അശ്വിൻ തിരിച്ചെത്തി ; വിരമിക്കലിൽ വിവാദം , അപമാനം നേരിട്ടെന്ന് അച്ഛനും

image credit bcci facebook


ചെന്നൈ ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ പരമ്പരയ്‌ക്കിടെ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ സ്‌പിൻ ബൗളർ ആർ അശ്വിൻ ചെന്നൈയിൽ തിരിച്ചെത്തി. സന്തോഷത്തോടെയാണ്‌ ഇന്ത്യൻ കുപ്പായം അഴിക്കുന്നതെന്ന്‌ അശ്വിൻ പറഞ്ഞു. കഴിയുന്ന കാലത്തോളം ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി കളിക്കണം. ക്രിക്കറ്റ്‌ ജീവിതത്തിലുടനീളം ഉണ്ടാകുമെന്നും മുപ്പത്തെട്ടുകാരൻ പറഞ്ഞു. ഇന്നലെ രാവിലെ എത്തിയ താരത്തെ കുടുംബാംഗങ്ങൾ സ്വീകരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും വീട്ടിൽ സ്വീകരണമൊരുക്കിയിരുന്നു. മകന്‌ അപമാനം നേരിട്ടതാണ്‌ പെട്ടെന്നുള്ള വിരമിക്കലിന്‌ കാരണമെന്ന്‌ അച്ഛൻ രവിചന്ദ്രൻ പറഞ്ഞു. വിരമിക്കാനുള്ള തീരുമാനം അശ്വിന്റേതാണ്‌. അതിനൊപ്പം നിൽക്കുകയും സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യുന്നു. എന്നാൽ, അതിനുപിന്നിൽ കാരണങ്ങളുണ്ടാകാമെന്ന്‌ അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുന്നതിൽ അച്ഛന്‌ പരിചയക്കുറവുണ്ടെന്ന്‌ അശ്വിൻ പിന്നീട്‌ പറഞ്ഞു. ഇതിനേക്കാൾ മികച്ച വിടവാങ്ങൽ അശ്വിൻ അർഹിച്ചിരുന്നതായി മുൻ ക്യാപ്‌റ്റൻ കപിൽദേവ്‌ പറഞ്ഞു. ആരാധകർക്ക്‌ മാത്രമല്ല അശ്വിന്റെ മുഖത്തും നിരാശ പ്രകടമാണ്‌. ഇന്ത്യൻ മണ്ണിൽ വിരമിക്കാമായിരുന്നു. അദ്ദേഹത്തിന്റെ സംഭാവന പരഗണിച്ച്‌ ബിസിസിഐ വിടവാങ്ങൽ ചടങ്ങ്‌ സംഘടിപ്പിക്കണമെന്ന്‌ കപിൽ പറഞ്ഞു. പരമ്പരയ്‌ക്കിടെ യാതൊരു മുന്നറിയിപ്പുമില്ലാതെ വിരമിച്ചത്‌ ശരിയായില്ലെന്ന്‌ സുനിൽ ഗാവസ്‌കർ പറഞ്ഞു. Read on deshabhimani.com

Related News