ലോക ചെസ്‌ ചാമ്പ്യൻഷിപ് ; വിജയക്കരു 
നീക്കാൻ ഗുകേഷ്‌

സിംഗപ്പുരിലെ മത്സരവേദിയിൽ ഡിങ് ലിറെനും ഡി ഗുകേഷും image credit FIDE - International Chess Federation facebook


സിംഗപ്പുർ ലോക ചെസ്‌ ചാമ്പ്യൻഷിപ്പിൽ വിജയക്കരു നീക്കാൻ ഇന്ത്യയുടെ പതിനെട്ടുകാരൻ ദൊമ്മരാജു ഗുകേഷ്‌ തയ്യാർ. നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറെനാണ്‌ എതിരാളി. മത്സരവേദിയായ സിംഗപ്പുരിലെ വേൾഡ്‌ സെന്റോസ റിസോർട്ടിൽ ചാമ്പ്യൻഷിപ്പിന്റെ ഉദ്‌ഘാടനം നടന്നു. ആദ്യറൗണ്ട്‌ നാളെ പകൽ 2.30ന്‌ തുടങ്ങും. 14 റൗണ്ട്‌ മത്സരമാണ്‌. ഏറ്റവും പ്രായംകുറഞ്ഞ ലോക ചാമ്പ്യനാകണമെന്ന്‌ ഏഴുവർഷംമുമ്പ്‌ അഭിമുഖത്തിൽ പറഞ്ഞ ആഗ്രഹം യാഥാർഥ്യമാകുമോയെന്ന്‌ കാത്തിരുന്ന്‌ കാണാം. നിലവിലെ ഫോമിൽ മികച്ച സാധ്യതയാണ്‌ ചെസ്‌ പണ്ഡിതർ നൽകുന്നത്‌. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിലെ കളിമികവാണ്‌ സാധ്യത കൽപ്പിക്കാൻ കാരണം. കാൻഡിഡേറ്റ്‌സ്‌ ടൂർണമെന്റ്‌ ജയിച്ചാണ്‌ ലോകകിരീടത്തിനായി ഏറ്റുമുട്ടാൻ അർഹത നേടിയത്‌. ഇതിഹാസതാരങ്ങളായ ബോബി ഫിഷറിനും മാഗ്നസ്‌ കാൾസനുംശേഷം ഈ ടൂർണമെന്റിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമായിരുന്നു. ഇരുവർക്കും അരങ്ങേറ്റത്തിൽ വിജയിക്കാനായില്ല. ആന്ധ്രയിൽനിന്ന്‌ തമിഴ്‌നാട്ടിലെത്തിയ കുടുംബമാണ്‌ ഗുകേഷിന്റേത്‌. 2006 മെയ്‌ 29ന്‌ ചെന്നൈയിലാണ്‌ ജനനം. അച്ഛൻ രജനീകാന്ത്‌ ഇഎൻടി സർജനും അമ്മ പത്മ മൈക്രോബയോളജിസ്‌റ്റുമാണ്‌. ഏഴാംവയസ്സിലാണ്‌ ചെസ്‌കളി തുടങ്ങിയത്‌. 11 വർഷത്തിനുള്ളിൽ അത്ഭുതകരമായ കുതിപ്പാണുണ്ടായത്‌. അണ്ടർ 9 വിഭാഗത്തിൽ ഏഷ്യൻ സ്‌കൂൾ ചാമ്പ്യനായാണ്‌ തുടക്കം. 2018ൽ ഏഷ്യൻ യൂത്ത്‌ ചെസ്‌ ചാമ്പ്യൻഷിപ്പിൽ അഞ്ച്‌ സ്വർണമെഡൽ നേടി. ഗ്രാൻഡ്‌മാസ്‌റ്റർ പദവി ലഭിച്ച പ്രായംകുറഞ്ഞ രണ്ടാമത്തെ താരമാണ്‌. 12 വർഷവും ഏഴുമാസവും 17 ദിവസവും പ്രായമുള്ളപ്പോൾ ഗ്രാൻഡ്‌മാസ്‌റ്ററായി. റഷ്യൻ ഗ്രാൻഡ്‌മാസ്‌റ്റർ സെർജി കർജാകിൻ 17 ദിവസം വ്യത്യാസത്തിൽ പ്രായംകുറഞ്ഞ താരമെന്ന ബഹുമതി സ്വന്തമാക്കി. അഞ്ചുതവണ ലോക ചാമ്പ്യനായ കാൾസനെ 16–-ാം വയസ്സിൽ തോൽപ്പിച്ചിട്ടുണ്ട്‌. നിലവിൽ അഞ്ചാം റാങ്കാണ്‌. റേറ്റിങ് 2783. അഞ്ചുതവണ ലോകകിരീടം സ്വന്തമാക്കിയ വിശ്വനാഥൻ ആനന്ദിന്റെ പിൻഗാമിയാകാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. Read on deshabhimani.com

Related News