ഇരട്ടമോഹം കോവിഡിൽ പൊലിഞ്ഞു ; 200 മീറ്ററിൽ ലെെൽസിന് വെങ്കലം
പാരിസ് നൂറിന് പിന്നാലെ 200 മീറ്ററിലും ചാമ്പ്യനാകാനുള്ള നോഹ ലൈൽസിന്റെ മോഹം പൊലിഞ്ഞു. ഉസൈൻ ബോൾട്ടിനുശേഷം 100ലും 200ലും സ്വർണം നേടുന്ന ആദ്യ സ്‌പ്രിന്ററാകാൻ ട്രാക്കിലിറങ്ങിയ നോഹ (19.70 സെക്കൻഡ്) വെങ്കലത്തിൽ അവസാനിപ്പിച്ചു. ഓട്ടത്തിനുപിന്നാലെ കോവിഡ് ബാധിതനാണെന്ന് അമേരിക്കക്കാരൻ അറിയിച്ചു. റിലേയിൽ മത്സരിക്കില്ലെന്നും പാരിസ് ഒളിമ്പിക്‌സ് അവസാനിച്ചെന്നും ഇരുപത്തേഴുകാരൻ പറഞ്ഞു. മൂന്ന് വർഷത്തിനിടെ 200 മീറ്ററിൽ ആദ്യമായാണ് നോഹ തോൽക്കുന്നത്. ബോട്‌സ്വാനയുടെ ലെറ്റ്‌സിലെ ടെബോഗോയാണ് (19.46 സെക്കൻഡ്) സ്വർണം നേടിയത്. ആഫ്രിക്കൻ രാജ്യത്തിന്റെ ഒളിമ്പിക്‌സിലെ ആദ്യ സ്വർണമാണിത്. ഇതാദ്യമായാണ് ഒരു ആഫ്രിക്കൻ സ്‌പ്രിന്റർ 200 മീറ്ററിൽ ചാമ്പ്യനാകുന്നതും. കഴിഞ്ഞ ലോകചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ടെബോഗോ 2021ലാണ് അരങ്ങേറിയത്. ഇരുപത്തൊന്ന് വയസ്സാണ്. അമേരിക്കയുടെ കെന്നി ബെഡ്‌നരെക് (19.62 സെക്കൻഡ്) വെള്ളി സ്വന്തമാക്കി. Read on deshabhimani.com