ചാമ്പ്യൻസ് ലീഗ് ആദ്യറൗണ്ട് നറുക്കെടുപ്പ് ; ബാഴ്‌സയ്‌ക്ക് ബയേൺ, റയലിന് ലിവർപൂൾ, സിറ്റിക്ക് പിഎസ്‌ജി
മൊണാകോ അടിമുടി മാറിയ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പ്‌ഘട്ട നറുക്കെടുപ്പ് ആവേശകരം. ഈ സീസൺമുതൽ പുതിയ രീതിയിലാണ് ലീഗ്. 36 ടീമുകൾ അണിനിരക്കുന്നു. കഴിഞ്ഞ സീസൺവരെ 32 ആയിരുന്നു. ഒരു ടീമിന് എട്ട് മത്സരങ്ങളാണ് ഗ്രൂപ്പ്‌ഘട്ടത്തിൽ ലഭിക്കുക. എട്ട് വ്യത്യസ്‌ത ടീമുകളാണ് എതിരാളികൾ. ഇതിൽ നാല് എണ്ണം സ്വന്തം തട്ടകത്തിലും ശേഷിച്ച നാല് എതിർത്തട്ടകത്തിലും. മികച്ച എട്ട് ടീമുകൾ നേരിട്ട് പ്രീ ക്വാർട്ടറിലെത്തും. ഒമ്പതുമുതൽ 24 വരെയുള്ള ടീമുകൾക്ക് പ്രീ ക്വാർട്ടറിലെത്താൻ പ്ലേ ഓഫ് കളിക്കണം. മത്സരങ്ങളുടെ എണ്ണം 96ൽനിന്ന് 144 ആയി വർധിച്ചു. മാഞ്ചസ്‌റ്റർ സിറ്റിക്ക് ഇന്റർ മിലാൻ, പിഎസ്‌ജി, യുവന്റസ് ടീമുകളാണ് വെല്ലുവിളി. അഴ്‌സണലിന് പിഎസ്‌ജി, ഇന്റർ എന്നിവയാണ് പ്രധാന എതിരാളികൾ. ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് ലിവർപൂളും ബൊറൂസിയ ഡോർട്ട്മുണ്ടും. മറ്റു ടീമുകൾ അത്ര കരുത്തരല്ല. ലിവർപൂളിന് റയലിനൊപ്പം ബയേർ ലെവർകൂസനും വെല്ലുവിളിയാണ്. ബാഴ്‌സലോണയ്‌ക്ക് ബയേൺ മ്യൂണിക്ക്, ബൊറൂസിയ ഡോർട്ട്‌മുണ്ട് എന്നീ കരുത്തർ എതിരായെത്തും. സെപ്തംബർ 17നാണ് തുടക്കം. നറുക്കെടുപ്പിന് മുമ്പ് ലീഗിലെ മികച്ച ഗോൾവേട്ടക്കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദരിച്ചു. Read on deshabhimani.com