ദേശീയ ജൂനിയർ സ്‌കൂൾ മീറ്റ്‌ ; മിലന്‌ സ്വർണം, അഷ്‌മികയ്‌ക്ക്‌ വെങ്കലം

മിലൻ സാബു / അഷ്‌മിക


ലഖ്‌നൗ ദേശീയ ജൂനിയർ (അണ്ടർ 17) സ്‌കൂൾ അത്‌ലറ്റിക്‌സിന്റെ രണ്ടാംദിനം കേരളത്തിന്‌ മിലൻ സാബുവിലൂടെ സ്വർണം. ആൺകുട്ടികളുടെ പോൾവോൾട്ടിൽ മിലൻ പൊന്നണിഞ്ഞു. പെൺകുട്ടികളുടെ ഹൈജമ്പിൽ സി പി അഷ്‌മിക വെങ്കലം നേടി. പോൾവോൾട്ടിൽ 4.10 മീറ്റർ ചാടിയായിരുന്നു മിലന്റെ നേട്ടം. സംസ്ഥാന സ്‌കൂൾ കായികമേളയിൽ നാല്‌ മീറ്റർ ചാടിയാണ്‌ മിലൻ ഒന്നാമതെത്തിയത്‌. കോട്ടയം പാലാ സെന്റ്‌ തോമസ്‌ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ വൺ വിദ്യാർഥിയാണ്‌. 3.90 മീറ്റർ ചാടിയ മധ്യപ്രദേശിന്റെ പ്രിൻസ്‌ യാദവിനാണ്‌ വെള്ളി.  മറ്റൊരു മലയാളിതാരം അലൻ എൻ ബിനോയിക്ക്‌ മെഡൽ മേഖലയിൽ എത്താനായില്ല. പെൺകുട്ടികളുടെ ഹൈജമ്പിൽ 1.54 മീറ്ററിലാണ്‌ അഷ്‌മിക വെങ്കലം നേടിയത്‌. 1.65 മീറ്ററിൽ മഹാരാഷ്‌ട്രയുടെ അഞ്ചൽ പാട്ടീൽ സ്വർണം സ്വന്തമാക്കി. കേരളത്തിന്റെ മറ്റൊരു താരം കെ വി മിൻസാര പ്രസാദ്‌ ഏഴാമതായി. മഹാരാഷ്‌ട്രയുടെ ആദിത്യ പിസൽ (10.81 സെക്കൻഡ്‌) ആണ്‌ ആൺകുട്ടികളിലെ വേഗതാരം. കേരളത്തിന്റെ ജെ നിവേദ്‌ കൃഷ്‌ണ അയോഗ്യനായി. പെൺകുട്ടികളുടെ 100ൽ സായിയുടെ ശൗര്യ അംബുറെ 12.16 സെക്കൻഡിൽ ചാമ്പ്യനായി. പെൺകുട്ടികളുടെ പോൾവോൾട്ട്‌, മൂന്ന്‌ കിലോ മീറ്റർ നടത്തം എന്നീ ഇനങ്ങൾ രണ്ടാംദിനം നടന്നില്ല. രണ്ടും ഇന്ന്‌ നടക്കും. ഇതുൾപ്പെടെ ആറ്‌ ഫൈനലുകളിലാണ്‌ കേരളം ഇന്നിറങ്ങുക. ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസ്‌, പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസ്‌, ട്രിപ്പിൾ ജമ്പ്‌ ഇനങ്ങളിൽ കേരളത്തിന്‌ മെഡൽ പ്രതീക്ഷയുണ്ട്‌. മീറ്റ് മുപ്പതിന് സമാപിക്കും. Read on deshabhimani.com

Related News