വല്ലാത്ത കളി ; നാടകീയതയുമായി അർജന്റീന മൊറോക്കോ മത്സരം
സെന്റ് എറ്റൈനെ കണ്ടോ കേട്ടോ പരിചയമില്ലാത്ത നാടകീയതയുമായി ഒളിമ്പിക്‌സ് ഫുട്‌ബോളിലെ അർജന്റീന–-മൊറോക്കോ മത്സരം. നിശ്ചിതസമയം 2–-2ന് കളി അവസാനിച്ചെന്ന് പ്രതീക്ഷിച്ചിടത്ത് രണ്ടുമണിക്കൂറിനുശേഷം കളി പുനരാരംഭിച്ചു. പരിക്കുസമയം അർജന്റീന നേടിയ സമനിലഗോൾ വാർ പരിശോധനയിൽ റദ്ദാക്കി. ഫലം 2–-1ന് മുൻ ചാമ്പ്യൻമാർ തോറ്റു. അവിശ്വസനീയമായ കാര്യങ്ങളാണ് സെന്റ് എറ്റൈനെ സ്‌റ്റേഡിയത്തിൽ നടന്നത്. സൂഫിയാനെ റഹീമിയുടെ ഇരട്ടഗോളിൽ മൊറോക്കോ മുന്നിലെത്തി. ഗിലിയാനോ സിമിയോണി അർജന്റീനയ്‌ക്കായി ലക്ഷ്യംകണ്ടു. 15 മിനിറ്റായിരുന്നു പരിക്കുസമയം. ഇതിന്റെ അവസാനനിമിഷം ക്രിസ്റ്റ്യൻ മെദീന സമനില ഗോൾ നേടി. തൊട്ടുപിന്നാലെ ആരാധകർ മൈതാനം കൈയേറി. അർജന്റീന താരങ്ങൾക്കുനേരെ കുപ്പിയും പ്ലാസ്റ്റിക്കും വലിച്ചെറിഞ്ഞു. ഇതോടെ റഫറിമാർ മത്സരം സസ്‌പെൻഡ് ചെയ്‌തു. എന്നാൽ, കളി അവസാനിച്ചെന്നാണ് ഇരുടീമുകൾ ഉൾപ്പെടെ വിശ്വസിച്ചത്. കളി സമനിലയായെന്ന് വാർത്തയും പരന്നു. എന്നാൽ, രണ്ടുമണിക്കൂറിനുശേഷം കാണികളെ ഒഴിപ്പിച്ചശേഷം റഫറിമാർ കളി പുനരാരംഭിച്ചു. മൂന്നു മിനിറ്റായിരുന്നു മത്സരം. മെദീനയുടെ ഗോൾ ഓഫ്‌സൈഡാണെന്ന് പരിശോധിക്കുകയും ചെയ്‌തു. വാറിൽ ഗോൾ നിഷേധിച്ചതോടെ സ്‌കോർ 2–-1. ബാക്കിയുള്ള മൂന്നു മിനിറ്റിൽ അർജന്റീനക്കാർക്ക് ഒന്നും ചെയ്യാനായില്ല. ‘സർക്കസാ’ണ് നടന്നതെന്നായിരുന്നു അർജന്റീനയുടെ പരിശീലകനും മുൻതാരവുമായ ഹാവിയർ മഷ്‌കരാനോ മത്സരശേഷം പറഞ്ഞത്. നാളെ ഇറാഖുമായാണ് മത്സരം. ഇറാഖ് ആദ്യകളിയിൽ ഉക്രയ്‌നെ 2–-1ന് തോൽപ്പിച്ചിരുന്നു. Read on deshabhimani.com