അസ്സലാണ് അജ്‌സൽ
ഹൈദരാബാദ് സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ അപരാജിത കുതിപ്പിന് വഴിയൊരുക്കി മുന്നേറ്റക്കാരൻ മുഹമ്മദ് അജ്‌സൽ. മുന്നേറ്റനിരയിൽ ഏറെക്കാലമായി കേരളം ആഗ്രഹിക്കുന്ന കരുത്തുറ്റ താരമാണ് കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയായ ഇരുപത്തൊന്നുകാരൻ. ഹൈദരാബാദിൽ മൂന്ന് കളിയിൽ മൂന്ന് ഗോളടിക്കുകയും രണ്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്‌തു. ശാരീരികക്ഷമതയും എതിർപ്രതിരോധത്തെ വകഞ്ഞുമാറ്റി പന്ത് തൊടുക്കാനുള്ള ശേഷിയുമാണ് വ്യത്യസ്‌തനാക്കുന്നത്. മേഘാലയക്കെതിരെയും ഒഡിഷയ്‌ക്കെതിരെയും ഒറ്റയാൻ മുന്നേറ്റത്തിലൂടെയാണ് വലകുലുക്കിയത്. 90 മിനിറ്റും കളിക്കാൻ ഊർജസ്വലൻ. ഇത്തവണ രണ്ടാം സന്തോഷ് ട്രോഫിയാണ്. കോഴിക്കോട് നടന്ന യോഗ്യതാ റൗണ്ടിൽ മൂന്ന് ഗോൾ നേടിയിരുന്നു. 2022ൽ കേരള ബ്ലാസ്‌റ്റേഴ്‌സ് റിസർവ് ടീമിലെത്തി. തുടർന്ന് വായ്‌പയടിസ്ഥാനത്തിൽ ഐ ലീഗ് ക്ലബ് ഇന്റർ കാശിക്കായി പന്ത് തട്ടി. ബാസ്‌റ്റേഴ്‌സിൽ തിരിച്ചെത്തിയ താരം ഇപ്പോൾ വായ്‌പയടിസ്ഥാനത്തിൽ ഗോകുലം കേരളയിലാണുള്ളത്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ ഡിഗ്രി വിദ്യാർഥിയാണ്. Read on deshabhimani.com