്ക് മ്യൂണിക്കിലെ കൂട്ടക്കൊല നടുക്കുന്ന ഓർമ തന്നെയാണ്. 1936ൽ ബർലിനിൽ നടന്ന ഒളിമ്പിക്‌സിനെ ഹിറ്റ്‌ലർ തന്റെ രാഷ്‌ട്രീയ പ്രചാരണത്തിന് ആയുധമാക്കിയതിന്റെ കറ കഴുകിക്കളഞ്ഞ് പുതിയൊരു പ്രതിച്ഛായ സൃഷ്‌ടിക്കണമെന്ന നിർബന്ധബുദ്ധിയോടെയാണ് ജർമൻ സർക്കാർ 36 വർഷത്തിന് ശേഷം തങ്ങളുടെ മണ്ണിലേെക്കത്തിയ ഗെയിംസ് ഭംഗിയായി ആസൂത്രണം ചെയ്‌തത്. എന്നാൽ അന്ന് ഹിറ്റ്‌ലർ കാണിച്ച അനാദരവിന് ജർമൻകാർ പരോക്ഷമായെങ്കിലും മ്യൂണിക് ഗെയിംസിലൂടെ പിഴയൊടുക്കേണ്ടി വന്നു. അതൊരു ദുര്യോഗമായി ആ ജനത കരുതുന്നു. കൊല്ലപ്പെട്ടവരോടുള്ള ബഹുമാനാർഥം ഒളിമ്പിക് വേദിയിൽ നടന്ന അനുസ്‌മരണച്ചടങ്ങിൽ അംഗരാഷ്‌ട്രങ്ങളുടെ ദേശീയ പതാകകൾക്കൊപ്പം ഒളിമ്പിക് പതാകയും പാതി താഴ്‌ത്തിയിരുന്നു. നാല് വർഷം കഴിഞ്ഞ് മോൺട്രിയലിൽ നടന്ന ഗെയിംസിലെ മാർച്ച് പാസ്‌റ്റിൽ തങ്ങളുടെ പതാകയിൽ കറുത്ത റിബൺ കെട്ടിയാണ് ഇസ്രായേലി അത്‌ലറ്റുകൾ പങ്കെടുത്തത്. യവനസംസ്‌കാരത്തിന്റെ ഏടുകളിലെവിടെയോ ഒളിമ്പിക്‌സിന്റെ വീരഗാഥകൾ ഉറങ്ങിക്കിടപ്പുണ്ട്. യുദ്ധങ്ങൾ പോലും മാറ്റിവച്ച് ഒളിമ്പിക്‌സ് ആഘോഷിച്ച ആ ദിനങ്ങൾ. ശാന്തിയുടെയും നൻമയുടെയും ഒരുമയുടെയും ദിനങ്ങൾ. ഇരുപതാം നൂറ്റാണ്ടിലാകട്ടെ യുദ്ധം ചെയ്യാൻ വേണ്ടി ഒളിമ്പിക്‌സ് മൂന്നുവട്ടം മാറ്റിവെച്ചു. രണ്ട് ലോകയുദ്ധങ്ങൾ മൂലം 1916, 1940, 1944 എന്നീ വർഷങ്ങളിലെ ഒളിമ്പിക്‌സ് നടന്നില്ല. 1972ലെ മ്യൂണിക് കൂട്ടക്കൊല പോലെ വിശ്വകായികമേളയിൽ രാഷ്‌ട്രീയം കടന്നുവന്ന നാലവസരങ്ങൾ അതായിരുന്നു. രാഷ്‌ട്രീയ കാര്യങ്ങളെ മുൻനിർത്തിയുണ്ടായ തടസ്സങ്ങളിൽ ഏറ്റവും വൃത്തികെട്ട ഉദാഹരണങ്ങൾ ലോകയുദ്ധങ്ങളാണെങ്കിലും ഗവൺമെന്റുകൾ തമ്മിലുള്ള സംഘർഷങ്ങളും വെറും സ്വാർഥതാത്പര്യങ്ങളും പലപ്പോഴും ഒളിമ്പിക്‌സിനെ പ്രതിസന്ധികളിലേക്ക് എടുത്തെറിഞ്ഞിട്ടുണ്ട്. ഏഥൻസിലെ ആദ്യ ആധുനിക ഒളിമ്പിക്‌സ് മുതൽ ഇതിനുള്ള ഉദാഹരണങ്ങൾ നിരവധിയാണ്. ലോകത്തിലെ വിവിധ നഗരങ്ങളിൽ ഒളിമ്പിക്‌സ് നടത്താനുള്ള അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) യുടെ തീരുമാനത്തെ അവഗണിച്ചുകൊണ്ട് ഏഥൻസ് സ്ഥിരം വേദിയാക്കാൻ ഗ്രീസ് നടത്തിയ ശ്രമം മുതൽ സങ്കുചിത താത്പര്യങ്ങൾ നടമാടിയ ചരിത്രം ആരംഭിക്കുകയാണ്. 1896ൽ ഏഥൻസിൽ നടന്ന പ്രഥമ ഒളിമ്പിക്‌സിൽത്തന്നെ ദേശീയതയുടെ ആദ്യ ആഗമനമുണ്ടായി. സ്വന്തം പ്രജയായ മാരത്തോൺ ഓട്ടക്കാരൻ സ്‌പിരിഡോൺ ലൂയിസ് വിജയത്തിലേക്ക് അടുക്കുന്നതു കണ്ടപ്പോൾ, ഗ്രീസിലെ യുവരാജാവ് കോൺസ്‌റ്റന്റൈൻ സ്വയം മറന്ന് ട്രാക്കിലേക്കോടിയെത്തി, ഓട്ടക്കാരനോടൊപ്പം ഫിനിഷിങ് ലൈനിലേക്ക് കുതിച്ചു. അതു പക്ഷേ നിർദോഷമായ ദേശീയതയുടെ വികാരപ്രകടനമായിരുന്നു. പിൽക്കാലത്ത് ദേശീയതയ്‌ക്കു തന്നെ മാറ്റമുണ്ടായി. ഒരുവശത്ത് സാമ്രാജ്യത്വമായി അത് മാറി. മറുഭാഗത്ത് പീഡിത ദേശീയതയായും. അതോടെ വിശ്വകായികമേളയിൽ അതിന്റെ പ്രതിഫലനത്തിനും മാറ്റമുണ്ടായി. 1908ലെ ലണ്ടൻ ഒളിമ്പിക്‌സിൽ മൂന്ന് അമേരിക്കൻ ഓട്ടക്കാർ ബ്രിട്ടന്റെ ഹാൾസ്‌വെലിന്റെ മുന്നിലൂടെ ഓടി തടസ്സം സൃഷ്‌ടിച്ചുവെന്ന ആരോപണത്തെത്തുടർന്ന് 400 മീറ്റർ വീണ്ടും നടത്തേണ്ടി വന്നു. അമേരിക്കക്കാർ പ്രതിഷേധിച്ച് വീണ്ടും ഓടാൻ വിസമ്മതിച്ചപ്പോൾ ഹാൾസ്‌വെൽ ഒറ്റയ്‌ക്ക് ഓടിയാണ് സ്വർണം നേടിയത്. അമേരിക്കക്കാരൻ ഹെയ്‌സ് സ്വർണം നേടിയ മാരത്തണിൽ ഫിനിഷിങ് ലൈനിലേക്ക് എടുത്തുകൊണ്ടു പോകേണ്ടി വന്ന ക്ഷീണിതനായ ഇറ്റലിക്കാരൻ ഡൊറാൻഡോ പെട്രിക്ക് പ്രത്യേക കപ്പ് സമ്മാനിച്ചു. ഈ രണ്ട് സംഭവങ്ങളും ദേശീയത ഉയർത്തിപ്പിടിക്കാനുള്ള ശ്രമത്തിൽ ഒളിമ്പിക്‌സിനെ കരുവാക്കിക്കൊണ്ടുള്ള അനാരോഗ്യകരമായ മാത്സര്യത്തിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ്. 1936ലെ ബെർലിൻ ഒളിമ്പിക്‌സിനെ അഡോൾഫ് ഹിറ്റ്‌ലർ ആര്യമേധാവിത്വ സങ്കൽപ്പത്തിന്റെ പ്രചാരണ വേദിയാക്കി മാറ്റി. ഒളിമ്പിക് പതാകകളെക്കാൾ പ്രാധാന്യം നാസി പതാകകൾക്കായിരിക്കണമെന്ന് കൽപ്പിച്ചു. പാരമ്പ്യത്തിനു വിരുദ്ധമായി നാസി രീതിയിൽ വിജയപീഠത്തിനു മുകളിൽ നിന്ന് ജേതാക്കൾ സല്യൂട്ട് ചെയ്യണമെന്നും ഹിറ്റ്‌ലറുടെ ഉത്തരവുണ്ടായിരുന്നു. പാവം കായികതാരങ്ങൾക്ക് വഴങ്ങാതെ നിവൃത്തിയില്ലായിരുന്നു. ആ ഒളിമ്പിക്‌സിൽ നിന്ന് അമേരിക്ക വിട്ടുനിൽക്കണമെന്ന വാദം വരെ ഉയർന്നു. എന്നാൽ ഹിതപരിശോധനയിൽ നൂറിൽ 57 പേരും അനുകൂലിച്ചതിനെ തുടർന്ന് അമേരിക്ക പങ്കെടുത്തു. അവരുടെ കറുത്ത നിറക്കാരനായ ഒഹിയോയിൽ നിന്നുള്ള ജെസി ഓവൻസ് നാല് സ്വർണപ്പതക്കം ചൂടി ആര്യമേധാവിത്വവാദികളെ ഞെട്ടിക്കുകയും ചെയ്‌തു. നാസികളെ പ്രീതിപ്പെടുത്താൻ അവസാനനിമിഷത്തിൽ അമേരിക്ക ജൂതതാരങ്ങളെ ഒഴിവാക്കിയപ്പോൾ 400 മീറ്റർ റിലേ ടീമിൽ വന്ന ഒഴിവിൽ ഓടിയാണ് ഓവൻസ് നാലാം സ്വർണം നേടിയത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം പരമ്പരാഗത സാമ്രാജ്യത്വരാഷ്‌ട്രങ്ങൾ ദുർബലമാവുകയും നവജാത രാഷ്‌ട്രങ്ങൾ ഉയർന്നുവരികയും ചെയ്‌തപ്പോൾ ലോകരാഷ്‌ട്രീയം ഒരു വഴിത്തിരിവിലെത്തുകയായിരുന്നു. ഒളിമ്പിക്‌സ് മുതലാളിത്തത്തിനും കമ്യൂണിസത്തിനും പരസ്‌പരം മത്സരത്തിനുള്ള ആഗോളവേദിയായി മാറിയതും യുദ്ധത്തിനു ശേഷമായിരുന്നു. അറബികളുടെ സമ്മർദത്തിനു വഴങ്ങിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമന്റ് ആറ്റ്‌ലി യുദ്ധാനന്തര ലണ്ടൻ ഗെയിംസിൽ (1948) നിന്ന് ഇസ്രായേലിനെ മാറ്റിനിർത്തി. 1952ലെ ഹെൽസിങ്കി ഒളിമ്പിക്‌സിൽ ചൈന പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച് തായ്‌വാൻ വിട്ടുനിന്നു. തങ്ങളെ പ്രത്യേക രാജ്യമായി അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് പൂർവജർമനിയും ഗെയിംസിനെത്തിയില്ല. ബ്രിട്ടനും ഫ്രാൻസും ചേർന്ന് സൂയസ് തോട് കൈയേറിയതിൽ പ്രതിഷേധിച്ച് 1956ലെ മെൽബൺ ഒളിമ്പിക്‌സിൽ നിന്ന് ഈജിപ്തും ലെബനനും ഇറാഖും വിട്ടുനിന്നു. ഹംഗറിയിൽ സോവിയറ്റ് യൂണിയൻ ഇടപെട്ടതിനെ എതിർത്ത് സ്വിറ്റ്‌സർലാൻഡും നെതർലാൻഡ്‌സും അതേ പാത തുടർന്നു. ഗെയിംസ് തുടങ്ങിയപ്പോൾ തായ്‌വാന്റെ കൊടിയയുർത്തുന്നതിൽ പ്രതിഷേധിച്ച് ചൈനീസ് ടീമും വാക്കൗട്ട് നടത്തി. സോവിയറ്റ് യൂണിയൻ രംഗത്തെത്തിയതോടെ വിശ്വകായികമേള രണ്ട് പ്രത്യയശാസ്‌ത്രങ്ങൾ തമ്മിലുള്ള പോരാട്ടത്തിന്റെ വേദിയായി മാറുന്നതും കണ്ടു. അമേരിക്കയും സഖ്യകക്ഷികളും ഒരുവശത്ത്. കമ്യൂണിസ്‌റ്റ് ശക്തികൾ മറുവശത്ത്. ഒടുവിൽ സോവിയറ്റ് യൂണിയന്റെ അസ്‌തമനത്തോടെയാണ് ലോകമേളയിലെ ഈ അപ്രഖ്യാപിത ശീതസമരത്തിന് വിരാമമായത്. 1972ലെ മ്യൂണിക് ഒളിമ്പിക്‌സിലാണ് അമേരിക്കയെ പിന്തള്ളി സോവിയറ്റ് യൂണിയൻ സ്വർണവേട്ടയിൽ ഒന്നാം സ്ഥാനം അലങ്കരിച്ചത്. 50 സ്വർണവും 27 വെള്ളിയും 21 വെങ്കലവും അവർ നേടിയപ്പോൾ അമേരിക്ക 21 സ്വർണവും 31 വെള്ളിയും 30 വെങ്കലവും സ്വന്തമാക്കി. പൂർവ ജർമനിക്ക് 21 സ്വർണം കിട്ടി. 1976 മോൺട്രിയലിൽ ആദ്യത്തെ പത്ത് സ്ഥാനങ്ങളിൽ ആറ് സോഷ്യലിസ്‌റ്റ് രാജ്യങ്ങളുണ്ടായിരുന്നു. സോവിയറ്റ് യൂണിയൻ, പൂർവ ജർമനി, പോളണ്ട്, റുമാനിയ, ബൾഗേറിയ, ഹംഗറി എന്നിവ. 198 സ്വർണ മെഡലുകളിൽ 121ഉം സോഷ്യലിസ്‌റ്റ് ചേരിയാണ് കരസ്ഥമാക്കിയത്. തുടർന്നുള്ള ഒളിമ്പിക്‌സുകൾ വൻശക്തി രാഷ്‌ട്രീയത്തിന്റെ അരങ്ങുകളായിരുന്നു. മിക്കപ്പോഴും ബഹിഷ്‌കരണം മൂലം ആഗോളതലത്തിലുള്ള മികച്ച പ്രതിഭകളുടെ പ്രകടനം കാണാനാകാതെ പോയി. അമേരിക്കയും സോവിയറ്റ് യൂണിയനും ജർമനിയുമൊക്കെ ഒളിമ്പിക്‌സിനെ തങ്ങളുടെ ആധിപത്യ മേഖലയാക്കിയ കാലം മറന്നിട്ടില്ല. കായികതാരങ്ങളെ യുദ്ധമുന്നണികളിലേക്ക് ഭടൻമാരെപ്പോലെ പടച്ചട്ടയണിയിച്ചു വിട്ടിരുന്ന പല രാജ്യങ്ങളും ഇന്ന് ഭൂപടത്തിലില്ല. 2008ലെ ബീജിങ് ഒളിമ്പിക്‌സിൽ അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയ ചൈന തുടർന്നുള്ള ഗെയിംസുകളിൽ രണ്ടാം സ്ഥാനത്തായിരുന്നെങ്കിലും അവർ ആഗോള കായികരംഗത്തെ പ്രബലശക്തിയായി തുടരുന്നുവെന്നതാണ് സമകാലിക യാഥാർഥ്യം. രാഷ്‌ട്രീയ മുതലലെടുപ്പിന് സ്‌പോർട്‌സിനെ കരുവാക്കരുത് 1974ൽ വിയന്നയിൽ അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുടെ എഴുപത്തിയഞ്ചാം സമ്മേളനത്തിലെ അധ്യക്ഷ പ്രസംഗത്തിൽ കില്ലാനിൻ പ്രഭു പറഞ്ഞു: ‘‘ഒളിമ്പിക് പ്രസ്ഥാനത്തിൽ വേഗത്തിലുള്ള നശീകരണം നടക്കുന്നതായാണ് ഞാൻ കാണുന്നത്. ദേശീയതയും മേധാവിത്വവാദവും ഇതിന് തുടക്കം കുറിച്ചു. രാഷ്‌ട്രീയവും സ്‌പോർട്‌സും തമ്മിൽ വേർപെടുത്താനാവില്ല. പക്ഷേ രാഷ്‌ട്രീയ മുതലെടുപ്പിൽ നിന്ന് സ്‌പോർട്‌സിനെ രക്ഷിക്കാൻ നമുക്ക് കഴിയണം.’’ പക്ഷേ കില്ലാനിന്റെ നിരീക്ഷണം ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ ഒളിമ്പിക് പ്രസ്ഥാനത്തിന് കഴിയുന്നുണ്ടോ? ഒളിമ്പിക് വേദികളിൽ നിരവധി തവണ കലാപങ്ങൾ ഉണ്ടായിട്ടുണ്ട്. 1968ൽ മെക്‌സിക്കോയിൽ ഒളിമ്പിക്‌സ് നടക്കുമ്പോൾ നാനൂറോളം വിദ്യാർഥികൾ കലാപത്തെത്തുടർന്ന് മരിച്ചുവീണിട്ടുണ്ട്. 1988 സോൾ ഒളിമ്പിക്‌സിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച് മാറിനിന്ന ഉത്തര കൊറിയയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ക്യൂബ, നിക്കാരഗ്വെ, അൽബേനിയ, എത്യോപ്യ, സീഷെൽസ് എന്നീ രാജ്യങ്ങൾ വിട്ടുനിന്നു. ദക്ഷിണ കൊറിയൻ ഭരണാധികാരികൾക്കെതിരെ, അവരുടെ നയസമീപനങ്ങൾക്കെതിരെ അവിടെ വിദ്യാർഥികൾ പോരാട്ടം നടത്തുകയുണ്ടായി. ഉത്തര കൊറിയയെയും ക്യൂബയെയും ഒളിമ്പിക്‌സിൽ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിദ്യാർഥികൾ സോളിൽ കലാപക്കൊടി ഉയർത്തിയത്. ഉത്തര കൊറിയക്ക് വേണ്ടി വാദിച്ചത് വിദ്യാർഥികൾ മാത്രമായിരുന്നില്ല. അവരോടൊപ്പം പ്രതിപക്ഷ പാർടികളുമുണ്ടായിരുന്നു. എന്നാൽ ദക്ഷിണകൊറിയൻ ഭരണകൂടം അവരെ ഉരുക്കുമുഷ്‌ടി കൊണ്ട് നേരിടുകയായിരുന്നു. അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ചട്ടങ്ങൾ അതിലംഘിച്ചതിന് 1964ൽ ദക്ഷിണാഫ്രിക്കയെ ഒളിമ്പിക്‌സിൽ നിന്ന് വിലക്കി. 1968ൽ ആഫ്രിക്കൻ രാഷ്‌ട്രങ്ങൾ കൂട്ടായി ആവശ്യപ്പെട്ടതിനാൽ 1992 വരെ നിരോധനം തുടർന്നു. 1980ൽ ഒളിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട ബഹിഷ്‌കരണമാണ് നടന്നത്. അഫ്‌ഗാനിസ്ഥാനിൽ സോവിയറ്റ് സൈന്യം തുടരുന്നത് ചൂണ്ടിക്കാട്ടി അമേരിക്കയുടെ നേതൃത്വത്തിൽ 55 രാഷ്‌ട്രങ്ങൾ മോസ്‌കോ മേളയിൽ നിന്ന് വിട്ടുനിന്നു. 1984ൽ ലോസ് ആഞ്ചലസിൽ നടന്ന ഒളിമ്പിക്‌സാവട്ടെ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ 14 രാഷ്‌ട്രങ്ങൾ ബഹിഷ്‌കരിച്ചു. ആതിഥേയരായ അമേരിക്ക മേളയെ വാണിജ്യവൽക്കരിക്കുന്നു എന്ന കാരണത്താലായിരുന്നു അത്. 1992ൽ ബാഴ്‌സലോണയിൽ അരങ്ങേറിയ ഒളിമ്പിക്‌സിൽ സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് മുൻ സോവിയറ്റ് രാജ്യങ്ങൾ ഒരു ഫെഡറേഷനായി ഒന്നിച്ച് ആദ്യമായും അവസാനമായും മത്സരങ്ങളിൽ പങ്കെടുത്തു. ഇരുപത്തിയഞ്ചാം ഒളിമ്പിക്‌സിൽ ബാഴ്‌സലോണയിൽ ചാമ്പ്യൻമാരായതും ആ ഫെഡറേഷൻ ടീമാണ്. എൺപതിനു ശേഷം മാറിനിന്നിരുന്ന ക്യൂബയും അവിടെ വരവറിയിച്ചു. 1960ന് ശേഷം ആദ്യമായി ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള കായികതാരങ്ങളെയും ബാഴ്‌സലോണ വരവേറ്റു. ഫാനി ബ്ലാങ്കേഴ്‌സ് കോയിനും ഫ്‌ളോറൻസ് ഗ്രിഫിത്ത് ജോയ്‌നറും ലാറിസ ലാറ്റിനിനയും നാദിയ കൊമനേച്ചിയുമെല്ലാം വിശ്വകായികമേളയിലെ വീരാംഗനമാരാണ്. പക്ഷേ നൂറ്റാണ്ടുകൾക്ക് മുമ്പ് സ്‌ത്രീകൾക്ക് ഒളിമ്പിക്‌സ് നിഷിദ്ധമായിരുന്നു. ഒന്നോർക്കണം ആധുനിക ഒളിമ്പിക്‌സിന്റെ പിതാവായ ക്യൂബർട്ടിന്റെ മനസ്സിലും സ്‌ത്രീകൾക്ക് സ്ഥാനമില്ലായിരുന്നു. ഒളിമ്പിക്‌സ് പുരുഷൻമാർക്കുള്ളതാണെന്ന് അദ്ദേഹം വിധിച്ചു. എന്നാൽ 1900ലെ പാരീസ് ഒളിമ്പിക്‌സിൽ പുരുഷമേധാവിത്വം സ്‌ത്രീകളോട് ദയ കാട്ടി. അന്നുമുതൽ വനിതകൾക്ക് പ്രാതിനിധ്യം ലഭിച്ചെങ്കിലും ഘട്ടം ഘട്ടമായാണ് അവർക്ക് കൂടുതൽ മത്സരങ്ങൾ ഏർപ്പെടുത്തിയത്. 1948ലെ ലണ്ടൻ ഗെയിംസിൽ ആലീസ് കോച്ച്‌മാൻ എന്ന കറുത്ത വനിത ഹൈജമ്പിൽ സ്വർണം നേടിയപ്പോൾ പ്രമാണിമാർക്ക് പിടിച്ചില്ല. അസാധാരണ കഴിവുകൾ പ്രകടിപ്പിക്കുന്ന സ്‌ത്രീകളെ ലിംഗപരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് അമേരിക്ക ഐഒസി യോട് അഭ്യർഥിക്കുകയും ചെയ്‌തു. 2016ൽ ഒളിമ്പിക്‌സ് ബ്രസീലിലെത്തിയപ്പോൾ വനിതകളുടെ എണ്ണം 45 ശതമാനത്തിലെത്തിയിരുന്നു. 2021ൽ ടോക്കിയോയിലാകട്ടെ എല്ലാ രാജ്യങ്ങൾക്കും വനിതാ അത്‌ലറ്റുകളുണ്ടായിരുന്നു. ഒടുവിൽ ഇതാ, മത്സരവേദികളിലെ സ്ത്രീ‐പുരുഷ അനുപാതം 50‐50 ആയത് പാരീസ് ‐24 ന്റെ രജതരേഖയുമാണ്. കായികതാരങ്ങളായ സ്‌ത്രീകൾക്കു നേരെ അധിക്ഷേപവും വധഭീഷണിയും ആധുനികകാലത്തും നാം കാണുന്നുണ്ട്. 1992ലെ ഗെയിംസിൽ പങ്കെടുത്ത അൾജീരിയയുടെ ഓട്ടക്കാരി ഹസീബ ബൗൾമെർക്കെയെ കല്ലെറിഞ്ഞു കൊല്ലുമെന്ന് ഒരുകൂട്ടം മുസ്ലിം വർഗീയവാദികൾ ഭീഷണിപ്പെടുത്തി. ഇസ്ലാമിക ആചാരങ്ങൾക്ക് വിരുദ്ധമായ വസ്‌ത്രം ധരിച്ച് ഗ്രൗണ്ടിലിറങ്ങിയതിനാണ് ഈ ഭീഷണി. ബൗൾ മെർക്ക ഇത് വകവച്ചില്ല. 1991ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും 92ലെ ബാഴ്‌സലോണ ഒളിമ്പിക്‌സിലും 100 മീറ്ററിൽ അവർ സ്വർണം നേടി. 2000 സിഡ്‌നി ഒളിമ്പിക്‌സിൽ ഓസ്‌ട്രലിയൻ വൻകരയിലെ വെള്ളക്കാർ കാട്ടിക്കൂട്ടിയ പേക്കൂത്തുകളുടെ ഫലമായി അസ്‌തിത്വം നഷ്‌ടപ്പെട്ട ഒരു ജനതയുടെ പ്രതിഷേധം കാത്തി ഫ്രീമാൻ എന്ന ഓട്ടക്കാരി ഉയർത്തിയത് മറക്കാനാകുമോ? ആദിവാസികളെ കൂട്ടക്കൊല ചെയ്‌ത് ജനസംഖ്യയുടെ 20 ശതമാനം മാത്രമാക്കിയ വെള്ളക്കാർ രാജ്യത്ത് വർണവിവേചനനയം പിന്തുടരുന്നുണ്ടെന്നാരോപിച്ച് വിവിധ ആദിവാസി സംഘടനകൾ സിഡ്‌നിയിൽ സമാന്തര ഒളിമ്പിക്‌സ് ഉദ്‌ഘാടനത്തിനുവരെ ഒരുങ്ങിയതാണ്. അന്ന് കാത്തി ഫ്രീമാൻ ഉയർത്തിയ പ്രതിഷേധം ഒറ്റപ്പെട്ടതല്ല. അമേരിക്കയടക്കമുള്ള പല വൻശക്തി രാഷ്‌ട്രങ്ങളിലെയും അത്‌ലറ്റുകൾക്ക് പ്രത്യേകിച്ച് വനിതകൾക്ക് ഇത്തരം കഥകൾ ധാരാളമുണ്ട്. നാട്ടിലെ പൊടിപിടിച്ച റോഡുകളിൽ സൈക്ലിങ് പരിശീലനം നടത്തുമ്പോൾ അഫ്‌ഗാൻകാരികളായ യുൽദുസ്‐ഫരീബ ഹാഷ്‌മി ഇരട്ട സഹോദരിമാർക്ക് നേരിടേണ്ടി വന്നത് നാട്ടുകാരിൽ നിന്നുള്ള കല്ലേറുകളാണ്. അന്നവർ നേരിട്ട അവമതിക്കും അവഗണനയ്‌ക്കുമുള്ള പ്രതിവിധിയാണ് ഇന്നവർ പാരീസ് ഒളിമ്പിക്‌സിൽ മത്സരിക്കാനിറങ്ങിയത്. മെഡലുകൾ നേടുന്നതിനേക്കാൾ പങ്കെടുക്കലാണ് പ്രധാനമെന്ന ഒളിമ്പിക് മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഈ പെൺകൊടികൾ വിശ്വമേളയിൽ തങ്ങളുടെ സാന്നിധ്യമറിയിച്ചത്. അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട രണ്ട് കോടി അഫ്‌ഗാൻ വനിതകളുടെ പ്രതിനിധികളായി മത്സരിക്കാൻ കഴിഞ്ഞതിന്റെ അഭിമാനബോധമുണ്ട് ഇരുവർക്കും. വനിതകളുടെ ശബ്‌ദമാകാൻ കഴിയുന്നതിലൂടെ അഫ്‌ഗാനിസ്ഥാനിൽ സ്‌ത്രീകൾ നേരിടുന്ന അവസ്ഥയിലേക്ക് ലോകത്തിന്റെ ശ്രദ്ധ കൊണ്ടുവരാനും പ്രതിസന്ധികളെയും വെല്ലുവിളികളെയും തരണം ചെയ്‌ത് ലോകമേളയിൽ എങ്ങനെ മത്സരിക്കാനായെന്ന് ബോധ്യപ്പെടുത്താനുമാണ് തങ്ങളുടെ ശ്രമമമെന്ന് സഹോദരിമാർ പറയുന്നു. മൂന്ന് വനിതകൾ, മൂന്ന് പുരുഷൻമാർ ‐ ലിംഗസമത്വം പാലിക്കുന്ന ഒളിമ്പിക്‌സിലൂടെ കാബൂളിന് വ്യക്തമായ സന്ദേശമാണ് ആ അത്‌ലറ്റുകൾ നൽകുന്നത്. ചുവപ്പ്, പച്ച, കറുപ്പ് നിറങ്ങളുടെ അഫ്‌ഗാനിസ്ഥാൻ പതാകയ്‌ക്ക് കീഴിലാണ് അവർ പാരീസിൽ മത്സരിച്ചത്. താലിബാൻ മാറ്റിയ പതാകയാണിത്. വിദേശത്ത് കഴിയുന്ന അഫ്‌ഗാനിസ്ഥാൻ ദേശീയ ഒളിമ്പിക് സമിതിയുടെ മുതിർന്ന അംഗങ്ങളും അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് യുൽദുസ്, ഫാരിബമാർ ഉൾപ്പെടെ ആറംഗ ടീമിന് പാരീസിൽ മത്സരിക്കാനായത്. സ്വന്തമായി രാജ്യമോ കൊടിയോ ഇല്ലാത്തവരായ അഭയാർഥി അത്‌ലറ്റുകൾ ആദ്യമായി അണിനിരന്നത് 2016ലെ റിയോ ഡി ജനീറോ ഒളിമ്പിക്‌സിലാണ്. ദക്ഷിണ സുഡാനിൽ നിന്നുള്ള ഓട്ടക്കാരി റോസ് ലോകോമെനാണ് അന്നവിടെ അഭയാർഥി ടീമിന് വേണ്ടി പതാകയേന്തിയത്. 2012 ലണ്ടനിൽ നിന്ന് 2021 ടോക്കിയോയും കടന്ന് പാരീസിലെത്തിയ മുപ്പത്തിമൂന്നാം ഒളിമ്പിക്‌സിൽ 37 പേരാണ് അഭയാർഥി അത്‌ലറ്റുകളായി പങ്കെടുത്തത്. ലോകമെമ്പാടുമുള്ള അഭയാർഥി കായികതാരങ്ങൾക്ക് വിശ്വകായിക മേളയുടെ നല്ലൊരു സന്ദേശമാണിത്. ഉത്തേജകങ്ങളുടെ കരുത്തോ ഈ കുതിപ്പ് 1988 സോൾ ഒളിമ്പിക്‌സിൽ 100 മീറ്റർ 9.79 സെക്കൻഡിൽ ഓടിയെത്തി ലോകറെക്കോഡ് തകർത്ത കാനഡക്കാരൻ ബെൻ ജോൺസന്റെ ട്രാക്കിലെ രാജവാഴ്‌ചയ്‌ക്ക് 62 മണിക്കൂറേ ആയുസ്സുണ്ടായിരുന്നുള്ളൂ. സോൾ ഒളിമ്പിക് സ്‌റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച വിജയം ജോൺസന്റേതായിരുന്നില്ലെന്നും നാളുകളായി കുത്തിവെക്കുന്ന ഉത്തേജകത്തിന്റെ രസതന്ത്രമാണെന്നും ലോകം അറിഞ്ഞു. ഉത്തേജക മരുന്നുകളുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് സ്‌പോർട്‌സിനെ രക്ഷിക്കാൻ ഐഒസിയും വിവിധ കായിക ഇനങ്ങളിലെ രാജ്യാന്തര സംഘടനകളും ഓരോ നിയന്ത്രണം കൊണ്ടുവരുമ്പോഴും തട്ടിപ്പിന്റെ പുത്തൻ ട്രാക്കുകളിലൂടെ ലാബോറട്ടറികളിൽ നിർമിച്ചെടുക്കുന്ന വ്യാജചാമ്പ്യൻമാർ കുതിപ്പ് തുടരുന്നു. പാരീസിലേക്കുള്ള പ്രയാണത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ പിടിക്കപ്പെട്ടവരുടെയും വിലക്ക് നേരിടുന്നവരുടെയും സംഖ്യ ചെറുതല്ല. ഹോമോസാപിയൻസ് എന്ന ആധുനിക മനുഷ്യൻ ഒരു ശരീരത്തിന്റെ പരിധി വിട്ട് വെടിച്ചില്ല് പോലെ കുതിച്ചുപായുമ്പോൾ അതിന് പിന്നിൽ ഉത്തേജകമരുന്നുകളാണുള്ളതെന്നത് ആരെയാണ് ലജ്ജിപ്പിക്കാത്തത്. 1960ലെ റോം ഒളിമ്പിക്‌സിൽ കുഴഞ്ഞുവീണ് മരിച്ച നട് ജെൻസൺ എന്ന ഡാനിഷ് സൈക്ലിസ്‌റ്റ് ഉത്തേജകത്തിന്റെ ഇരയായിരുന്നു. ഇയാൾ ‘റാണിക്കോൾ’ എന്ന ഉത്തേജകമരുന്ന് മത്സരത്തിന് മുമ്പ് കഴിച്ചതായി കണ്ടെത്തി. ഉത്തേജകം പതിവായി ഉപയോഗിച്ച് ഹോർമോൺ മാറ്റം സംഭവിച്ച് അകാല ചരമമടഞ്ഞവരും നിരവധി. 1900ൽ പാരീസ് ഒളിമ്പിക്‌സ് ലോക വാണിജ്യമേളയുടെ ഭാഗമായി സംഘടിപ്പിച്ച ക്യൂബർട്ടിൻ, അത് വാണിജ്യവൽക്കരണത്തിന്റെയും വ്യാപാരത്തിന്റെയും മേള കൂടിയായി മാറുമെന്ന് കരുതിയിട്ടുണ്ടാവില്ല. ആദ്യകാലത്ത് കാര്യമായ വരുമാനമൊന്നുമില്ലാത്ത ഒളിമ്പിക്‌സിന്റെ നടത്തിപ്പുകാർ പാപ്പരാവുകയായിരുന്നു. 1968ൽ മെക്‌സിക്കോയ്‌ക്കും 1972ൽ മ്യൂണിക്കിനും 76ൽ മോൺട്രിയലിനും 2004ൽ ഏഥൻസിനും 2016ൽ റിയോ ഡി ജനീറോയ്‌ക്കുമെല്ലാം കടബാധ്യത വീട്ടാൻ പ്രത്യേക നികുതി ഏർപ്പെടുത്തി ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കേണ്ടി വന്നു. ഒളിമ്പിക് വേദി പ്രത്യേക നഗരങ്ങൾക്ക് കിട്ടാനായി വൻകോഴ ഒളിമ്പിക് കമ്മിറ്റിയംഗങ്ങൾ കൈപ്പറ്റിയതിനെക്കുറിച്ചുള്ള ആരോപണങ്ങളും പുത്തരിയല്ല. ലോകത്തെയാകെ സമഭാവനയോടെ കാണുന്ന എല്ലാ വൻകരകളിൽ നിന്നുമുള്ള ജനതയാകെ ആവേശത്തോടെ സാക്ഷിയാകുന്ന മറ്റൊരു മഹാമേളയില്ല. വിശ്വകായികമേളയ്‌ക്ക് നേരെ രാഷ്‌ട്രീയവും തീവ്രദേശീയതയും മുഖാമുഖം നിൽക്കുമ്പോഴൊക്കെ നഷ്‌ടമാവുന്നത് സാർവദേശീയ സൗഹൃദത്തിന്റെ സൗവർണ നിമിഷങ്ങളാണ്. ലോകത്തെയാകെ സമഭാവനയോടെ കാണുന്ന എല്ലാ വൻകരകളിൽ നിന്നുമുള്ള ജനതയാകെ ആവേശത്തോടെ സാക്ഷിയാകുന്ന മറ്റൊരു മഹാമേളയില്ല. വിശ്വകായികമേളയ്‌ക്ക് നേരെ രാഷ്‌ട്രീയവും തീവ്രദേശീയതയും മുഖാമുഖം നിൽക്കുമ്പോഴൊക്കെ നഷ്‌ടമാവുന്നത് സാർവദേശീയ സൗഹൃദത്തിന്റെ സൗവർണ നിമിഷങ്ങളാണ്. ഒരു രാഷ്‌ട്രം ഒളിമ്പിക്‌സിൽ നിന്ന് വിട്ടുനിൽക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്യുമ്പോൾ ആ വേദിയെ കാത്ത് ജീവിതം തപസ്യയാക്കിയ കായികതാരങ്ങളുടെ ജൻമാഭിലാഷമാണ് കരിഞ്ഞുപോകുന്നത്. മാനവികതയുടെ മഹാസംഗമത്തിന് മേൽ കാലത്തിന്റെ തേങ്ങലുകൾ കേൾക്കാമെങ്കിലും മനുഷ്യകുലത്തിന്റെ മഹോത്സവമായി ഒളിമ്പിക്‌സ് മുന്നോട്ടുതന്നെയാണ്. യുദ്ധം കശക്കിയെറിഞ്ഞ പലസ്‌തീന്റെയും യുക്രെയ്‌നിന്റെയും കായികതാരങ്ങളടക്കം പാരീസിലെ ആഗോള കൂട്ടായ്‌മയിൽ പങ്കാളികളായി. നമുക്ക് ആശിക്കാം ഒളിമ്പിക്‌സിനു മേൽ കാലത്തിന്റെ നിർഭാഗ്യങ്ങൾ ഇനി പതിയാതിരിക്കട്ടെ. ദേശാഭിമാനി വാരികയിൽ നിന്ന് Read on deshabhimani.com