അത്ഭുതങ്ങളുടെ വൻമതിൽ ; ഇന്ത്യൻ വോളിബോൾ ടീമിന്റെ സഹപരിശീലകൻ ടോം ജോസഫ് എഴുതുന്നു
ഇവിടെ എല്ലാ ഒരുക്കവും പൂർത്തിയായി. ചൈനയിലെ ഹാങ് ചൗ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസ് ഔദ്യോഗികമായി തുടങ്ങുന്നത് 23നാണ്. അതിനുമുമ്പെ മത്സരങ്ങൾ ആരംഭിക്കുന്നു. ഇന്ന് പുരുഷന്മാരുടെ വോളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, ബീച്ച് വോളിബോൾ മത്സരങ്ങളോടെയാണ് തുടക്കം. ഇന്ത്യ വോളിബോളിലും ഫുട്ബോളിലും ഇറങ്ങും. വോളിബോളിൽ കംബോഡിയയാണ് എതിരാളി. ഫുട്ബോളിൽ ആതിഥേയരായ ചൈന. ചൈനയിൽ വരുന്നത് രണ്ടാംതവണയാണ്. 2012 ചലഞ്ചർ കപ്പിനാണ് ആദ്യം. 10 വർഷത്തിനുശേഷം വരുമ്പോൾ ചൈനയിൽ വന്ന മാറ്റം അത്ഭുതകരമാണ്. നഗരങ്ങളെല്ലാം ആധുനികസൗകര്യങ്ങളോടെ വളർന്ന് പടർന്നിരിക്കുന്നു. രണ്ട് എഷ്യൻ ഗെയിംസിൽ പങ്കെടുത്തിട്ടുണ്ട്. കളിക്കാരനായാണ് അന്ന് പോയത്. ഇക്കുറി പരിശീലക റോളിലാണ്. ഒന്നുറപ്പാണ് ഈ ഗെയിംസ് ചരിത്ര വിജയമാകും. കഴിഞ്ഞവർഷം നടക്കേണ്ട ഗെയിംസ് കോവിഡ് മൂലം മാറ്റിയതാണ്. അതിനാൽ ഒരുക്കത്തിന് കുറച്ചുകൂടി സമയം കിട്ടി. ഇത്തവണ ആദ്യമെത്തിയ സംഘത്തിൽ വോളിബോൾ ടീമുണ്ടായിരുന്നു. അതിനാൽ നന്നായി തയ്യാറെടുക്കാനും വേദിയുമായി പൊരുത്തപ്പെടാനും സാധിച്ചു. അടിമുടി പ്രൊഫഷണലാണ് ഗെയിംസ് നടത്തിപ്പ്. സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു. വിമാനമിറങ്ങി അരമണിക്കൂറിൽ ഗെയിംസ് വില്ലേജിലെത്താം. എല്ലായിടത്തും സഹായത്തിനാളുണ്ട്. എല്ലാ സൗകര്യങ്ങളോടുംകൂടി വിശാലമാണ് ഗെയിംസ് വില്ലേജ്. ഒരു നഗരംതന്നെ പുനഃസൃഷ്ടിച്ചിരിക്കുന്നു. നാല് മേഖലകളായി തിരിച്ചാണ് താമസത്തിനുള്ള അപ്പാർട്‌മെന്റുകൾ. അതിൽ 32 നില കെട്ടിടമുള്ള ആദ്യ സോണിലാണ് ഇന്ത്യൻ ടീം. ഭക്ഷണം കഴിക്കാൻ അരമണിക്കൂർ യാത്ര. മത്സരവേദിയിലേക്ക് ഒരു മണിക്കൂർ. ഒരു തടസ്സവുമില്ലാതെ സദാസമയവും ചെറിയ വാഹനങ്ങൾ തയ്യാർ. എവിടെയും ട്രാഫിക് തടസ്സമില്ലാതെ കളിക്കാർക്ക് കടന്നുപോകാം. താമസസ്ഥലത്ത് ധാരാളം സൈക്കിൾ ഉണ്ട്. ആവശ്യക്കാർക്ക് സംഘാടകർ നൽകിയ കാർഡ് ഉപയോഗിച്ച് സൈക്കിൾ എടുക്കാം. രണ്ട് കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഗെയിംസ് വില്ലേജിലൂടെയുള്ള സൈക്കിൾ യാത്ര രസകരമാണ്.വോളിബോൾ ടീം നല്ല തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. മത്സരവേദിയിലെത്തിയും പരിശീലനം നടത്താനായി. രണ്ട് കോർട്ടിലാണ് മത്സരം നടക്കുന്നത്. കളിക്കാരെല്ലാം പൂർണ ആത്മവിശ്വാസത്തിലാണ്. ഹാങ്ചൗ ഗെയിംസിൽ ഇന്ത്യ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. കൂടുതൽ മെഡലിനായി കാത്തിരിക്കാം. Read on deshabhimani.com