അൽകാരസ് വീണു ; സീഡില്ലാ താരത്തോട് തോൽവി
ന്യൂയോർക്ക് യുഎസ് ഓപ്പൺ ടെന്നീസിൽ വൻവീഴ്‌ച. മൂന്നാം സീഡുകാരനും ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനുമായ കാർലോസ് അൽകാരസ് രണ്ടാംറൗണ്ടിൽ മടങ്ങി. സീഡില്ലാ താരം ബോടിച് വാൻ ഡി സാൻഡ്‌ഷുൽപ്പാണ് മൂന്നുതവണ ഗ്രാൻഡ്‌സ്ലാം ജേതാവായ സ്‌പാനിഷുകാരനെ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഡച്ചുകാരന്റെ ജയം (6–-1, 7–-5, 6–-4). റോഡ് ലേവർക്കും റാഫേൽ നദാലിനുംശേഷം ഒരുകലണ്ടർ വർഷത്തിൽ ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ, യുഎസ് ഓപ്പൺ എന്നീ ഗ്രാൻഡ്‌സ്ലാം കിരീടങ്ങൾ സ്വന്തമാക്കി ചരിത്രം കുറിക്കാനുള്ള ഒരുക്കത്തിലായിരുന്നു അൽകാരസ്. എന്നാൽ, ലോക 74–-ാം റാങ്കുകാരനായ ബോടിച്ചിനെതിരെ തുടക്കംതന്നെ പാളി. ആദ്യസെറ്റിലെ തകർച്ചയിൽനിന്ന് തിരിച്ചുവരാനായില്ല. ഗ്രാൻഡ്‌സ്ലാമിലെ 15 തുടർജയങ്ങൾക്കുശേഷമാണ് പതനം. ഒളിമ്പിക്‌സിൽ വെള്ളി മെഡലുമായാണ് ഇരുപത്തൊന്നുകാരൻ യുഎസ് ഓപ്പണിൽ എത്തിയത്. ഫൈനലിൽ നൊവാക് ജൊകോവിച്ചിനോടായിരുന്നു തോൽവി. ഒന്നാം സീഡ് യാനിക് സിന്നർ അമേരിക്കയുടെ അലെക്‌സ് മിച്ചെൽസണെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് മൂന്നാംറൗണ്ടിലേക്ക് മുന്നേറി. ഈ വർഷം ഇറ്റലിക്കാരൻ നേടുന്ന 50–-ാം ജയമാണ്. ഡാനിൽ മെദ്‌വെദെവും മൂന്നാംറൗണ്ടിൽ കടന്നു. വനിതകളിൽ ജെസീക പെഗുല, ഇഗ ഷ്വാടെക്, ജാസ്‌മിൻ പൗളിനി എന്നിവർ രണ്ടാംറൗണ്ട് ജയിച്ചു. Read on deshabhimani.com